സ്ത്രീകള്‍ക്കെതിരെ ലൈംഗികാതിക്രമം നടത്തി ദൃശ്യങ്ങള്‍ പകര്‍ത്തി വിവാദത്തില്‍പ്പെട്ട ഹാസനിലെ ജെഡിഎസ്-ബിജെപി സ്ഥാനാര്‍ത്ഥിയും മുന്‍ പ്രധാനമന്ത്രി ദേവഗൗഡയുടെ ചെറുമകനുമായ പ്രജ്വല്‍ രേവണ്ണയ്ക്കെതിരെ ലുക്കൗട്ട് നോട്ടീസ്. കര്‍ണ്ണാടക മുഖ്യമന്ത്രി സിദ്ധരാമ്മയുടെ നിര്‍ദ്ദേശപ്രകാരം ആഭ്യന്തരമന്ത്രി ജി. പരമേശ്വരയാണ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ച കാര്യം സ്ഥിതീകരിച്ചത്. കേസില്‍ പ്രത്യേക അന്വേഷണ സംഘം അയച്ച സമന്‍സ് മടങ്ങിയ സാഹചര്യത്തിലാണ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചത്. ലോകത്തെ എല്ലാ വിമാനത്താവളങ്ങളിലും തുറമുഖങ്ങളിലും ലുക്കൗട്ട് നോട്ടീസ് അയച്ചിട്ടുണ്ട്. പ്രജ്വലിന്റെ നയതന്ത്ര പാസ്പോര്‍ട്ട് എത്രയും വേഗത്തില്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി സിദ്ധരാമയ്യ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കത്തയച്ചു.
അതേസമയം പ്രജ്വല്‍ രേവണ്ണ ജര്‍മ്മനിയിലുണ്ടെന്നാണ് പുറത്തു വരുന്ന റിപ്പോര്‍ട്ടുകള്‍. തനിക്ക് ഹാജരാകാന്‍ ഒരാഴ്ചത്തെ സാവകാശം വേണമെന്ന് പ്രജ്വല്‍ ആവശ്യപ്പെട്ടെന്നും, ഏഴു ദിവസം പോയിട്ട് 24 മണിക്കൂര്‍ പോലും സമയം നല്കാന് സാധിക്കില്ലെന്ന് ആഭ്യന്തരമന്ത്രി ജി. പരമേശ്വര പറഞ്ഞു. പ്രജ്വലിനെതിരെ കൂടുതല്‍ തെളിവുകള്‍ പുറത്തുവരുന്നുണ്ടെന്നും പരാതികളുമായി മറ്റൊരു സ്ത്രീക്കൂടി മുന്നോട്ട് വന്നതായും മന്ത്രി പറഞ്ഞു.
മുന്‍ പ്രധാനമന്ത്രി എച്ച് ഡി ദേവഗൗഡയുടെ മകന് എച്ച്.ഡി. രേവണ്ണയുടെ മകനാണ് 33 കാരാനായ പ്രജ്വല്‍. ഇയാളുടെ ലൈംഗിക വീഡിയോകള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതോടെയാണ് സംഭവം വിവാദമായത്. തനിക്ക് ലഭിച്ച പെന്‍ഡ്രൈവില്‍ പ്രജ്വല്‍ രേവണ്ണ സ്ത്രീകളെ ലൈംഗികമായി ഉപദ്രവിക്കുന്ന 2976 വീഡിയോകളുണ്ടെന്ന് ബിജെപി നേതാവ് ദേവരാജ ഗൗഡ വ്യക്തമാക്കിയിരുന്നു. സര്‍ക്കാര്‍ ഉദ്യോഗസ്ഥരായ സ്ത്രീകള്‍ അടക്കമുള്ളവരുമായി പ്രജ്വല്‍ രേവണ്ണ ലൈംഗികവേഴ്ചയില്‍ ഏര്‍പ്പെടുന്ന ദൃശ്യങ്ങളും ഇതിലുള്‍പ്പെട്ടിരുന്നു.
