തിരുവനന്തപുരം: മുന്നറിയിപ്പില്ലാതെ അവധിയെടുത്ത് മുങ്ങിയ കെഎസ്‌ആര്‍ടിസി ജീവനക്കാര്‍ക്കെതിരെ കൂട്ട നടപടി. പത്തനാപുരം ഡിപ്പോയിലെ 14 ജീവനക്കാര്‍ക്കെതിരെയാണ് നടപടി.
കൂട്ട അവധിയെടുത്തതിന് 16 സ്ഥിരം ഡ്രൈവര്‍മാരെ സ്ഥലംമാറ്റി. നാല് ഡ്രൈവര്‍മാരെ സര്‍വീസില്‍ നിന്ന് മാറ്റി. കെഎസ്‌ആര്‍ടിസി ചെയര്‍മാന്‍ & മാനേജിംഗ് ഡയറക്ടറുടെ ഓഫീസ് പുറത്തിറക്കിയ കുറിപ്പിലാണ് നടപടിയെ കുറിച്ച് അറിയിച്ചിരിക്കുന്നത്.
മദ്യപിച്ച് ജോലിക്കെത്തുന്നവരെ പിടികൂടാന്‍ കെ എസ് ആര്‍ ടി സി വിജിലന്‍സ് എത്തിയത് അറിഞ്ഞാണ് ജീവനക്കാര്‍ മുങ്ങിയത്. മുന്നറിയിപ്പില്ലാതെഅവധിയെടുത്തതിനാല്‍ പത്തനാപുരം യൂണിറ്റിലെ നിരവധി സര്‍വീസുകള്‍ റദ്ദ് ചെയ്തു. യാത്രക്കാര്‍ക്കുണ്ടായ അസൗകര്യത്തിന് പുറമേ 1,88,665 രൂപയുടെ സാമ്ബത്തിക നഷ്ടവും കെഎസ്‌ആര്‍ടിസിക്കുണ്ടായി.
കെഎസ്‌ആര്‍ടിസി സര്‍വീസുകളെ മാത്രം ആശ്രയിക്കുന്ന ലക്ഷക്കണക്കിന് യാത്രക്കാരാണ് ഉള്ളത്. ഇത്തരത്തില്‍ അപ്രതീക്ഷിതമായി സര്‍വീസുകള്‍ റദ്ദ് ചെയ്യുന്നത് കെഎസ്‌ആര്‍ടിസിയിലെ സ്ഥിരം യാത്രക്കാരെ മറ്റു യാത്രാ മാര്‍ഗ്ഗങ്ങള്‍ തേടുന്ന സാഹചര്യത്തിലേക്ക് എത്തിക്കും. ഒരു വിഭാഗം ജീവനക്കാരുടെ ഇത്തരത്തിലുള്ള നിരുത്തരവാദപരമായ രീതികള്‍ ഒരു തരത്തിലും അനുവദിക്കാന്‍ കഴിയില്ല. ഇത്തരക്കാര്‍ക്കെതിരെ ശക്തമായ നടപടികള്‍ തുടര്‍ന്നും ഉണ്ടാകുമെന്നും മാനേജിംഗ് ഡയറക്ടറുടെ ഓഫീസ് പുറത്തിറക്കിയ കുറിപ്പില്‍ പറഞ്ഞു.