ന്യൂഡൽഹി∙ കോവിഡ് വാക്സീൻ സർട്ടിഫിക്കറ്റുകളിൽനിന്നു പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രം നീക്കി കേന്ദ്ര സർക്കാർ. തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടവുമായി ബന്ധപ്പെട്ടാണു ചിത്രം നീക്കിയതെന്നാണു വിശദീകരണം. കോവിഷീൽഡ് വാക്സീന് പാർശ്വഫലങ്ങൾ ഉണ്ടാകുമെന്ന വിവാദത്തിനിടെയാണു കേന്ദ്ര സർക്കാരിന്റെ നടപടി. എക്സ് ഉൾപ്പെടെയുള്ള സമൂഹമാധ്യമങ്ങളിൽ വന്ന പോസ്റ്റുകളിലാണു വാക്സീൻ സർട്ടിഫിക്കറ്റിൽനിന്നു മോദി ‘അപ്രത്യക്ഷ’മായെന്ന വിവരം ആദ്യമെത്തിയത്.
രക്തം കട്ടപിടിക്കുന്നതടക്കമുള്ള അപൂര്‍വ്വ പാര്‍ശ്വഫലങ്ങള്‍ കോവിഷീല്‍ഡ് വാക്‌സിന്‍ കുത്തിവെച്ചവര്‍ക്കുണ്ടാകുമെന്ന് നിര്‍മാതാക്കള്‍ യുകെ കോടതിയില്‍ നല്‍കിയ റിപ്പോര്‍ട്ടിന് പിന്നാലെയാണ് പ്രധാനമന്ത്രിയുടെ ചിത്രം ഒഴിവാക്കിയ നടപടി ഉണ്ടായിരിക്കുന്നത്.
എന്നാല്‍, ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ പെരുമാറ്റച്ചട്ടത്തിന്റെ ഭാഗമായിട്ടാണ് കോവിഡ് സര്‍ട്ടിഫിക്കറ്റില്‍നിന്ന് പ്രധാനമന്ത്രിയുടെ ചിത്രം ഒഴിവാക്കിയതെന്ന് ആരോഗ്യ മന്ത്രാലയം ഉദ്യോഗസ്ഥര്‍ അറിയിച്ചതായി ദി പ്രിന്റ് റിപ്പോര്‍ട്ട് ചെയ്യുന്നു.
ഇതാദ്യമായിട്ടല്ല വാക്‌സിന്‍ സര്‍ട്ടിഫിക്കറ്റില്‍നിന്ന് പ്രധാനമന്ത്രിയുടെ ചിത്രം ഒഴിവാക്കുന്നത്. 2022-ല്‍ ഗോവയടക്കമുള്ള അഞ്ച് സംസ്ഥാനങ്ങളിലേക്ക് നടന്ന തിരഞ്ഞെടുപ്പിനിടെ തിരഞ്ഞെടുപ്പ് കമ്മിഷന്റെ നിര്‍ദേശപ്രകാരം ഇത്തരത്തില്‍ ആ സംസ്ഥാനങ്ങളിൽനല്‍കിയ സര്‍ട്ടിഫിക്കറ്റില്‍ നിന്ന് മോദിയുടെ ചിത്രം നീക്കം ചെയ്തിരുന്നു.