മണിപ്പൂര്‍ സംഘര്‍ഷത്തിന് നാളെ ഒരു വര്‍ഷം; സമ്പൂർണ അടച്ചിടലിന് ആഹ്വാനം ചെയ്ത് കുക്കി സംഘടന

ഇംഫാല്‍: നാളെ മണിപ്പൂർ സംഘർഷത്തിന്റെ ഒന്നാം വാർഷികത്തോടനുബന്ധിച്ച് സംസ്ഥാനത്ത് സമ്പൂർണ അടച്ചിടലിന് കുക്കി സംഘടന ആഹ്വാനം ചെയ്തു. സദർ ഹിൽസിലെ കമ്മിറ്റി ഓൺ ട്രൈബൽ യൂണിറ്റിയാണ് അടച്ചിടലിന് ആഹ്വാനം ചെയ്തത്.

ഇന്ന് അർധരാത്രി മുതൽ നാളെ അർധരാത്രി വരെയാണ്‌ അടച്ചിടൽ. പ്രതിഷേധത്തിന്റെ ഭാ​ഗമായി വീടുകളിൽ കരിങ്കൊടി ഉയർത്തും. സംഘർഷത്തിൽ മരിച്ച കുക്കി വിഭാഗത്തിൽപെട്ടവരെ അനുസ്മരിക്കാനും കാങ്‌പോക്പി ജില്ലയിലെ ഫൈജാങ് ഗ്രാമത്തിലെ രക്തസാക്ഷികളുടെ സെമിത്തേരിയിൽ ഒത്തു കൂടാൻ കുക്കി സംഘടന ആഹ്വാനം ചെയ്തു.

വൈകുന്നേരം 7 മണി മുതൽ മെഴുകുതിരി കത്തിച്ച് പ്രകടനവുമുണ്ടാകും. കൊല്ലപ്പെട്ടവർക്ക് ആദരമായി ഗൺ സല്യൂട്ട് നൽകാനും, കറുത്ത വസ്ത്രം ധരിക്കാനും ആഹ്വാനമുണ്ട്.ദേശീയ പാതയോരങ്ങളിലും ബസാർ മേഖലകളിലും മെഴുകുതിരി തെളിച്ച് പ്രകടനം നടത്തും.

2023 മെയ് മൂന്നിനാരംഭിച്ച കുക്കി-മെയ്‌തെയ് സംഘടനകളുടെ സംഘര്‍ഷത്തില്‍ ഇരുനൂറിലധികം പേരാണ് കൊല്ലപ്പെട്ടത്. 60000ത്തിലധികം പേര്‍ വീടും വാസസ്ഥലവും നഷ്ടപ്പെട്ട് പലായനം ചെയ്തു.