ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു, യുഎഇയില്‍ കനത്ത മഴ, ജാഗ്രതാ നിര്‍ദ്ദേശം

മഴയെത്തുടർന്ന് ദുബായിലും ഷാർജയിലും ഓൺലൈനായാണ് കുട്ടികൾക്ക് ക്ലാസ്സുകൾ നടക്കുന്നത്

അബുദാബി : യുഎഇയിൽ ശക്തമായ മഴ. രാത്രിയിൽ തുടങ്ങിയ മഴ പുലർച്ചെ വരെ നീണ്ടു. അബുദാബി, ദുബായ്, ഷാർജ, റാസ്അൽ ഖൈമ, ഉമ്മൽ ഖുവൈൻ എമിറേറ്റുകളിലാണ് മഴ കനക്കുന്നത്. വിവിധയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ കനത്ത മഴയാണ് പെയ്തത്. റാസ് അൽ ഖൈമയിൽ ആലിപ്പഴ വർഷമുണ്ടായി.

മഴയെത്തുടർന്ന് ദുബായിലും ഷാർജയിലും ഓൺലൈനായാണ് കുട്ടികൾക്ക് ക്ലാസ്സുകൾ നടക്കുന്നത്. സർക്കാർ ജീവനക്കാർക്ക് വർക്കം ഫ്രം ഹോമും നൽകിയിട്ടുണ്ട്. എന്നാൽ നേരിട്ട് ജോലി ചെയ്യുന്ന സർക്കാർ ജീവനക്കാരെ വിദൂര ജോലിയിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. സ്വകാര്യ ജീവനക്കാർക്ക് വീട്ടിലിരുന്ന് ജോലി ചെയ്യാനും ജോലി സമയത്തിൽ ഇളവ് നൽകാനും ആഭ്യന്തരമന്ത്രാലയം നിർദേശിച്ചു.

ദുബായ് മെട്രോ പ്രവ‍ർത്തനസമയം അഞ്ച് മണിക്കൂർ നീട്ടി പുല‍ർച്ചെ അഞ്ച് വരെയാക്കി. വിമാനയാത്രക്കാരുടെ സൗകര്യം കണക്കിലെടുത്താണ് ഇത്. ഷാർജയിൽ പാർക്കുകളും അടച്ചിട്ടിരിക്കുകയാണ്. ജനങ്ങൾ ജാ​ഗ്രത പാലിക്കണമെന്നും അത്യാവശ്യത്തിനല്ലാതെ പുറത്തിറങ്ങരുതെന്നും ദുബായ് പൊലീസ് മുന്നറിയിപ്പ് നൽകി.

ബീച്ച്, വാദി, മിന്നൽ പ്രളയത്തിന് സാധ്യതയുള്ള പ്രദേശങ്ങൾ എന്നിവിടങ്ങളിൽ നിന്ന് വിട്ടുനിൽക്കണമെന്നും നിർദേശമുണ്ട്. മഴ തുടരുമെന്നും എന്നാൽ പൊതുജനങ്ങൾ ആശങ്ക പെടേണ്ട സാഹചര്യമില്ലെന്നും ദേശിയ കാലാവസ്ഥാ നിരീക്ഷണകേന്ദ്രം വ്യക്തമാക്കി.