ആറ് വയസുകാരന്റെ മരണത്തിൽ പിതാവ് അറസ്റ്റിലായ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. അമിത വ്യായാമം ആണ് കുഞ്ഞിന്റെ ജീവനെടുത്തത്. ന്യൂജേഴ്‌സിയിലാണ് പിതാവ് തന്റെ ആറ് വയസുള്ള മകനെ നിര്‍ബന്ധിച്ച് ട്രെഡ്മില്ലില്‍ വ്യായാമം ചെയ്യിച്ചത്. മകന് അമിത വണ്ണമുണ്ടെന്ന് കാണിച്ച് ട്രെഡ്മില്‍ ഉപയോഗിച്ചതിന് ദിവസങ്ങള്‍ക്ക് ശേഷമായിരുന്നു മരണം സംഭവിച്ചത്.
2021ലാണ് കുട്ടി മരണപ്പെട്ടത്. മരണകാരണം സംബന്ധിച്ച കേസ് കോടതിയുടെ പരിഗണനയില്‍ ഇരിക്കെയാണ് പുതിയ വെളിപ്പെടുത്തലുകള്‍ പുറത്തുവരുന്നത്. 31കാരനായ പ്രതി ക്രിസ്റ്റഫര്‍ ഗ്രിഗര്‍ ആണ് തന്റെ മകന്‍ മിക്കിയോലോയെ നിര്‍ബന്ധിച്ച് ട്രെഡ്മില്ലില്‍ വ്യായാമം ചെയ്യിച്ചത്. കുട്ടി ട്രെഡ്മില്ലിൽ ഓടുന്നതിനിടെ പലതവണ താഴെ വീഴുന്നതും പിതാവ് വീണ്ടും ട്രെഡ്മില്ലിൽ ഓടാൻ കുട്ടിയെ നിർബന്ധിക്കുന്നതും കാണാം. പ്രതി പല തവണയായി ട്രെഡ്മില്ലിന്റെ വേഗതയും കൂട്ടുന്നുണ്ട്. കോറിക്ക് തടി കൂടുതലാണെന്ന് പറഞ്ഞാണ് ക്രിസ്റ്റഫർ ഇത്തരത്തിൽ ചെയ്തതെന്നാണ് റിപ്പോർട്ട്.
മരിക്കുന്നതിന് ദിവസങ്ങൾക്ക് മുൻപ് കുട്ടിയ്ക്ക് പരിക്കുകൾ സംഭവിച്ചിരുന്നതായി മാതാവ് യുഎസ് സൺ ചാനലിനോട് പറഞ്ഞിരുന്നു. ഡോക്ടറുടെ അടുത്ത് കാണിച്ചപ്പോൾ പിതാവ് തന്നെ ട്രെഡ്മില്ലിൽ ഓടാൻ നിർബന്ധിച്ച വിവരം കോറി വെളിപ്പെടുത്തി. ഡോക്ടറെ കാണിച്ചതിന്റെ അടുത്ത ദിവസം കുട്ടിയ്ക്ക് ശ്വാസതടസ്സവും ഓക്കാനവും അനുഭവപ്പെട്ടു. എന്നാൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല.