വടകര: ടയർ മാറ്റാൻ നിർത്തിയിട്ട കാറിൽ ലോറിയിടിച്ച് രണ്ട് വയസുകാരന് ദാരുണാന്ത്യം. വടകര ചോറോട് സ്വദേശി മുഹമ്മദ് റഹീസാണ് മരിച്ചത്. അപകടത്തിൽ എട്ട് പേർക്ക് സാരമായി പരിക്കേറ്റു. അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.
ഷെഫീർ (45), സെയ്ഫ് (14), പാത്തിമ (17), ജുനൈദ് (37), സുഹറ (55), ഗോപി (55) എന്നിവർക്കാണ് പരിക്കേറ്റത്. ഇവർ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലും കോഴിക്കോട് മെഡിക്കൽ കോളേജിലുമായി ചികിത്സയിലാണ്.
ടയർ പഞ്ചറായതിനെത്തുടർന്ന് പാലക്കുളത്ത് റോഡ് സൈഡിൽ കാർ നിർത്തിയിട്ട്, ടയർ മാറ്റുകയായിരുന്നു. ചൂട് കൊണ്ട് യാത്രക്കാർ കാറിന് പുറത്തുനിൽക്കുകയായിരുന്നുവെന്നാണ് വിവരം. ഇതിനിടയിൽ ലോറി ആദ്യം കാറിന് പിന്നിലുണ്ടായിരുന്ന മിനി ലോറിയിൽ ഇടിച്ചു. പിന്നാലെ കാറും ഇടിച്ചുതെറിപ്പിച്ചു. രണ്ട് പേർ കാറിനടിയിൽപ്പെട്ടു. ഇവരെ ഫയർഫോഴ്സെത്തിയാണ് പുറത്തെടുത്തത്.