ന്യൂഡൽഹി: കോവാക്സിന് പാർശ്വഫലങ്ങളൊന്നുമില്ലെന്ന് വ്യക്തമാക്കി ഭാരത് ബയോടെക് കമ്പനി. കോവിഷീൽഡ് വാക്സിൻ പാർശ്വഫലങ്ങൾക്ക് ഇടയാക്കുമെന്ന് നിർമാതാക്കളായ ആസ്ട്രസെനെക്ക അറിയിച്ചതിനു പിന്നാലെയാണ് കോവാക്സിന്റെ സുരക്ഷിതത്വത്തേക്കുറിച്ച് ഭാരത് ബയോടെക് വ്യക്തമാക്കിയിരിക്കുന്നത്.
‘‘സുരക്ഷയ്ക്കു പ്രഥമ പരിഗണന നൽകിയാണ് കോവാക്സീൻ നിർമിച്ചത്. കോവിഡ് പ്രതിരോധ കുത്തിവയ്പ്പിൽ ഇന്ത്യയിൽ ട്രയൽ നടത്തിയ ഏക വാക്സീൻ കോവാക്സിൻ ആണ്. ലൈസൻസ് പ്രക്രിയയുടെ ഭാഗമായി 27,000ലധികം വിഷയങ്ങളിൽ കോവാക്സീൻ വിലയിരുത്തപ്പെട്ടിട്ടുണ്ട്. ക്ലിനിക്കൽ ട്രയൽ മോഡിൽ നിയന്ത്രിത ഉപയോഗത്തിന് കീഴിലാണ് ഇതിന് ലൈസൻസ് ലഭിച്ചത്. വാക്സീന്റെ സുരക്ഷ കേന്ദ്ര ആഭ്യന്തര മന്ത്രാലയം വിലയിരുത്തിയിരുന്നു.’’ – ഭാരത് ബയോടെക്ക് പറഞ്ഞു. കമ്പനിയുടെ ഔദ്യോഗിക എക്സ് പേജിലാണ് ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്. പ്രാഥമിക ഘട്ടത്തിൽ കോവാക്സീൻ, കോവിഷീൽഡ് വാക്സീനുകളാണ് ഇന്ത്യയിൽ ഏറ്റവുമധികം നൽകിയത്.
വാക്സിന് ലൈസൻസ് ലഭിക്കുന്ന പ്രക്രിയയുടെ ഭാഗമായി 27,000ത്തോളം വിഷയങ്ങളിലും വിശദമായ സുരക്ഷാ മാനദണ്ഡങ്ങളിലും പരിശോധന നടത്തിയിട്ടുണ്ട്. കോവാക്സിന്റെ സുരക്ഷിതത്വത്തേക്കുറിച്ച് ആരോഗ്യമന്ത്രാലയം വിലയിരുത്തിയിട്ടുള്ളതാണെന്നും കമ്പനി വ്യക്തമാക്കി. കോവാക്സിൻ സംബന്ധിച്ച് രക്തം കട്ടപിടിക്കുക, ത്രോംബോസൈറ്റോപീനിയ, ടി.ടി.എസ്., വി.ഐ.ടി.ടി., പെരികാർഡൈറ്റിസ്, മയോകാർഡൈറ്റിസ് തുടങ്ങിയ പാർശ്വഫലങ്ങളൊന്നുമില്ലെന്നും വാക്സിൻ സുരക്ഷിതമാണെന്ന് കണ്ടെത്തിയിട്ടുണ്ടെന്നും ഭാരത് ബയോടെക് പറയുന്നു.
കോവിഷീൽഡ് വാക്സീനെടുക്കുന്നവരിൽ അപൂർവമായി രക്തം കട്ടപിടിക്കുന്നതുൾപ്പെടെ ഗുരുതര പാർശ്വഫലങ്ങൾ ഉണ്ടാകാമെന്നാണ് അസ്ട്രാസെനക്ക യുകെ ഹൈക്കോടതിയിൽ വ്യക്തമാക്കിയത്. കോടതിയിൽ നൽകിയ രേഖകളിലാണ് പാർശ്വഫലങ്ങൾ സ്ഥിരീകരിച്ചത്. പാർശ്വഫലങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടത്തിനെത്തുടർന്ന് വാക്സീൻ വിതരണം യുകെയിൽ നിർത്തിവയ്ക്കുന്ന സാഹചര്യമുണ്ടായിരുന്നു.
രക്തം കട്ടപിടിക്കുകയും പ്ലേറ്റ്‌ലെറ്റ് കുറയുകയും ചെയ്യുന്ന ത്രോംബോസിസ് വിത് ത്രോംബോസൈറ്റോപീനിയ സിൻഡ്രോം (ടിടിഎസ്) അപൂർവമായി ഉണ്ടാകാമെന്നാണ് കമ്പനി വ്യക്തമാക്കിയത്. വാക്സീൻ സ്വീകരിച്ച ശേഷം മസ്തിഷ്ക സംബന്ധമായ പ്രശ്നമുണ്ടായ ജെയിംസ്കോട്ട് എന്നയാളാണ് ആദ്യം കേസിനു പോയത്. പിന്നാലെ ഒട്ടേറെപ്പേർ കോടതിയെ സമീപിച്ചു.