വിഷപ്പാമ്പുകളിലെ രാജാവ്, കിങ് കോബ്ര എന്ന രാജവെമ്പാല. ലോകത്തെ ഏറ്റവും നീളമുളള വിഷപ്പാമ്പ്. കൂടുണ്ടാക്കുന്ന ഒരേയൊരു പാമ്പ്. തുടങ്ങി ഒട്ടേറെ പ്രത്യേകതകളുണ്ട് രാജവെമ്പാലയ്ക്ക് . ശരീരത്തിന്റെ നീളം പരമാവധി 5.5 മീറ്റർ വരെയാണ് . മറ്റു പാമ്പുകളെ ഭക്ഷണമാക്കുന്ന രാജവെമ്പാല ബുദ്ധിസാമർഥ്യത്തിലും മുന്നിലാണ്. നാഡീവ്യവസ്ഥയെയാണ് രാജവെമ്പാലയുടെ വിഷം ബാധിക്കുക . തുടര്‍ന്ന് കടിയേറ്റയാളുടെ ശ്വസനവ്യവസ്ഥയെ ബാധിക്കും. ഇത് റെസ്പിരേറ്ററി പാരലിസിസ് എന്ന അവസ്ഥയിലേക്ക് മാറും. പലപ്പോഴും ഇക്കാരണത്താലാണ് മരണം ഉണ്ടാകുന്നത്. എന്നാല്‍ രോഗിയെ വെന്റിലേറ്ററിലേക്ക് മാറ്റി കൃത്യമായി ശ്വാസോച്ഛ്വാസം ഉറപ്പിച്ച് ചികിത്സിക്കാനായാല്‍ ജീവന്‍ രക്ഷിക്കുക സാധ്യമാണ്.
അതേസമയം, കടിക്കുമ്പോൾ മനഃപൂർവം വിഷം കയറ്റാതിരിക്കാനുള്ള കഴിവും കുറച്ചു വിഷം മാത്രം കുത്തിവയ്ക്കാനുള്ള കഴിവും മറ്റു വിഷപ്പാമ്പുകളെപ്പോലെ രാജവെമ്പാലയ്ക്കുമുണ്ട്. രാജവെമ്പാലയുടെ കടിയേറ്റവരിൽ 40% പേരുടെ ശരീരത്ത് വിഷം കയറുന്നില്ലെന്നാണു കണക്ക്. ഇരയെ ദഹിപ്പിക്കാനാണു സാധാരണ വിഷം കുത്തിവയ്ക്കുന്നത്. 20 വർഷം വരെയാണു രാജവെമ്പാലയുടെ ശരാശരി ആയുസ്സ്. പ്രായപൂർത്തിയായ പാമ്പിന് 18 മുതൽ 20 കിലോ വരെ ഭാരമുണ്ടാകും. ഇതിനനുസരിച്ചു വിഷസഞ്ചിയും വലുതായിരിക്കും. ഇന്ത്യയിൽ കൂടുതൽ കാണപ്പെടുന്ന മൂർഖനും ശംഖുവരയനും പോലുള്ള പാമ്പുകളെ അപേക്ഷിച്ചു രാജവെമ്പാല വിഷത്തിന്റെ തീവ്രത കുറവാണ്. എന്നാൽ, മൂർഖൻ പാമ്പ് കടിച്ചാൽ 0.25 മില്ലിഗ്രാം വിഷം ശരീരത്തിൽ കയറുന്ന സ്ഥാനത്ത് രാജവെമ്പാലയുടെ ഒറ്റക്കടിയിൽ 5 മുതൽ 7 മില്ലിഗ്രാം വരെ വിഷം ശരീരത്തിലെത്തും. 20 പേരെ കൊല്ലാനുള്ള ശക്തിയുണ്ട് ഈ അളവ് വിഷത്തിന്. ഇതാണു രാജവെമ്പാലയെ കൂടുതൽ അപകടകാരിയാക്കുന്നത്.
മനുഷ്യസാന്നിധ്യമുള്ളയിടങ്ങള്‍ കഴിവതും ഒഴിവാക്കിയാണ് വാസം. കേരളത്തില്‍ വന മേഖലകളിലും അതിനോട് ചേര്‍ന്ന ജനവാസമേഖലകളിലും ഇവ കാണപ്പെടാറുണ്ട്. അമിത അക്രമസ്വഭാവം ഇല്ലെങ്കിലും സ്വയരക്ഷയ്ക്കായി പ്രത്യാക്രമണം സ്വാഭാവികമായി പ്രകടിപ്പിക്കുന്ന ജീവിയാണ്.കടിക്കുമ്പോര്‍ ഒറ്റ തവണയില്‍ ഏഴ് മില്ലി അളവില്‍ വിഷം ശരീരത്തില്‍ കയറ്റാന്‍ കഴിയും. മൂര്‍ഖന്‍ അടക്കമുള്ള മറ്റ് പാമ്പുകളുടെ കാര്യത്തില്‍ ഇത് 0.25 മില്ലി മുതലാണ്.കൂടുകൂട്ടി മുട്ടയിടുന്ന ഒരേയൊരു വിഭാഗമായതിനാല്‍ ഈ സാഹചര്യത്തില്‍ പെണ്‍ രാജവെമ്പാലകള്‍ അക്രമസ്വഭാവം പ്രകടിപ്പിക്കും.
തികച്ചും ശാന്ത സ്വഭാവമുള്ള രാജവെമ്പാല പൊതുവേ മനുഷ്യരെ ആക്രമിക്കാറില്ല. മുൻപിൽപെട്ടാൽ നമ്മൾ മാറി നടന്നാൽ മതി. താൻ അപകടത്തിലാണെന്നു പാമ്പിനു തോന്നിയാൽ മാത്രമേ സാധാരണ ഗതിയിൽ ഉപദ്രവിക്കൂ. അതേസമയം, മുട്ടയിട്ട് അടയിരിക്കുന്ന സമയത്ത് രാജവെമ്പാലയുടെ ശരീരത്തിലുണ്ടാകുന്ന ഹോർമോൺ വ്യതിയാനം മൂലം പാമ്പിന് അങ്ങേയറ്റം രൗദ്രസ്വഭാവമായിരിക്കും. ഈ സമയത്ത് പരിസരത്തെത്തുന്ന എന്തിനെയും ആക്രമിക്കുകയും ചെയ്യും.കിങ് കോബ്ര ആന്റിവെനം തായ്ലന്‍ഡിലെ ക്യൂന്‍ സയോഭാവ മെമ്മൊറിയല്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ മാത്രമാണ് നിലവില്‍ നിര്‍മിക്കുന്നത്.
അമേരിക്ക, ജര്‍മ്മനി, ഫ്രാന്‍സ്, റഷ്യ തുടങ്ങി വിദേശരാജ്യങ്ങള്‍ തായ്ലന്‍ഡില്‍ നിന്നാണ് ആന്റിവെനം വാങ്ങുന്നത്. 1980കളില്‍ ഹിമാചല്‍ പ്രദേശിലെ കസൗളിയിലെ സെന്‍ട്രല്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ രാജവെമ്പാലയുടെ ആന്റിവെനം നിര്‍മിച്ചിരുന്നു. എന്നാല്‍ നിര്‍മാണച്ചിലവ് വളരെ കൂടുതലയാതിനാലും ഉപയോഗിക്കേണ്ട സാഹചര്യം ഇല്ലാത്തതിനാലും കേന്ദ്രസര്‍ക്കാര്‍ നിര്‍മാണം പൂര്‍ണമായി അവസാനിപ്പിക്കുകയായിരുന്നു.