എപ്രില്‍ 28ന് ഹോളനര്‍സിപൂര്‍ ടൗണ്‍ പൊലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത പീഡനക്കേസില്‍ പ്രജ്വലും പിതാവ് എച്ച് ഡി രേവണ്ണയും പ്രതികളാണ്. വീട്ടുജോലിക്കാരിയായ 47 കാരിയെ പീഡിപ്പിച്ചെന്നാണ് കേസ്. 2019 ലാണ് അവര്‍ ഇവിടെ ജോലിക്കെത്തിയത്. നാലുമാസത്തിനുശേഷം എച്ച്.ഡി.രേവണ്ണയുടെ ഭാര്യ വീട്ടിലില്ലാത്ത സമയങ്ങളിലെല്ലാം താന്‍ ഉള്‍പ്പെടെയുള്ള സ്ത്രീകളെ പല ആവശ്യങ്ങള്‍ പറഞ്ഞ് സ്റ്റോര്‍ റൂമിലേക്ക് വിളിക്കുകയും ലൈംഗികമായി ഉപദ്രവിക്കുകയും ചെയ്യുമായിരുന്നു. ഭീഷണി കാരണമാണ് എല്ലാം സഹിച്ചുപോന്നതെന്നും അവര്‍ പരാതിയില്‍ പറയുന്നു.
ലൈംഗിക വിവാദത്തെത്തുടര്‍ന്ന് പ്രജ്വലിനെ ജെഡിഎസില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തിരുന്നു. ലൈംഗികാതിക്രം, ഭീഷണിപ്പെടുത്തല്‍, സ്ത്രീത്വത്തെ അപമാനിക്കല്‍ തുടങ്ങിയ കുറ്റങ്ങള്‍ ഉള്‍പ്പെടുത്തിയാണ് കേസ് റജിസ്റ്റര്‍ ചെയ്തത്.
കര്‍ണാടകയിലെ ഹസനില്‍ നിന്നുള്ള ജെഡിഎസ് എംപിയാണ് അവിവാഹിതനായ പ്രജ്വല്‍ രേവണ്ണ. ഈ ലോക്സഭാ തിരഞ്ഞെടുപ്പില്‍ ഇതേ മണ്ഡലത്തിലെ ബിജെപി-ജെഡിഎസ് സഖ്യസ്ഥാനാര്‍ഥി. മുന്‍ പ്രധാനമന്ത്രി എച്ച്.ഡി.ദേവഗൗഡയുടെ മൂത്തമകനും മുന്‍ മന്ത്രിയുമായ എച്ച്.ഡി.രേവണ്ണയുടെ രണ്ടു മക്കളില്‍ മൂത്തയാള്‍. മുന്‍ മുഖ്യമന്ത്രി എച്ച്.ഡി.കുമാരസ്വാമിയുടെ സഹോദരപുത്രന്. 2014ല്‍ ബാംഗ്ലൂര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയില്‍ നിന്ന് മെക്കാനിക്കല്‍ എന്‍ജിനീയറിങ്ങില്‍ ബിരുദം നേടിയ ശേഷമാണ് പ്രജ്വല്‍ രാഷ്ട്രീയത്തില്‍ സജീവമാകുന്നത്. 2019 മേയില്‍ ഹസനില്‍ നിന്നും ലോക്സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. 2019 നവംബറില്‍ ജനതാദള്‍ സെക്കുലര്‍ സംസ്ഥാന ജനറല്‍ സെക്രട്ടറിയായി നിയമിതനായി.
ഹസനിലെ തിരഞ്ഞെടുപ്പ് പ്രചാരണം തുടങ്ങിയതിന് പിന്നാലെ പ്രജ്വല്‍ രേവണ്ണ ഒട്ടേറെ സ്ത്രീകളെ ലൈംഗികമായി ഉപദ്രവിക്കുന്നതിന്റെയും പല സ്ത്രീകളുമായി ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടുന്നതിന്റെയും നൂറുകണക്കിന് വിഡിയോകള്‍ വ്യാപകമായി പ്രചരിച്ചു തുടങ്ങിയത്. മിക്ക വിഡിയോകളും പ്രജ്വല്‍ തന്നെ സ്വന്തം മൊബൈല്‍ ഫോണില്‍ പകര്‍ത്തി പിന്നീട് ലാപ്ടോപ്പിലേക്ക് മാറ്റി സൂക്ഷിച്ചിരുന്നതാണ്. പ്രജ്വലിന്റെ വീട്ടിലും ഓഫിസിലുമാണ് എല്ലാ വിഡിയോകളും റെക്കോര്‍ഡ് ചെയ്തിരിക്കുന്നത്. കര്‍ണാടക പൊലീസ് പിടിച്ചെടുത്ത ഒരു പെന്‍ഡ്രൈവില്‍ മാത്രം 2976 വിഡിയോകള്‍ ഉണ്ടായിരുന്നു. ബെംഗളൂരുവിലെയും ഹസനിലെയും വീടുകളിലെ സ്റ്റോര്‍ റൂമുകളിലാണ് കൂടുതല്‍ വിഡിയോകളും റെക്കോര്‍ഡ് ചെയ്തതെന്ന് പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തി. പെന്‍ഡ്രൈവുകള്‍ പൊലീസ് ഫൊറന്‍സിക് പരിശോധനയ്ക്ക് അയച്ചിരിക്കുകയാണ്.
