പുലിമുട്ട് തയ്യാറായി; വിഴിഞ്ഞത്ത് ഇനി കപ്പലിനായി കാത്തിരിപ്പ്.

വിഴിഞ്ഞം തുറമുഖത്തിന്റെ പ്രധാന വെല്ലുവിളിയായി വിലയിരുത്തപ്പെട്ട മൂന്ന് കിലേമീറ്റര്‍ നീളം വരുന്ന പുലിമുട്ടിന്റെ നിര്‍മ്മാണം പൂര്‍ത്തിയായി. 2950 കിലോമീറ്റര്‍ നീളമാണ് വിഴിഞ്ഞം തുറമുഖത്തെ പുലിമുട്ടിന് ആവശ്യമായ നീളം. നിലവില്‍ 3050 മീറ്റര്‍ നീളത്തില്‍ പുലിമുട്ടിന്റെ നിര്‍മ്മാണം പൂര്‍ത്തീകരിച്ചു. അടുത്ത മാസം ആദ്യപകുതിയോടെ ബാര്‍ജുകളില്‍ കണ്ടെയിനര്‍ എത്തിച്ച് തുറമുഖത്തിന്റെ ട്രയില്‍ റണ്‍ നടത്തുമെന്ന് കമ്പിനി അധികൃതര്‍ അറിയിച്ചു. പുലിമുട്ടിനെ ബലപ്പെടുത്തുന്ന അക്രോപോഡുകളുടെ നിക്ഷേപം ഉടന്‍ പൂര്‍ത്തിയാക്കും.

ഏകദേശം ഏഴ് വര്‍ഷത്തിലധികമെടുത്താണ് പുലിമുട്ടിന്റെ നിര്‍മ്മാണം ബപൂര്‍ത്തികരിച്ചത്. വളരെ സങ്കീര്‍ണ്ണമായ നിര്‍മ്മാണമായതിനാലാണ് ഇത്രയും സമയം എടുക്കേണ്ടി വന്നതെന്ന് തുറമുഖത്തിന്റെ നടത്തിപ്പ് കമ്പിനി അധികൃതര്‍ പറഞ്ഞു. 20 അടി താഴ്ച്ചയില്‍ 3000 മീറ്റര്‍ നീളത്തില്‍ പുലിമുട്ട് നിര്‍മ്മാണം കടുത്ത വെല്ലുവിളികള്‍ നിറഞ്ഞതായിരുന്നു. പാറയുടെ ലഭ്യതക്കുറവ്, ഓഖി ഉള്‍പ്പടെ കടല്‍ക്ഷോഭങ്ങള്‍, കോവിഡ് മഹാമാരി, തുറമുഖത്തിനെതിരായ ലത്തീന്‍ അതിരൂപതയുടെ സമരം ഉള്‍പ്പടെ പുലിമുട്ട് നിര്‍മ്മാണത്തിന്റെ വേഗത കുറച്ചു. എന്നാല്‍ കോവിഡിനുശേഷം സര്‍ക്കാര്‍ വിഴിഞ്ഞത്തിനായി പാറമടകള്‍ അനുവദിച്ചത് നിര്‍മ്മാണത്തിനു വേഗതക്കൂട്ടി.

 

അതേസമയം, കേരളത്തിന് ഓണസമ്മാനമായി വിഴിഞ്ഞം അന്താരാഷ്ട്ര ട്രാന്‍സ്ഷിപ്പ്‌മെന്റ് തുറമുഖത്തിന്റെ കമ്മിഷനിങ് നടത്തുമെന്ന് തുറമുഖ വകുപ്പ് മന്ത്രി വാസവന്‍ അറിയിച്ചു. തുറമുഖ നിര്‍മ്മാണം സംബന്ധിച്ച അവലോകനയോഗത്തില്‍ പങ്കെടുത്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. യോഗത്തില്‍ പങ്കെടുത്തശേഷം മന്ത്രി ഉദ്യോഗസ്ഥര്‍ക്കൊപ്പം തുറമുഖത്തിന്റെ അനുബന്ധ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി. കഴിഞ്ഞയാഴ്ച വന്നെത്തിയ ഷെന്‍ഹുവ 35ലെ ക്രെയിനുകള്‍ ഇറക്കുന്ന ജോലികളുള്‍പ്പടെ മന്ത്രി നേരിട്ടു കണ്ടു. രണ്ട് ഷിപ്പ് ടു ഷോര്‍ ക്രെയിനും നാല് കാന്റിലിവര്‍ മൗണ്ടട് ക്രെയിനുകളുമായാണ് ഷെന്‍ഹുവ 35 എത്തിയത്.

