ന്യൂഡല്‍ഹി: ഗുസ്തി ഫെഡറേഷന് മുന്‍ പ്രസിഡന്റും എംപിയുമായ ബ്രിജ് ഭൂഷണ് സിംഗിന് ലോക്സഭാ തെരഞ്ഞെടുപ്പിൽ സീറ്റ് നിഷേധിച്ച് ബിജെപി. ഉത്തർപ്രദേശിലെ കൈസർഗഞ്ചിൽ നിന്നുള്ള സിറ്റിംഗ് എംപിയായ ബ്രിജ് ഭൂഷൺ ശരൺ സിങ്ങിനു പകരം ഇളയമകൻ കരൺ ഭൂഷൺ സിംഗിന് ബിജെപി സീറ്റ് നൽകി.
കരൺ ഉത്തർപ്രദേശ് റെസ്ലിങ് അസോസിയേഷൻ പ്രസിഡന്റാണ്. കൂടാതെ ഗോണ്ട ജില്ലയിലെ നവാബ്ഗഞ്ച് സഹകരണ ബാങ്ക് ചെയർപേഴ്സൻ സ്ഥാനവും വഹിക്കുന്നുണ്ട്. ബ്രിജ് ഭൂഷണിന്റെ മറ്റൊരു മകൻ പ്രതിക് ഭൂഷൻ സംസ്ഥാനത്തെ എം.എൽ.എയാണ്.
വനിതാ ഗുസ്തി താരങ്ങൾക്കെതിരെ ലൈംഗികാതിക്രമം നടത്തിയെന്നു ബ്രിജ് ഭൂഷണിനെതിരെ പരാതി ഉയർന്നിരുന്നു. ഇതു തെരഞ്ഞെടുപ്പിൽ തിരിച്ചടിയായേക്കുമെന്ന് നിഗമനത്തിലാണ് പാർട്ടി സീറ്റ് നിഷേധിക്കാൻ കാരണമെന്ന് റിപ്പോർട്ടുകളുണ്ട്.
2019ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ കൈസർഗഞ്ചിൽനിന്നു രണ്ട് ലക്ഷം വോട്ടിനാണു ബ്രിജ് ഭൂഷൺ വിജയിച്ചത്. ആറ് തവണ എം.പിയായ ബ്രിജ് ഭൂഷൻ ഇത്തവണയും മത്സരിക്കുമെന്ന സൂചനകൾ കഴിഞ്ഞയാഴ്ച നൽകിയിരുന്നു. മണ്ഡലത്തിലെ 99.9 ശതമാനം പേരും താൻ മത്സരിക്കണമെന്നാണ് ആഗ്രഹിക്കുന്നതെന്നും അദ്ദേഹം പറയുകയുണ്ടായി.
തെരഞ്ഞെടുപ്പിന്റെ അഞ്ചാം ഘട്ടമായ മേയ് 20നാണ് കൈസർഗഞ്ചിൽ വോട്ടെടുപ്പ്. നാളെയാണ് നാമനിർദേശ പത്രിക സമർപ്പിക്കാനുള്ള അവസാന തീയതി.