അബുദബി: യുഎഇയിൽ കനത്ത മഴയും കാറ്റും ശക്തമായ ഇടിമിന്നലും അനുഭവപ്പെട്ടു. അബുദബി, ദുബായ്, ഷാർജ, അജ്മാൻ, ഉമ്മുൽ ഖുവൈൻ എന്നിവിടങ്ങളിലാണ് മഴ കനക്കുന്നത്. ഇന്ന് പുലർച്ചെ രണ്ട് മണിയോടെയാണ് വിവിധ മേഖലകളിൽ മഴ അനുഭവപ്പെട്ടത്. ഇതുവരെ നാഷനഷ്ടങ്ങൾ രേഖപ്പെടുത്തിയിട്ടില്ല. ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ സുരക്ഷാ മുൻ കരുതലുകൾ പാലിക്കണമെന്ന് ദേശീയ കാലാവസ്ഥ കേന്ദ്രം അറിയിച്ചു.
കാലാവസ്ഥാ മുന്നറിയിപ്പിനെ തുടർന്ന് ഇന്നും നാളെയും വിദ്യാലയങ്ങൾ ഓൺലൈൻ പഠനത്തിലേക്ക് മാറി. സർക്കാർ-സ്വകാര്യ മേഖലയിലെ ജീവനക്കാർ വീട്ടിലിരുന്ന് ജോലി ചെയ്യാനും നിർദേശിച്ചിരുന്നു. കഴിഞ്ഞ ദിവസം അർദ്ധരാത്രി മുതൽ അബുദബിയിലെ അൽദഫ്റ, മേഖലയിൽ മഴ തുടരുകയാണ്. ദിവസങ്ങൾ മുൻപുണ്ടായ മഴയിൽ ഗതാഗത തടസം നേരിട്ടിരുന്നു. വ്യോമഗതാഗതം താറുമാറായത് യാത്രക്കാർക്ക് തിരിച്ചടിയായിരുന്നു.
രാജ്യത്ത് വ്യത്യസ്ത പ്രദേശങ്ങളിലായി മിതമായതോ കനത്തതോ ആയ മഴ തുടര്‍ ദിവസങ്ങളിലും ഉണ്ടാവുമെന്നും അധികൃതര്‍ അറിയിച്ചു. ഇടയ്ക്കിടെ ശക്തമായ കാറ്റിനും ഇടിമിന്നലിനും ആലിപ്പഴ വര്‍ഷത്തിനും സാധ്യതയുണ്ടെന്നും അധികൃതര്‍ അറിയിച്ചിരുന്നു. കാലാവസ്ഥാ കേന്ദ്രത്തിന്റെ മഴ മുന്നറിയിപ്പുകളെ തുടര്‍ന്ന് നാഷനല്‍ എമര്‍ജന്‍സി ക്രൈസിസ് ആന്‍ഡ് ഡിസാസ്റ്റര്‍ മാനേജ്മെന്റ് അതോറിറ്റി അതിനെ നേരിടുന്നതിനുള്ള തയ്യാറെടുപ്പുകള്‍ നേരത്തേ തന്നെ നടത്തിയിരുന്നു.