ബെംഗളൂരു: ചന്ദ്രന്റെ ധ്രുവപ്രദേശങ്ങളിലെ ഗർത്തങ്ങളിൽ മഞ്ഞുരൂപത്തിൽ കൂടുതൽ വെള്ളമുണ്ടാകാനുള്ള സാധ്യതയുള്ളതായി പഠനം. ഭാവിയിലെ ചാന്ദ്രപര്യവേക്ഷണദൗത്യങ്ങൾക്കും ചന്ദ്രനിൽ മനുഷ്യസാന്നിധ്യം നിലനിർത്തുന്നതിനും നിർണായകമാണിത്.
ഇന്ത്യൻ ബഹിരാകാശ ഗവേഷണ സംഘടനയുടെ (ഐ.എസ്.ആർ.ഒ.) സ്പെയ്‌സ് ആപ്ലിക്കേഷൻസ് സെന്റർ (എസ്.എ.സി.) ആണ് ഐ.ഐ.ടി. കാൻപുർ, സതേൺ കാലിഫോർണിയ സർവകലാശാല, ജെറ്റ് പ്രൊപ്പൽഷൻ ലബോറട്ടറി, ഐ.ഐ.ടി. ധൻബാദ് എന്നിവയുടെ സഹകരണത്തോടെ പഠനം നടത്തിയത്. നാസയുടെ ലൂണാർ റെക്കണൈസൻസ് ഓർബിറ്ററിലെ റഡാർ, ലേസർ, ഒപ്റ്റിക്കൽ, ന്യൂട്രൺ സ്പെക്ട്രോമീറ്റർ, അൾട്രാ വയലറ്റ് സ്പെക്ട്രോമീറ്റർ, തെർമൽ റേഡിയോമീറ്റർ എന്നിവയുൾപ്പെടുന്ന ഏഴ് ഉപകരണങ്ങൾ ഗവേഷകർ പഠനത്തിനായി ഉപയോഗിച്ചു.
ചന്ദ്രയാൻ-2ലെ പോളാരിമെട്രിക് റഡാർ ഡേറ്റ ഉപയോഗിച്ച് ചില ധ്രുവീയ ഗർത്തങ്ങളിൽ മഞ്ഞുരൂപത്തിലുള്ള വെള്ളത്തിന്റെ സാധ്യത ചൂണ്ടിക്കാട്ടുന്ന ഐ.എസ്.ആർ.ഒ.യുടെ മുൻപഠനത്തെ പുതിയ പഠനം സാധൂകരിക്കുന്നു. ഉത്തര ധ്രുവമേഖലയിലെ മഞ്ഞുരൂപത്തിലുള്ള വെള്ളത്തിന്റെ വ്യാപ്തി ദക്ഷിണമേഖലയെക്കാളും ഇരട്ടിയാണെന്ന് പഠനം സൂചിപ്പിക്കുന്നു. ഉപരിതലത്തിൽനിന്ന് രണ്ടുമീറ്റർ താഴെയുള്ള ഐസിന്റെ അളവ് ഉപരിതലത്തിലുള്ളതിനെക്കാൾ അഞ്ചുമുതൽ എട്ടുമടങ്ങുവരെ കൂടുതലാണെന്നും പഠനം പറയുന്നു. 3800 ദശലക്ഷം വർഷംമുമ്പുള്ള ഇംബ്രിയൻ കാലഘട്ടത്തിലെ അഗ്നിപർവതസ്ഫോടനസമയത്ത് ഉണ്ടായതാകാം ചന്ദ്രനിൽ മഞ്ഞുരൂപത്തിലുള്ള വെള്ളമെന്നും പഠനം അനുമാനിക്കുന്നു.
ചന്ദ്രധ്രുവങ്ങളിൽ കൂടുതൽ വെള്ളമുണ്ടാകാനുള്ള സാധ്യതയെക്കുറിച്ചുള്ള അറിവ് ഭാവിയിൽ ലാൻഡിങ് സൈറ്റ് തിരഞ്ഞെടുക്കുന്നതിനും ചന്ദ്രനിലെ വിവിധ പര്യവേക്ഷണങ്ങൾക്കുള്ള ദൗത്യങ്ങൾക്കും നിർണായകമാണ്.