ഡെറാഡൂണ്‍: പതഞ്ജലിയുടെ 14 ഉത്പന്നങ്ങളുടെ ലൈസൻസ് റദ്ദാക്കി ഉത്തരാഖണ്ഡ് സർക്കാർ. 1954 ലെ ഡ്രഗ്സ് ആൻഡ് മാജിക് റെമഡീസ് ആക്ട് പ്രകാരമാണ് നടപടിയെന്ന് ഉത്തരാഖണ്ഡ് സർക്കാർ അറിയിച്ചു. തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങള്‍ കാരണമാണ് നടപടിയെന്നാണ് സർക്കാർ വിശദീകരണം. ഇവയിൽ 13 എണ്ണവും പതഞ്ജലിയുടെ അനുബന്ധ സ്ഥാപനമായ ദിവ്യ യോഗ ഫാർമസിയുടേതാണ്.
സ്വസാരി വതി, സ്വസാരി ഗോള്‍ഡ്, ബ്രോങ്കോം, സ്വസാരി അവലേഹ്, മുക്തവതി എക്സ്ട്രാ പവർ ബിപി ഗ്രിറ്റ്, സ്വസാരി പ്രവാഹി, മധുഗ്രിറ്റ്, മധുനാശിനിവതി എക്സ്ട്രാ പവർ, ലിവാമൃത് അഡ്വാൻസ്, ലിവോഗ്രിറ്റ്, ഐഗ്രിറ്റ് ഗോള്‍ഡ്, പതഞ്ജലി ദൃഷ്ടി ഐ ഡ്രോപ്പ് എന്നിങ്ങനെ 14 ഉല്‍പ്പന്നങ്ങളുടെ നിർമ്മാണ ലൈസൻസുകളാണ് റദ്ദാക്കിയത്.
സുപ്രീംകോടതിയില്‍ നേരത്തെ പതഞ്ജലി ആയുർവേദയുടെ തെറ്റിദ്ധാരണാജനകമായ പരസ്യം സംബന്ധിച്ച കേസ് എത്തിയിരുന്നു. സുപ്രീംകോടതിയില്‍ നേരിട്ട് ഹാജരായി ബാബാ രാംദേവും ആചാര്യ ബാല്‍കൃഷ്ണനും മാപ്പ് പറയുകയുണ്ടായി. തെറ്റ് പറ്റിയെന്നും ഇനി ആവർത്തിക്കില്ലെന്നും ബാബാ രാംദേവ് കോടതിയില്‍ പറഞ്ഞിരുന്നു.