ബ്രസീലിന്റെ തനി നാടന്‍ വിഭവമാണ് ചെമ്മീന്‍ സൂപ്പ്. പലരാജ്യത്തുനിന്നും കുടിയേറിയവരുടെ വ്യത്യസ്ത വിഭവങ്ങള്‍ ബ്രസീലിന്റെ ഫുഡ് കള്‍ച്ചറിനെ സമ്പന്നമാക്കുന്നുവെന്നുവേണം പറയാന്‍. ഇന്ന് ബ്രസീൽ സ്റ്റൈൽ ചെമ്മീൻ സൂപ്പ് തയ്യറാകാം.
ആവശ്യമായ ചേരുവകൾ
- ചെമ്മീന്‍: മുക്കാല്‍ കിലോഗ്രാം
- ബാസ്മതി: മുക്കാല്‍ കപ്പ്
- തേങ്ങാപ്പാല്‍: 1കപ്പ്
- തക്കാളി( ചീവിയത്): ഒന്നേമുക്കാല്‍ കപ്പ്
- കാപ്സിക്കം(ചുവന്നത്): അരിഞ്ഞത് ഒന്ന്
- സവോള (അരിഞ്ഞത്): 1എണ്ണം
- വെളുത്തുള്ളി : മൂന്നെണ്ണം ചതച്ചത്
- ഗ്രാമ്പൂ -:3എണ്ണം ചതച്ചത്
- ഒലീവ് ഓയില്‍ :2ടേബിള്‍സ്പൂണ്‍
- നാരങ്ങാ നീര് : 1ടേബിള്‍ സ്പൂണ്‍
- കുരുമുളക് പൊടി : കാല് ടീസ്പൂണ്‍
- മല്ലിയില അരിഞ്ഞത്: അരക്കപ്പ്
- ഉപ്പ്: ആവശ്യത്തിന്
- വെള്ളം: 5 കപ്പ്
തയ്യാറാക്കുന്ന വിധം
അടികട്ടിയുള്ള പാത്രത്തില്‍ ഒലീവ് ഓയില്‍ ചൂടാക്കുക. ചെറുതീയിലായിരിക്കണം എണ്ണ ചൂടാക്കേണ്ടത്. ഇതിലേയ്ക്ക് അരിഞ്ഞുവെച്ച സവോളയിട്ട് വഴറ്റുക. ഇതിനൊപ്പം കുരുമുളക് പൊടി, കാപ്സിക്കം, വെളുത്തുള്ളി എന്നിവ ചേര്‍ത്ത് എഴ് മുതല്‍ എട്ടുവരെ മിനിറ്റ് വഴറ്റുക. ഇവ നന്നായി വെന്തുകഴിഞ്ഞ് ഇതിലേയ്ക്ക് അരി ചേര്‍ക്കുക, പിന്നാലെ ചീവിവച്ച തക്കാളി, ഉപ്പ് കുറച്ച് വെള്ളം എന്നിച ചേര്‍ത്ത് നന്നായി തിളപ്പിക്കുക. പത്തുമുതല്‍ പതിനഞ്ച് മിനിറ്റുവരെ എടുത്തുവേണം ഇത് തിളപ്പിക്കാന്‍.
അരിയും മറ്റും നന്നായി വെന്തുകഴിയുമ്പോള്‍ തേങ്ങാപ്പാല്‍ ഒഴിയ്ക്കുക. വീണ്ടും തിളയ്ക്കാന്‍ വിടുക. പിന്നീട് വൃത്തിയാക്കിവച്ച ചെമ്മീന്‍ ഇതില്‍ ചേര്ക്കു. ചെറിയ തീയില്‍ 5മുതല്‍ 6 മിനിറ്റുവരെ തിളപ്പിക്കുക. ചെമ്മീന്‍ പാകം വേവായിക്കഴിയുമ്പോള്‍ വീണ്ടും അല്പം കുരുമുളക് പൊടിയും മല്ലിയിലയും നാരങ്ങാനീരും ചേര്‍ക്കുക. ഇളം ചൂടോടെ വിളമ്പി ഉപയോഗിക്കുക.
ചെമ്മീന്‍ അധികം വെന്തുപോവാതിരിക്കാന് സൂക്ഷിക്കുക. ഒലീവ് ഓയിലിന്റെ രുചി ഇഷ്ടമില്ലെങ്കില്‍ സണ്‍ഫ്ലവര്‍ ഓയില്‍ അല്ലെങ്കില്‍ നമ്മുടെ സാക്ഷാല്‍ വെളിച്ചെണ്ണ ഉപോഗിച്ചും പാചകം ചെയ്യാം, പക്ഷേ തനത് ബ്രസീല്‍ രുചി കിട്ടണമെന്നില്ല.