തിരുവനന്തപുരം മേയർ ആര്യാ രാജേന്ദ്രന് വാട്സ്ആപ്പിൽ അശ്ലീല സന്ദേശം അയച്ച യുവാവ് പിടിയിൽ. എറണാകുളം സ്വദേശി ശ്രീജിത്താണ് തിരുവനന്തപുരം സൈബർ പൊലീസിന്റെ പിടിയിലായത്. മേയർ-കെഎസ്ആർടിസി ബസ് ഡ്രൈവർ തർക്കത്തിന് പിന്നാലെയാണ് സൈബർ അധിക്ഷേപം ഉണ്ടായത്.
നടുറോഡില്‍ കെഎസ്ആര്‍ടിസി ഡ്രൈവറുമായുള്ള തര്‍ക്കത്തിന്‍റെ പേരില്‍ സൈബല്‍ ആക്രമണമുണ്ടെന്ന് ചൂണ്ടിക്കാട്ടി തിരുവനന്തപുരം മേയര്‍ ആര്യ രാജേന്ദ്രന്‍ നല്‍കിയ പരാതിയിൽ രണ്ട് കേസുകളാണ് ഇന്നലെ എടുത്തിരുന്നത്. മേയറുടെ ഔദ്യോഗിക ഫോണിലേക്ക് മോശം സന്ദേശമയച്ചയാള്‍ക്കെതിരെയാണ് ഒരു കേസ്. നവമാധ്യമങ്ങളിലൂടെ അധിക്ഷേപിച്ചുവെന്ന പരാതിയിലാണ് രണ്ടാമത്തെ കേസ്.
താൻ പ്രതികരിച്ചത് തെറ്റായ പ്രവണതക്കെതിരെയാണെന്നും വലിയ രീതിയിലുള്ള സൈബർ ആക്രമണം ആണ് നേരിടുന്നതെന്നും ആര്യാ രാജേന്ദ്രൻ പറഞ്ഞിരുന്നു. ആര്യയുടെ ഔദ്യോഗിക ഫേസ്ബുക്ക്, ഇൻസ്റ്റാഗ്രാം പേജുകളിലാണ് സൈബർ ആക്രമണം നടക്കുന്നത്. സഹോദരനൊപ്പമുള്ള ചിത്രത്തിനും മറ്റ് ഫേസ്ബുക്ക് പോസ്റ്റുകൾക്കും കീഴിൽ അശ്ലീല കമന്റുകളാണ് നിറയുന്നതെന്ന് പരാതിയിൽ പറയുന്നു.
അതേസമയം, ഔദ്യോഗിക കൃത്യനിർവഹണം തടസപ്പെടുത്തി അപമാനിച്ചവർക്കെതിരെയും ഇത് സംബന്ധിച്ച് പരാതി നൽകിയിട്ടും കേസെടുക്കാത്ത കന്റോൺമെന്റ് എസ്എച്ച്ഒക്കെതിരെയും നിയമ നടപടി സ്വീകരിക്കണമെന്ന ബസ് ഡ്രൈവറുടെ പരാതിയെ കുറിച്ച് അന്വേഷണത്തിന് മനുഷ്യാവകാശ കമ്മീഷൻ ഉത്തരവിട്ടു. കെഎസ്ആര്‍ടിസി ബസിലെ സിസിടിവി ക്യാമറയുടെ മെമ്മറി കാര്‍ഡ് കാണാതായ സംഭവത്തില്‍ തമ്പാനൂര്‍ പൊലീസും അന്വേഷണം തുടങ്ങിയിട്ടുണ്ട്.