ഹൈദരാബാദ്: അവസാനപന്തു വരെ ആവേശം നീണ്ടു നിന്ന ത്രില്ലർ പോരാട്ടത്തിൽ രാജസ്ഥാൻ റോയൽസിനെ ഒരു റൺസിന് വീഴ്ത്തി സൺറൈസേഴ്സ് ഹൈദരാബാദ്. 202 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ രാജസ്ഥാന്റെ പോരാട്ടം രണ്ട് റൺസകലെ 200 റൺസിൽ അവസാനിച്ചു. ആദ്യ ഓവറിലും അവസാന ഓവറിലും നിർണായക വിക്കറ്റ് വീഴ്ത്തിയ ഭുവനേശ്വർ കുമാറാണ് രാജസ്ഥാനിൽനിന്നും വിജയം തട്ടിയെടുത്തത്.
ടോസ് കിട്ടി ബാറ്റിങ്ങിനിറങ്ങിയ ഹൈദരാബാദിന് അത്ര മികച്ച തുടക്കമല്ല ലഭിച്ചത്. പതിഞ്ഞ താളത്തിൽ ചലിച്ച സ്കോർബോർഡിൽ 25 റൺസ് മാത്രമുള്ളപ്പോൾ, അഞ്ചാം ഓവറിൽ തന്നെ ഓപ്പണർ അഭിഷേക് ശർമയെ (10 പന്തിൽ 12) ഹൈദരാബാദിന് നഷ്ടമായി. തൊടുടത്ത ഓവറിൽ പിന്നാലെയെത്തിയ അൻമോൽപ്രീത് സിങ്ങും (5 പന്തിൽ 5) മടങ്ങിയതോടെ ഹൈദരാബാദ് പ്രതിരോധത്തിലായി.
പിന്നീട് നിതീഷ് റെഡ്ഡി (42 പന്തിൽ 76), ട്രാവിസ് ഹെഡ് (44 പന്തിൽ 58) എന്നിവരുടെ ഇന്നിംഗ്‌സാണ് മികച്ച സ്‌കോറിലേക്ക് നയിച്ചത്. 3 വിക്കറ്റ് നഷ്ടത്തിലാണ് ഹൈദരാബാദ് 201 എന്ന സ്കോറിലെത്തിയത്. രാജസ്ഥാന് വേണ്ടി ആവേഷ് ഖാൻ രണ്ട് വിക്കറ്റ് വീഴ്ത്തി. യൂസ്‌വേന്ദ്ര ചാഹൽ നാല് ഓവറിൽ 62 റൺസ് വഴങ്ങി.
ജയം ലക്ഷ്യമിട്ടിറങ്ങിയ രാജസ്ഥാന് തുടക്കത്തിലേ നഷ്ടങ്ങളായിരുന്നു. കഴിഞ്ഞ മത്സരങ്ങളിൽ മികച്ച ഫോമിലുണ്ടായിരുന്നു ബട്ലറും, സഞ്ജുവും റൺസ് ഒന്നും എടുക്കാൻ കഴിയാതെ മടങ്ങി. ജയ്സ്വാളിന്റെയും പരാഗിന്റെയും പോരാട്ടമാണ് രാജസ്ഥാന് ജീവൻ നൽകിയത്. മൂന്നാം വിക്കറ്റില്‍ ഇരുവരും ചേര്‍ന്നെടുത്ത 134 റണ്‍സ് കൂട്ടുകെട്ടാണ് രാജസ്ഥാന്‍ ഇന്നിങ്‌സിന്റെ നട്ടെല്ല്.
മത്സരം രാജസ്ഥാന്റെ വരുതിയില്‍ നില്‍ക്കേ 14-ാം ഓവറില്‍ ജയ്‌സ്വാളിനെ മടക്കി നടരാജന്‍ ഹൈദരാബാദിന് ബ്രേക്ക് ത്രൂ സമ്മാനിച്ചു. 40 പന്തില്‍ നിന്ന് രണ്ട് സിക്‌സും ഏഴ് ഫോറുമടക്കം 67 റണ്‍സെടുത്തായിരുന്നു താരത്തിന്റെ മടക്കം. പിന്നാലെ പരാഗിനെയും വീഴ്ത്തി ക്യാപ്റ്റന്‍ പാറ്റ് കമ്മിന്‍സ് മത്സരം ആവേശകരമാക്കി. 49 പന്തില്‍ നിന്ന് നാല് സിക്‌സും എട്ട് ഫോറുമടക്കം 77 റണ്‍സെടുത്ത പരാഗാണ് രാജസ്ഥാന്റെ ടോപ് സ്‌കോറര്‍.
പിന്നാലെ ഷിംറോണ്‍ ഹെറ്റ്മയര്‍ (13), ധ്രുവ് ജുറെല്‍ (1) എന്നിവരെ മടക്കി ഹൈദരാബാദ് മത്സരം കടുപ്പമാക്കി. എന്നാല്‍ പവല്‍ ക്രീസിലുണ്ടായിരുന്നത് രാജസ്ഥാന് ആശ്വാസമായിരുന്നു. കമ്മിന്‍സ് എറിഞ്ഞ 19-ാം ഓവറിലെ അവസാന പന്ത് സിക്‌സറിന് പറത്തി പവല്‍ അവസാന ഓവറില്‍ ലക്ഷ്യം 13 റണ്‍സാക്കി ചുരുക്കുകയും ചെയ്തു. പക്ഷേ അവസാന ഓവറില്‍ ഒരു ബൗണ്ടറി മാത്രമേ പവലിന് കണ്ടെത്താനായുള്ളൂ. ഇരട്ട റണ്ണുകള്‍ നേടി ലക്ഷ്യത്തിനടുത്തെത്തിയെങ്കിലും അവസാന പന്തില്‍ താരത്തിന് പിഴച്ചു.
മൂന്ന് വിക്കറ്റ് വീഴ്ത്തിയ ഭുവനേശ്വര്‍ തന്നെയാണ് ഹൈദരാബാദിന്റെ ജയമുറപ്പിച്ചത്. കമ്മിന്‍സും നടരാജനും രണ്ടു വിക്കറ്റ് വീതം വീഴ്ത്തി.