അഭ്യൂഹങ്ങൾക്ക് വിരാമം, രാഹുൽ റായ്ബറേലിയിൽ മത്സരിക്കും, അമേഠിയില്‍ കിഷോരിലാല്‍

2019-ലേതിന് സമാനമായി രാഹുല്‍ ഇത്തവണയും രണ്ട് മണ്ഡലങ്ങളില്‍ മത്സരിക്കാന്‍ പോകുകയാണ്

നാമനിര്‍ദേശ പത്രികാ സമര്‍പ്പണത്തിന്റെ സമയം അവസാനിക്കാന്‍ ഏതാനും മണിക്കൂറുകള്‍ മാത്രം ശേഷിക്കെ അമേഠിയിലും റായ്ബറേലിയിലും സസ്പെന്‍സ് അവസാനിപ്പിച്ച് കോണ്‍ഗ്രസ്. ദിവസങ്ങള്‍നീണ്ട അഭ്യൂഹങ്ങള്‍ക്ക് വിരാമമിട്ട് രാഹുല്‍ ഗാന്ധിയെ റായ്ബറേലിയിലും കിഷോരിലാല്‍ ശര്‍മയെ അമേഠിയിലും സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചു.

2019-ലേതിന് സമാനമായി രാഹുല്‍ ഇത്തവണയും രണ്ട് മണ്ഡലങ്ങളില്‍ മത്സരിക്കാന്‍ പോകുകയാണ്. നിലവില്‍ വയനാട്ടിലെ സിറ്റിങ് എംപിയായ രാഹുല്‍ ഇത്തവണയും ഇവിടെനിന്ന് ജനവിധി തേടിയിരുന്നു. 2019-ല്‍ വയനാടിന് പുറമെ അമേഠിയിലായിരുന്നു രാഹുല്‍ മത്സരിച്ചത്. എന്നാല്‍, ബിജെപിയുടെ സ്മൃതി ഇറാനിയോട് പരാജയപ്പെട്ടു.

സ്മൃതി ഇറാനിക്കെതിരെ ഇത്തവണ നെഹ്‌റു കുടുംബവുമായി ഏറെ അടുപ്പംപുലര്‍ത്തുന്ന കിഷോരിലാല്‍ ശര്‍മയെ ആണ് സ്ഥാനാര്‍ഥിയാക്കിയിരിക്കുന്നത്. സോണിയ ഗാന്ധിയുടെ സിറ്റിങ് സീറ്റായ റായ്ബറേലിയില്‍ പ്രിയങ്ക മത്സരിക്കുമെന്നായിരുന്നു പ്രതീക്ഷിച്ചിരുന്നതെങ്കിലും രാഹുലിനെയാണ് കോണ്‍ഗ്രസ് പ്രഖ്യാപിച്ചിരിക്കുന്നത്.

മേയ് 20-ന് പോളിങ് നടക്കുന്ന റായ്ബറേലിയിലും അമേഠിയിലും നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കേണ്ട സമയം ഇന്ന് മൂന്ന് മണിയോടെ അവസാനിക്കാനിരിക്കെയാണ് കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ഥി പ്രഖ്യാപനം.