മേയര്‍ ഡ്രൈവര്‍ തര്‍ക്കത്തില്‍ സൈബര്‍ ആക്രമണം നടത്തുന്ന എല്ലാ മാന്യന്‍മാരോടും പറയാനുള്ളത്, ‘പണി വരുന്നണ്ടവറാച്ചാ’ എന്നാണ്. തെറ്റ് ചെയ്തത് ആരായാലും ശിക്ഷിക്കപ്പെടണം. അല്ലാതെ, മേയര്‍ ആര്യാരാജേന്ദ്രനെതിരേ സോഷ്യല്‍ മീഡിയയില്‍ അസഭ്യം പറഞ്ഞ് ആക്ഷേപിക്കുന്നതില്‍ ആനന്ദം കണ്ടെത്തുന്നത് രോഗലക്ഷണമാണ്. അതിനുള്ള മരുന്ന് സൈബര്‍ പോലീസ് തരുമെന്ന വിശ്വാസമുണ്ട്. പക്ഷെ, ഇവിടുത്തെ വിഷയം കേസിന്റെ മെറിറ്റാണ്. തെറ്റ് ചെയ്തത് ആരാണെന്നുള്ള അന്വേഷണത്തിന്റെ ഘട്ടങ്ങളിലാണ് പോലീസ്.
എന്നാല്‍, എവിടെയൊക്കെയോ പിശകുകള്‍ സംഭവിക്കുന്നുണ്ട്. അന്വേഷണ വഴികളില്‍ നഷ്ടപ്പെട്ട മെമ്മറി കാര്‍ഡാണ് ഒടുവില്‍ കിട്ടാനുള്ള തെളിവായി എല്ലാവരും പറയുന്നത്. ഇവിടെ വീഴ്ച സംഭവിച്ചത് ആര്‍ക്കാണ്. പോലീസിനും കെ.എസ്.ആര്‍.ടി.സി വിജിലന്‍സിനുമാണെന്ന് പ്രാഥമികമായി മനസ്സിലാകും. സംഭവം നടക്കുമ്പോള്‍ പാളയത്തേക്ക് മേയര്‍ വിളിച്ചെത്തിയ പോലീസ്, ഡ്രൈവര്‍ യദുവിനെ അറസ്റ്റു ചെയ്ത് പോലീസ് ജീപ്പിലാണ് കൊണ്ടു പോയത്. ബസ് പാളയത്ത് സി.സി ചെയ്ത് ഒതുക്കിയിടുകയും ചെയ്തു. പിന്നീട് രാത്രി ഒരു മണിയോടെ കെ.എസ്.ആര്‍.ടി.സി വിജിലന്‍സ് എത്തിയാണ് ബസ് കൊണ്ടുപോയത്.
ഇതിനിടയില്‍ ബസിനുള്ളിലെ സി.സി.ടി.വി ക്യാമറയില്‍ നിന്നും മെമ്മറി കാര്‍ഡ് നഷ്ടപ്പെടാന്‍ യാതൊരു സാദ്ധ്യതയുമില്ല. ബസിനുള്ളില്‍ സ്ഥാപിച്ചിട്ടുള്ള മെമ്മറികാര്‍ഡ് ഇളക്കി എടുക്കാന്‍ നല്ലൊരു മെക്കാനിക്കിന് വേണ്ടത് അരമണിക്കൂറാണ്.(ബസിനുള്ളില്‍ മെമ്മറി കാര്‍ഡ് സ്ഥാപിച്ചിരിക്കുന്ന സ്ഥലം വെളിപ്പെടുത്താനാകാത്തതു കൊണ്ടാണ് പറയാന്‍ കഴിയില്ല). എങ്കിലും ബസിന്റെ സുരക്ഷയ്ക്കായി ഉപയോഗിക്കുന്ന ക്യാമറയില്‍ സത്യം തെളിഞ്ഞിട്ടുണ്ടാകും എന്നതിനാല്‍ ആ മെമ്മറി കാര്‍ഡ് അന്വേഷണ ഉദ്യോഗസ്ഥരുടെ കയ്യില്‍ കിട്ടാന്‍ പാടില്ലെന്ന് ആരോ ആഗ്രഹിച്ചിട്ടുണ്ട്.
അതാരെന്നാണ് അറിയേണ്ടും കണ്ടു പിടിക്കേണ്ടതും. കെ.എസ്.ആര്‍.ടി.സി വിജിലന്‍സ്, പോലീസ് സിസി ചെയ്ത ബസ് റിലീസ് ചെയ്ത് തമ്പാനൂരിലെ ഗ്യാരേജിലേക്ക് കൊണ്ടു പോയപ്പോള്‍, ബസ് വിശദമായി പരിശോധിച്ചില്ല എന്ന് മനസ്സിലാക്കാന്‍ കഴിയുന്നുണ്ട്. കാരണം, പോലീസ് സി.സി ചെയ്ത വാഹനമാണ്. സര്‍വ്വീസ് നടത്തിക്കൊണ്ടിരുന്ന വാഹനത്തില്‍ നിന്നും ഒന്നും നഷ്ടപ്പെട്ടിട്ടില്ല എന്ന് പരിശോധിച്ചിട്ടേ, പോലീസിന്റെ കസ്റ്റഡിയില്‍ നിന്നും വാഹനം കൈപ്പറ്റേണ്ടിയിരുന്നുളളൂ എന്നാണ് ജീവനക്കാര്‍ പറയുന്നത്. ബസ് സി.സി ചെയ്ത് ഡ്രൈവറെ അറസ്റ്റു ചെയ്തപ്പോള്‍ ബസിനുളളില്‍ എന്തൊക്കെയുണ്ടെന്ന് പോലീസ് പരിശധിച്ചിട്ടില്ല.
