സംസ്ഥാനത്ത് സ്വർണ വിലയിൽ വർധനവ്: ഇന്നത്തെ വിപണി നിരക്ക് അറിയാം

സംസ്ഥാനത്ത് ചാഞ്ചാട്ടം തുടർന്ന് സ്വർണ വില. ഇന്ന് ഗ്രാമിന് 70 രൂപയും പവന് 560 രൂപയും വർധിച്ചു. ഇതോടെ ഗ്രാമിന് 6,625 രൂപയിലും പവന് 53,000 രൂപയിലുമാണ് വ്യാഴാഴ്ച വ്യാപാരം പുരോഗമിക്കുന്നത്. ഗ്രാമിന് 100 രൂപയും പവന് 800 രൂപയും കുറഞ്ഞു ഗ്രാമിന് 6,555 രൂപയിലും പവന് 52,440 രൂപയിലുമാണ് ബുധനാഴ്ച വ്യാപാരം നടന്നത്.

രാജ്യാന്തര വിപണിയിലെ മാറ്റങ്ങൾക്ക് അനുസരിച്ചാണ് സംസ്ഥാന വിപണിയിലും വില നിശ്ചയിക്കുന്നത്. അതേസമയം സ്വർണത്തിന്റെ ക്രമാതീതമായ വില വർധനവ് മൂലം വിപണിയിൽ 18 കാരറ്റ് സ്വർണാഭരണങ്ങളുടെ ഡിമാൻഡ് വർധിക്കുന്നു. 22 കാരറ്റ് സ്വർണാഭരണങ്ങളും 18 കാരറ്റ് ആഭരണങ്ങളും തമ്മിൽ ഗ്രാമിന് ആയിരത്തിലധികം രൂപയുടെ വില വ്യത്യാസം ആണുള്ളത്. അതുകൊണ്ട് തന്നെ പുതിയ തലമുറയ്ക്ക് ഏറ്റവും പ്രിയപ്പെട്ടതായി മാറി കഴിഞ്ഞു ഈ സ്വർണം. ലൈറ്റ് വെയിറ്റ് ആഭരണങ്ങൾ നിർമിക്കപ്പെടുന്നത് 18 കാരറ്റിലാണ്. ഡയമണ്ട് ആഭരണങ്ങൾ നിർമിക്കുന്നതും 18 കാരറ്റിലാണ്. അക്ഷയ തൃതിയയ്ക്ക് ലൈറ്റ് വെയ്റ്റ് ആഭരങ്ങൾക്ക് ആവശ്യക്കാർ ഏറുമെന്ന് പ്രതീക്ഷിക്കുന്നതായി വ്യാപാരികൾ പറയുന്നു.