വെറൈറ്റി ആഗ്രഹിക്കുന്നവർക്ക് ഈ മുരിങ്ങാച്ചമ്മന്തി ട്രൈ ചെയ്യാം

ചമ്മന്തി കഴിച്ചിട്ടില്ല? പലതരം ചമ്മന്തികൾ കഴിച്ചിട്ടുണ്ടാകും, എന്നാൽ മുരിങ്ങ ചമ്മന്തി ആദ്യമായാവും കേൾക്കുന്നത് അല്ലെ? എന്നും ഉണ്ടാക്കുന്ന വിഭവങ്ങളിൽ നിന്നും അല്പം വ്യത്യസ്തമായി എന്തെങ്കിലും പരീക്ഷിച്ചാലോ എന്ന് ചിന്തിക്കുന്നവർക്ക് ഇത് ട്രൈ ചെയ്യാം.

ആവശ്യമായ ചേരുവകൾ

  • മുരിങ്ങയില- രണ്ടു കപ്പ്‌
  • തേങ്ങ- ഒന്ന്‌ (ചിരകിയത്‌)
  • ചുവന്നുള്ളി – 10 അല്ലി
  • വറ്റല്‍ മുകള്‌- നാലെണ്ണം
  • വെളിച്ചെണ്ണ- മുരിങ്ങയില വഴറ്റാന്‍ ആവശ്യമുള്ളത്രയും
  • ഉപ്പ്‌- ആവശ്യത്തിന്‌
  • കറിവേപ്പില- ഒരു കതിര്‍

തയ്യാറാക്കുന്ന വിധം

മുരിങ്ങയില നന്നായി കഴുകി വെളിച്ചെണ്ണയില്‍ നന്നായി വഴറ്റി മാറ്റിവയ്‌ക്കുക. വറ്റല്‍ മുളക്‌ കനലില്‍ ചുട്ടെടുക്കുക. ഇതും തേങ്ങ, ചുവന്നുള്ളി, കറിവേപ്പില എന്നിവ ഉപ്പു ചേര്‍ത്ത്‌ അരയ്‌ക്കുക. അരച്ചുകഴിഞ്ഞ്‌ അവസാനം വഴറ്റിവച്ച മുരിങ്ങയിലയും ഇതിനൊപ്പം അരച്ചെടുക്കുക. ഇവരണ്ടും കൂടി നന്നായി ചേര്‍ത്തശേഷം ചോറ്, കഞ്ഞി എന്നിവയ്ക്കൊപ്പം ഉപയോഗിക്കുക.

വറ്റല്‍ മുകള്‌ കനലില്‍ ചുട്ടെടുക്കാന്‍ പറ്റില്ലെങ്കില്‍ വെളിച്ചെണ്ണയില്‍ ചെറുതായി വറത്തെടുത്താലും മതി. കഞ്ഞി, ചോറ്‌ എന്നിവയ്‌ക്കൊപ്പം കഴിയ്‌ക്കാന്‍ ഏറെ രുചികരമായ ഒന്നാണ്‌ മുരിങ്ങയിലച്ചമ്മന്തി. ചമ്മന്തി അമ്മിയില്‍ അരച്ചെടുക്കുന്നതാണ്‌ രുചി. മിക്‌സിയാണ്‌ ഉപയോഗിക്കുന്നതെങ്കില്‍ തേങ്ങ നന്നായി അരഞ്ഞുകഴിഞ്ഞ്‌ മുരിങ്ങയില അവസാനം ചേര്‍ത്ത്‌ ഒറ്റത്തവണമാത്രം അടിച്ചെടുക്കുക

അവരവരുടെ രുചിയ്‌ക്കനുസരിച്ച്‌ വിവിധയിനം ചീരകള്‍ ചേര്‍ത്ത്‌ ഇത്തരത്തില്‍ വ്യത്യസ്‌ത രുചിയുള്ള ചമ്മന്തികള്‍ ഉണ്ടാക്കാം. രുചി മാറ്റിനോക്കണമെങ്കില്‍ ചുവന്നുള്ളിയ്‌ക്കൊപ്പം രണ്ട്‌ അല്ലി വെളുത്തുള്ളി ഉപയോഗിക്കുകയുമാകാം. കൂടാതെ തേങ്ങ ചിരവുന്നതിന്‌ പകരം പൂളുകളാക്കി കനലില്‍ ചുട്ടെടുത്തും ഇങ്ങനെ ചമ്മന്തി തയ്യാറാക്കാം.