സി.സി ചെയ്ത വാഹനം സംഭവ സഥലത്തു നിന്നും മാറ്റി ഇടുക മാത്രമാണ് ചെയ്തത്. ഈ ഭാഗത്ത് സി.സി.ടി.വി ക്യാമറയുമില്ല. ബസ് പോലീസ് സി.സി ചെയ്ത ശേഷം, കെ.എസ്.ആര്‍.ടി.സി വിജിലന്‍സ് എത്തി റിലീസ് ചെയ്തുകൊണ്ടു പോകുന്നതിനിടയിലെ സമയത്ത് ബസില്‍ നിന്നും മെമ്മറി കാര്‍ഡ് ഇളക്കിയെടുക്കാന്‍ യാതൊരു സാധ്യതയും ഇല്ല. ഈ സാഹചര്യത്തില്‍ കെ.എസ്.ആര്‍.ടി.സി ഗ്യാരേജില്‍ നിന്നുമായിരിക്കും മെമ്മറി കാര്‍ഡ് പോയതെന്നാണ് സംശയം. അങ്ങനെയെങ്കില്‍ ഗതാഗതമന്ത്രി ഗണേഷ് കുമാര്‍ അറിയാന്‍, കള്ളന്‍ കപ്പലില്‍ തന്നെയുണ്ട്. വലവിരിച്ചാലും, ചൂണ്ടയിട്ടാലും കള്ളനെ കിട്ടില്ലെന്നുറപ്പാണ്.
ബസ് പിന്നീട് തൃശ്ശൂര്‍-തിരുവനന്തപുരം റൂട്ടില്‍ ഓടുകയും ചെയ്തിട്ടുണ്ട്. നാല് സൂപ്പര്‍ ഫാസ്റ്റ് ബസുകള്‍ ടെസ്റ്റു കഴിഞ്ഞിറങ്ങിയതില്‍ ഒന്നാണ് ഇത്. നാല് ബസുകളിലും മാനദണ്ഡങ്ങള്‍ അനുസരിച്ചുള്ള എല്ലാ സംവിധാനങ്ങളും ഒരുക്കിയിട്ടുണ്ടെന്നാണ് കെ.എസ്.ആര്‍.ടി.സി ജീവനക്കാര്‍ പറയുന്നത്. ഈ ബസില്‍ മാത്രം സി.സി.ടി.വി ക്യാമറയുടെ മെമ്മറികാര്‍ഡിന് എന്തു പറ്റിയെന്നാണ് ആര്‍ക്കും മനസ്സിലാകാത്തത്. മെമ്മറി കാര്‍ഡ് കിട്ടിയാല്‍ സംഭവ സമയത്ത് വാഹനത്തിനും, പുറത്തു സംഭവിച്ച കാര്യങ്ങളും കൃത്യമായി മനസ്സിലാക്കാന്‍ കഴിയും. ഇത് മനസ്സിലാക്കിയ കൂര്‍മ്മ ബുദ്ധിക്കാരനാണ് മെമ്മറികാര്‍ഡ് ഇളക്കിയെടുത്തതിനു പിന്നില്‍.
നിലവില്‍ ഇടതു സംഘടനയില്‍പ്പെട്ട ജീവനക്കാരാകെ സംശത്തിന്റെ നിഴലിലാണ്. മെമ്മറി കാര്‍ഡിന്റെ ആവ്യക്കാര്‍ അവരാണല്ലോ എന്നതാണ് കാര്യം. ദിവസ വേതനക്കാരനായ യദുവിന് മെമ്മറികാര്‍ഡ് ഊരാനുള്ള സമയമോ, സാങ്കേതിക സംവിധാനമോ ഇല്ല എന്നത് ഉറപ്പാണ്. അപ്പോള്‍ മെമ്മറി കാര്‍ഡ് ഊരിയവന്‍ ആരാണോ, അവന്‍ തന്നെ തിരിച്ചു കൊടുക്കേണ്ടതാണെന്നു മാത്രമേ പറയാന്‍ കഴിയൂ. അതിപ്പോ, ഓരോ ആചാരങ്ങളാകുമ്പോള്‍ എങ്ങനാ പിള്ളേച്ചാ തിരിച്ചു കൊടുക്കുന്നതെന്നാകും ഊരിയെടുത്തവന്റെ ചിന്ത.