ഇരുട്ട് വീണാൽ തിളങ്ങും ; ഇത് അത്ഭുത വനം

ഇരുട്ട് വീണാൽ പ്രകാശിക്കുന്ന കാട്. ഇങ്ങനെ ഒരു അത്ഭുത സ്ഥലത്തെ കുറിച്ച് കേട്ടിട്ടുണ്ടോ..
മഹാരാഷ്ട്രയിലെ ഒരു വനത്തെ ക്കുറിച്ചാണ് പറയുന്നത്.. ഈ വനത്തിന്‍റെ ഏറ്റവും വലിയ പ്രത്യേകത ഇരുട്ട് വീണാല്‍ പ്രകാശിതമാകും എന്നത് തന്നെയാണ്. ഭീമാശങ്കർ വന്യജീവി സങ്കേതമാണ് ഇത്തരത്തിൽ ഏറെ പ്രത്യേകതകൾ നിറഞ്ഞ സ്ഥലം. ഇരുട്ട് വീഴുമ്പോള്‍ സ്വയം പ്രകാശിതമാകുന്ന കാട് സന്ദര്‍ഷകരെ ആകര്‍ഷിച്ച് തുടങ്ങി. അവതാര്‍ സിനിമയിലെ പ്രദേശങ്ങളിലൂടെ കടന്ന് പോയ അനുഭവം ജീവിതത്തില്‍ നേരിട്ട് ലഭിക്കണമെങ്കില്‍ ഭീമാശങ്കറിലെ കാട്ടുവഴികളിലൂടെ നടക്കണം.

ഇന്ത്യയുടെ പടിഞ്ഞാറന്‍ തീരത്തോട് ചേര്‍ന്ന് സഹ്യപര്‍വ്വതത്തിന്‍റെ ഭാഗമായ ഇവിടെ മൺസൂൺ കാലത്തുടനീളം സുലഭമായ മഴ ലഭിക്കുന്നു. പകല്‍ ഇന്ത്യയിലെ മറ്റേതൊരു വനത്തെയും പോലെ സാധാരണമായ വനം. എന്നാല്‍ രാത്രിയില്‍ ഈ വനം നിങ്ങളെ അത്ഭുതപ്പെടുത്തും. ഇളം പച്ച നിറത്തില്‍ കാട് നിറയെ വെളിച്ചം നിറയും. മൈസീന എന്ന ബാക്ടീരിയയുടെ പ്രവര്‍ത്തനമാണ് ഈ പ്രതിഭാസത്തിന് കാരണം. നശിച്ച് തുടങ്ങിയ മരങ്ങളിലും ഇലകളിലും ചില്ലകളിലും കുമിളിന് സമാനമായ ഈ ബാക്ടീരിയ പറ്റിപ്പിടിച്ചിരിക്കുന്നു. ഈ ബാക്ടീരിയകളാണ് ഇരുട്ടില്‍ ഭീമാശങ്കർ വന്യജീവി സങ്കേതത്തെ ജ്വലിപ്പിച്ച് നിര്‍ത്തുന്നത്. പ്രത്യേകിച്ചും മൺസൂൺ കാലത്ത് സമീപത്തെ ഗ്രാമത്തില്‍ ഈ പ്രഭാവം സന്ദര്‍ശകരെ ഏറെ ആകര്‍ഷിക്കുന്നു.

മൈസീനയിലെ ഈ തിളക്കത്തിന്‍റെ കാരണം തേടി നിരവധി പഠനങ്ങള്‍ നടന്നെങ്കിലും എന്താണ് ഈ തിളക്കത്തിന്‍റെ രഹസ്യമെന്നതിന് ഗവേഷകര്‍ക്ക് ഉത്തരമില്ല.എന്നാല്‍ ഈ അപൂര്‍വ്വ പ്രതിഭാസം വര്‍ഷത്തില്‍ എല്ലാ ദിവസവും കാണാന്‍ കഴിയില്ല. മറിച്ച് മൺസൂൺ കാലത്ത്, പ്രത്യേകിച്ചും ജൂലൈ, ഓഗസ്റ്റ്, സെപ്തംബർ മാസങ്ങളിൽ അതിശക്തമായ മഴയ്ക്ക് പിന്നാലെയാണ് ഇത് ശരിക്കും ആസ്വദിക്കാന്‍ കഴിയുക. മൺസൂണിന് മുമ്പുള്ള മെയ്, ജൂൺ മാസങ്ങളിലും ഈ പ്രതിഭാസം കണ്ടെത്തിയിട്ടുണ്ടെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. പൂനെ വിമാനത്താവളത്തിൽ നിന്ന് 102 കിലോമീറ്ററാണ് ഭീമാശങ്കര്‍ വന്യജീവി സങ്കേതത്തിലേക്കുള്ള ദൂരം.