‘ഞാൻ നയൻന്റീസ് കിഡ് സിങ്കിൾ: ഡോണ്ട് വെറി ഗേൾസ്’: വിവാഹവാർത്തയിൽ പ്രതികരണവുമായി ജയ്

യുവനടി പ്രഗ്യ നാഗ്രയെ രഹസ്യവിവാഹം കഴിച്ചുവെന്ന വാർത്തയിൽ പ്രതികരണവുമായി നടൻ ജയ്. നയന്റീസ് കിഡ് ആയ സിംഗിൾ ബോയ് ആണ് താനെന്നും പെൺകുട്ടികൾ നിരാശപ്പെടേണ്ട കാര്യമില്ലെന്നും നടൻ ഇൻസ്റ്റാഗ്രാം സ്റ്റോറിയായി കുറിച്ചു. നടി പ്രഗ്യയും വ്യാജ വിവാഹവാർത്തയിൽ പ്രതികരണവുമായി എത്തി. താനിപ്പോഴും വിവാഹിതയല്ലെന്നായിരുന്നു പ്രഗ്യയുടെ കമ്മന്റ്.

ജയ് യുവനടിയെ വിവാഹം ചെയ്തു എന്ന തരത്തിലുള്ള വാർത്തകൾ ഫോട്ടോ സഹിതമാണ് സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിച്ചത്.‘‘ദൈവത്തിന്റെ അനുഗ്രഹത്തോടെ പുതിയ ജീവിതം ആരംഭിച്ചു,’’എന്ന അടിക്കുറിപ്പോടെ ജയ്‍യും നടി പ്രഗ്യ നാഗ്രയും പങ്കുവച്ച ഇന്‍സ്റ്റഗ്രാം സ്റ്റോറിയായിരുന്നു വാര്‍ത്തകള്‍ക്ക് ആധാരം.

പ്രഗ്യ പരമ്പരാഗത തമിഴ് രീതിയിലുള്ള താലി അണിഞ്ഞാണ് ജയ്‌യ്ക്കൊപ്പം ഇരിക്കുന്നത്. വിവാഹത്തിന് ശേഷം ഇരുവരും ഹണിമൂണിന് പോകാൻ തയാറെടുക്കുകയാണെന്നു തോന്നിപ്പിക്കുന്ന ഫോട്ടോ നിമിഷ നേരങ്ങള്‍ കൊണ്ടു വൈറലാവുകയും ചെയ്തു.

വൈറലായ ‘വിവാഹ ചിത്രം’ ഒരു ഷൂട്ടിങ് ലൊക്കേഷനിൽ നിന്നുള്ളതാണ്. സൂക്ഷിച്ചു നോക്കിയാല്‍ ഇരുവര്‍ക്കും പിന്നില്‍ ക്യാമറയൊക്കെ സജ്ജീകരിച്ചിരിയ്ക്കുന്നത് വ്യക്തമായി കാണാന്‍ സാധിക്കും. ‘ബേബി ആന്‍ഡ് ബേബി’ എന്ന സിനിമയില്‍ ഒരുമിച്ച് അഭിനയിച്ചുകൊണ്ടിരിക്കുകയാണിപ്പോള്‍ ജയ്‌യും പ്രഗ്യയും. സത്യരാജ്, യോഗി ബാബു തുടങ്ങിയവർ കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന ചിത്രത്തിന്റെ ആദ്യ ഷെഡ്യൂള്‍ പൂര്‍ത്തിയായി. സിനിമയുടെ പ്രമോഷനുവേണ്ടി നടത്തിയ ഒരു നാടകം കൂടിയായിരുന്നു ഈ ഫോട്ടോയും തുടർന്നുള്ള ഇൻസ്റ്റഗ്രാം സ്റ്റോറിയും.

‘വരലാറ് മുഖ്യം’ എന്ന തമിഴ് സിനിമയിലൂടെ അഭിനയത്തിൽ അരങ്ങേറ്റം കുറിച്ച നടിയാണ് പ്രഗ്യ നാഗ്ര. മോഡലിങിലൂടെ കരിയര്‍ ആരഭിച്ച പ്രഗ്യ, ധ്യാന്‍ ശ്രീനിവാസന്റെ നായികയായി മലയാളത്തിലും എത്തി. 2023 ല്‍ പുറത്തിറങ്ങിയ നദികളില്‍ സുന്ദരി യമുന എന്ന ചിത്രത്തില്‍ യമുന എന്ന കഥാപാത്രത്തെ അവതരിപ്പിച്ചത് പ്രഗ്യയാണ്.