വിഡിയോകള്‍ പ്രചരിച്ചതിന് പിന്നാലെ പ്രജ്വല്‍ രേവണ്ണയുടെ ഇലക്ഷന് ഏജന്റ് പൂര്‍ണചന്ദ്ര തേജസ്വി, നവീന്‍ ഗൗഡ എന്നയാള്‍ക്കും മറ്റുചിലര്‍ക്കുമെതിരെ പൊലീസില്‍ പരാതി നല്‍കിയിരുന്നു. ലൈംഗികവിഡിയോകള് ഉള്‍പ്പെട്ട പെന്‍ഡ്രൈവുകളും സിഡികളും വാട്സാപ് മെസേജുകളും പ്രചരിപ്പിച്ച് പ്രജ്വലിന്റെ അപകീര്‍ത്തിപ്പെടുത്താനും വോട്ടര്‍മാരെ തെറ്റിദ്ധരിപ്പിക്കാനും ശ്രമിക്കുന്നുവെന്നായിരുന്നു തേജസ്വിയുടെ പരാതി. കഴിഞ്ഞ വര്‍ഷം ആദ്യം മാധ്യമങ്ങളില്‍ മോര്‍ഫ് ചെയ്ത വിഡിയോകള്‍ പ്രചരിക്കുന്നുവെന്നും ഇത് തടയണമെന്നും ആരോപിച്ച് പ്രജ്വല്‍ രേവണ്ണ ബെംഗളൂരു സിവില്‍ കോടതിയെ സമീപിച്ചിരുന്നു. 86 മാധ്യമസ്ഥാപനങ്ങള്‍ക്കും മൂന്ന് വ്യക്തികള്‍ക്കുമെതിരെയായിരുന്നു പരാതി. 2023 ജൂണ്‍ രണ്ടിന് കോടതി ഈ വിഡിയോകള്‍ സംപ്രേഷണം ചെയ്യുന്നതും പ്രചരിപ്പിക്കുന്നതും വിലക്കി ഉത്തരവിറക്കുകയും ചെയ്തു.
എന്നാല്‍ മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ ഓഫിസ് നേരിട്ട് ഇടപെട്ട് എസ്ഐടി രൂപീകരിച്ചതോടെ പ്രജ്വല്‍ വിദേശത്തേക്ക് കടക്കുകയായിരുന്നു. ഇക്കഴിഞ്ഞ ശനിയാഴ്ച രാവിലെയാണ് ബെംഗളൂരു വിമാനത്താവളത്തില്‍ നിന്ന് ഫ്രാങ്ക്ഫര്‍ട്ടിലേക്ക് പോയത്. ആദ്യം ആരോപണങ്ങള്‍ നിഷേധിച്ചിരുന്ന ഗൗഡ കുടുംബം ഇപ്പോള്‍ എസ്ഐടി അന്വേഷണം കഴിയട്ടെ എന്ന നിലപാടിലാണ്.
അതേസമയം പ്രജ്വല്‍ രേവണ്ണയ്ക്കെതിരായ ലൈംഗികാരോപണത്തില്‍ ബി.ജെ.പിയ്ക്കും നരേന്ദ്ര മോദിക്കുമെതിരെ രൂക്ഷ വിമര്‍ശനവുമായി കോണ്‍ നേതാവ് രാഹുല്‍ ഗാന്ധിയും രംഗത്തെത്തി. സ്ത്രീകളെ കൂട്ടബലാല്‍സംഗം ചെയ്ത വ്യക്തിക്കുവേണ്ടിയാണ് നരേന്ദ്രമോദി വോട്ട് ചോദിക്കുന്നതെന്ന് രാഹൂല്‍ ഗാന്ധി വ്യക്തമാക്കി. പ്രജ്വല്‍ രേവണ്ണയെ പിന്തുണച്ചതിന് നരേന്ദ്രമോദി മാപ്പ് പറയണമെന്നും രാഹുല്‍ ഗാന്ധി വ്യക്തമാക്കി.