വേതന തട്ടിപ്പ് ; ഖത്തറിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി

ദോഹ: ഖത്തറിൽ ഹാജർ വേതന തട്ടിപ്പ് നടത്തിയ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി. ജോലി സമയത്ത് ഓഫീസിൽ നിന്ന് പുറത്ത് പോവുകയും എന്നാൽ ജോലിയിലാണെന്നതിന് വ്യാജ തെളിവുകളുണ്ടാക്കുകയും ചെയ്തതിനാണ് നടപടി. ഓഡിറ്റ് ബ്യൂറോയുമായി ചേർന്ന് ഇവർക്കെതിരെ പബ്ലിക് പ്രോസിക്യൂഷൻ അന്വേഷണം തുടങ്ങിയ കേസ് ക്രിമിനൽ കോടതിയിലേക്ക് റഫർ ചെയ്തു.

പുറത്ത് പോകുന്ന സമയത്ത് പ്രതികളിൽ ഒരാൾ മറ്റുള്ളവരുടെയെല്ലാം തൊഴിൽ കാർഡ് ഉപയോഗിച്ച് ഹാജർ രേഖപ്പെടുത്തിയാണ് ക്രമക്കേഡ് നടത്തിയത്. തൊഴിൽ ചട്ടങ്ങൾ ലംഘിച്ചതിനും ഹാജർ സമയത്തിൽ ക്രമക്കേട് കാട്ടി അവകാശമില്ലാത്ത വേതനം കൈപ്പറ്റിയതിനുമാണ് ഇവർക്കെതിരെ കേസ്.

പൊതുഫണ്ട് ദുർവിനിയോഗം ചെയ്യുക, വ്യാജരേഖ ചമയ്ക്കൽ, ഔദ്യോഗിക രേഖകൾ വ്യാജമായി ഉപയോഗിക്കൽ എന്നീ കുറ്റങ്ങളാണ് ഇവർക്കെതിരെ ചുമത്തിയിരിക്കുന്നത്. തടവ് ശിക്ഷയും പിഴയും ലഭിക്കാവുന്ന കുറ്റമാണ് പ്രതികൾ ചെയ്തിരിക്കുന്നതെന്ന് പ്രോസിക്യൂഷൻ വ്യക്തമാക്കി.