ബംഗളൂരു: ഹാസനിലെ എൻഡിഎ സ്ഥാനാർത്ഥിയും സിറ്റിംഗ് എംപിയുമായ പ്രജ്വൽ രേവണ്ണയ്ക്കെതിരായ കേസിൽ വീണ്ടും ട്വിസ്റ്റ്. പ്രജ്വലിന്‍റെ ഫോണിൽ നിന്ന് ദൃശ്യങ്ങൾ ചോർത്തി ബിജെപി നേതാക്കൾക്ക് നൽകിയെന്ന് വെളിപ്പെടുത്തിയ മുൻ ഡ്രൈവർ കാർത്തിക് റെഡ്ഡിയെ കാണാനില്ല. മൊഴി നൽകാൻ ആവശ്യപ്പെട്ട് നോട്ടീസ് നൽകിയതിന് പിന്നാലെയാണ് കാർത്തിക് റെഡ്ഡിയെ കാണാതായത്.
പ്രത്യേക അന്വേഷണസംഘത്തിന് മുന്നില്‍ ഹാജരാകാന്‍ നോട്ടീസ് നല്‍കിയതിന് പിന്നാലെയാണ് കാര്‍ത്തിക്കിനെ കാണാതായതെന്നാണ് റിപ്പോര്‍ട്ടുകളില്‍ പറയുന്നത്. അതേസമയം, രാജ്യം വിട്ട പ്രജ്വലിനെതിരെ ഇതിനിടെ പ്രത്യേകാന്വേഷണ സംഘം ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചു.
കാര്‍ത്തിക്ക് വഴിയാണ് പ്രജ്വല്‍ രേവണ്ണയുടെ മൂവായിരത്തോളം ലൈംഗികവീഡിയോകള്‍ പുറത്തെത്തിയതെന്ന് കരുതുന്നത്. വീഡിയോകളടങ്ങിയ പെന്‍ഡ്രൈവ് ബി.ജെ.പി നേതാവായ ദേവരാജ ഗൗഡയ്ക്ക് മാത്രമാണ് കൈമാറിയതെന്ന് കാര്‍ത്തിക്കും കഴിഞ്ഞദിവസം വെളിപ്പെടുത്തിയിരുന്നു. കോണ്‍ഗ്രസ് നേതാക്കള്‍ക്ക് പെന്‍ഡ്രൈവ് നല്‍കിയിട്ടില്ലെന്നും അന്വേഷണസംഘത്തിന് മുന്നില്‍ ഹാജരായി തന്റെ കൈയിലുള്ള തെളിവുകള്‍ കൈമാറുമെന്നുമായിരുന്നു കാര്‍ത്തിക്കിന്റെ അവകാശവാദം. എന്നാല്‍, അന്വേഷണസംഘം നോട്ടീസ് നല്‍കിയതിന് പിന്നാലെ കാര്‍ത്തിക്ക് അപ്രത്യക്ഷനായെന്നാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ട്. കാർത്തിക് സ്വയം ഒളിവിൽ പോയതാണോ അതോ ആരെങ്കിലും തട്ടിക്കൊണ്ട് പോയതാണോ എന്ന കാര്യത്തിൽ ഇനിയും വ്യക്തതയില്ല.
അതിനിടെ, പ്രജ്വൽ രേവണ്ണയ്ക്കെതിരെ ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കി. ലൈംഗികാതിക്രമക്കേസ് അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘമാണ് ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കിയത്. രാജ്യത്തെ എല്ലാ വിമാനത്താവളങ്ങളിലും തുറമുഖങ്ങളിലും എല്ലാ ഇമിഗ്രേഷൻ പോയന്റുകളിലും ലുക്ക് ഔട്ട് നോട്ടീസ് നൽകി. എവിടെയെങ്കിലും പ്രജ്വൽ ഇറങ്ങിയാൽ കസ്റ്റഡിയിൽ എടുക്കാൻ ആണ് നോട്ടീസിലെ നിർദേശം.