തിരുവനന്തപുരം: ലോക്സഭ തെരഞ്ഞെടുപ്പിൽ സംസ്ഥാനത്ത് മൂന്ന് സീറ്റുകളിൽ ജയിക്കുമെന്ന് സിപിഐ എക്സിക്യൂട്ടീവ് വിലയിരുത്തൽ. തൃശ്ശൂരും മാവേലിക്കരയിലും ജയം ഉറപ്പാണെന്നാണ് പാർട്ടി പ്രതീക്ഷ. തിരുവനന്തപുരത്ത് പന്ന്യൻ രവീന്ദ്രൻ നേരിയ ഭൂരിപക്ഷത്തിൽ ജയിക്കാനുള്ള സാധ്യതയുമുണ്ട്.
വയനാട് ഒഴികെയുള്ള സീറ്റുകൾ സിപിഐക്ക് വിജയസാധ്യതയുണ്ടെന്നാണ് എക്‌സിക്യൂട്ടിവ് വിലയിരുത്തൽ. വയനാട്ടിൽ രാഹുൽ ഗാന്ധിയുടെ ഭൂരിപക്ഷം വൻതോതിൽ ഇടിയുമെന്നും സിപിഐ എക്സിക്യൂട്ടീവ് വിലയിരുത്തുന്നു. എൽഡിഎഫിന് 12 സീറ്റ് കിട്ടുമെന്നാണ് സിപിഐയുടെയും കണക്ക് കൂട്ടൽ.
അതേസമയം ലോക്സഭാ തിരഞ്ഞെടുപ്പിൽ സംസ്ഥാനത്തെ 12 സീറ്റുകളിൽ വരെ വിജയസാധ്യതയെന്ന് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് വിലയിരുത്തൽ. മുസ്‌ലിം ലീഗിന്റെ സീറ്റുകളും വയനാടും ഒഴികെ മലബാറിലെ എല്ലാ സീറ്റുകളും ലഭിക്കുമെന്നാണ് പാർട്ടി പ്രതീക്ഷിക്കുന്നതാണ്. ആറ്റിങ്ങൽ, പത്തനംതിട്ട, മാവേലിക്കര, ഇടുക്കി, ചാലക്കുടി, തൃശൂർ, പാലക്കാട്, ആലത്തൂർ, കോഴിക്കോട്, വടകര, കണ്ണൂർ, കാസർകോട് എന്നിവയാണ് എൽഡിഎഫ് വിജയ സാധ്യത കാണുന്ന മണ്ഡലങ്ങൾ.
വടകരയില്‍ വോട്ട് കച്ചവടം നടന്നെന്നാണ് സിപിഎം ആശങ്ക. ബിജെപി വോട്ട് കോണ്‍ഗ്രസ് വാങ്ങിയെന്നാണ് യോഗത്തില്‍ ആശങ്ക ഉയര്‍ന്നത്. പ്രതികൂല സാഹചര്യം മറി കടന്നും വടകര കടന്ന് കൂടുമെന്നാണ് നേതാക്കളുടെ വിലയിരുത്തല്‍.