ഒമാനിലെ വിവിധ ഗവർണറേറ്റുകളിൽ കനത്ത മഴ തുടരുന്നു

മസ്‌കത്ത്: ന്യൂനമർദത്തിൻറെ ഭാഗമായി ഒമാനിലെ വിവിധ ഗവർണറേറ്റുകളിൽ കനത്ത മഴ തുടരുന്നു. നിലവിൽ അനിഷ്ട സംഭവങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. വാദികൾ നിറഞ്ഞൊഴുകുന്നതിനാൽ ജാഗ്രത പാലിക്കണമെന്ന് അധികൃതർ അറിയിച്ചു.

ഉൾപ്രദേശങ്ങളിലെ റോഡുകളിൽ വെള്ളം കയറി ഗതാഗതം തടസ്സപ്പെട്ടിട്ടുണ്ട്. കനത്ത മഴ മുന്നറയിപ്പിന്റെ പശ്ചാതലത്തിൽ അൽവുസത ഒഴികെയുള്ള എല്ലാ ഗവർണറേറ്റുകളിലെയും സ്‌കൂളുകളിൽ ഓൺലൈനിലൂടെയായിരുന്നു പഠനം. കൂടാതെ മുവാസലാത്ത് ഇൻറർ സിറ്റി ബസ് സർവിസ് ചില റൂട്ടുകളിൽ റദ്ദാക്കി. മസ്‌കത്ത്-ജഅലാൻ ബാനി ബു അലി, മസ്‌കത്ത്-സൂർ, മസ്‌കത്ത് -ഷാർജ എന്നീ റൂട്ടുകളിലേക്കുള്ള ഇൻറർസിറ്റി ബസ് സർവിസാണ് താൽകാലികമായി നിർത്തിവെച്ചത്.

മസ്‌കത്ത് ഗവർണറേറ്റിലെ പാർക്കുകളും ഗാർഡനുകളും താത്കാലികമായി അടച്ചു. സീബ്, മാബില, സുവൈഖ്, മുസന്ന, ബുറൈമി, റുസ്താഖ്, ശിനാസ് തുടങ്ങിയ വിവിധ സ്ഥലങ്ങളിലാണ് നല്ല മഴ ലഭിച്ചത്. മഴ ശനിയാഴ്ചവരെ തുടരുമെന്ന് അധികൃതർ അറിയിച്ചു. തെക്കൻ ശർഖിയ, അൽ വുസ്ത, ദോഫാർ ഗവർണറേറ്റുകളിലും അൽ ഹജർ പർവതങ്ങളിലും സമീപ പ്രദേശങ്ങളിലും വ്യത്യസ്ത തീവ്രതയോടെ മഴ പെയ്യാൻ സാധ്യതയുള്ളതിനാൽ വെള്ളിയാഴ്ചയും ശനിയാഴ്ചയും ന്യൂനമർദ്ദതിൻറെ ആഘാതം തുടരും.