ക്രെയിനുകളെ ഓട്ടോമാറ്റിക് സംവിധാനം ഉപയോഗിച്ച് നിയന്ത്രിക്കുന്ന കണ്‍ട്രോള്‍ യൂണിറ്റും മന്ത്രി സന്ദര്‍ശിച്ചു. രാജൃത്തിന് തന്നെ വിലപ്പെട്ട സമ്മാനമായി വിഴിഞ്ഞം തുറമുഖം മാറുമെന്നും അദ്ദേഹം പറഞ്ഞു. പരീക്ഷണാടിസ്ഥാനത്തിലാവും തുറമുഖത്ത് ചരക്കുകളുടെ കയറ്റിയിറക്കല്‍ നടത്തുക. കപ്പലില്‍നിന്ന് കരയിലേക്കും കരയില്‍നിന്ന് കപ്പലുകളിലേക്കും ചരക്കുകളുടെ കയറ്റിയിറക്കല്‍ നടത്തുന്ന ട്രയല്‍ റണ്ണാവും നടത്തുക. ഇതിനുള്ള എല്ലാ സാങ്കേതിക സംവിധാനവും അനുബന്ധ വിദഗ്ദ്ധരെയും സജ്ജമാക്കിയെന്ന് തുറമുഖ കമ്പനി അറിയിച്ചുവെന്ന് അദ്ദേഹം പറഞ്ഞു.

തുറമുഖത്തെ ചരക്കു നിയന്ത്രിണ പ്രവര്‍ത്തനത്തിനായി 32 ക്രെയിനുകളാണ് വേണ്ടത്. നിലവില്‍ 27 കെയിനുകള്‍ എത്തിക്കഴിഞ്ഞു.
21- യാര്‍ഡ് ക്രെയിനുകളും ആറ് ഷിപ്പ് ടു ഷോര്‍ ക്രെയിനുകളുമാണ് വിവിധ കപ്പലുകളില്‍ പലഘട്ടങ്ങളായി എത്തിച്ചത്. ശേഷിക്കുന്ന രണ്ട് ഷിപ്പ് ടു ഷോര്‍ ക്രെയിനുകളും മൂന്ന് യാര്‍ഡ് ക്രെയിനുകളും മേയ് 25 നുളളില്‍ തുറമുഖത്ത് കൊണ്ടുവരും. ചൈനയിലെ ഷാങ്ഹായിലുള്ള ഷെന്‍ഹുവ കോര്‍പ്പറേഷനില്‍ നിന്നുമാണ് അദാനി ഗ്രൂപ്പ് വിഴിഞ്ഞത്തിനാവശ്യമുള്ള ക്രെയിനുകള്‍ വാങ്ങുന്നത്.

മന്ത്രിക്കൊപ്പം ഫിഷറീസ് മന്ത്രി സജി ചെറിയാന്‍, തുറമുഖ സി.ഇ.ഒ. പ്രദീപ് ജയരാമന്‍, കോര്‍പ്പറേറ്റ് അഫയേഴ്‌സ് മേധാവി ഡോ. അനില്‍ ബാലകൃഷ്ണന്‍, വിസില്‍ എം.ഡി. ഡോ. ദിവ്യ. എസ്. അയ്യര്‍, സി.ഇ. ഒ. ശ്രീകുമാരന്‍ കെ. നായര്‍, തുറമുഖ സെക്രട്ടറി കെ.എസ്. ശ്രീനിവാസ് തുടങ്ങിയവര്‍ എത്തിയിരുന്നു.

 

അതിനിടെ രാജ്യത്തെ ആദ്യത്തെ ട്രാന്‍സ്ഷിപ്‌മെന്റ് തുറമുഖമായി ഷിപ്പിങ് മന്ത്രാലയത്തിന്റെ അനുമതി വിഴിഞ്ഞത്തിന് കഴിഞ്ഞയാഴ്ച്ച ലഭിച്ചു. ഇതോടെ കസ്റ്റംസ് ഓഫീസ് ഉള്‍പ്പടെയുള്ളവയുടെ പ്രവര്‍ത്തനങ്ങള്‍ക്കായുള്ള നടപടികള്‍ വിഴിഞ്ഞം പോര്‍ട്ട് അധികൃതര്‍ തുക്കമിട്ടു കഴിഞ്ഞു. മൂന്ന് മാസത്തിനകം സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഇന്‍ഡയറക്ട് ടാക്‌സസ് ആന്‍ഡ് കസ്റ്റംസിന്റെ അനുമതി ലഭിക്കുമെന്നാണു പ്രതീക്ഷ. ഇതോടെ വിദേശ കപ്പലുകള്‍ക്കും നാവികര്‍ക്കും വിഴിഞ്ഞത്ത് എത്തിച്ചേരാനാകും. വിദേശ ഷിപ്പിങ് കമ്പനികള്‍ക്കും വിഴിഞ്ഞം കേന്ദ്രീകരിച്ചു പ്രവര്‍ത്തനം നടത്താനാകുമെന്ന് തുറമുഖ അധികൃതര്‍ അറിയിച്ചു.

ട്രാന്‍സ്ഷിപ്‌മെന്റ് തുറമുഖമായി അനുമതി ലഭിച്ചതോടെ രാജ്യത്തെ കപ്പല്‍ വഴിയുള്ള ചരക്കുനീക്കത്തിന്റെ മദര്‍ പോര്‍ട്ടായി വിഴിഞ്ഞം മാറും. രാജ്യത്തിന്റെ വിവിധയിടങ്ങളില്‍ നിന്നും ആദ്യഘട്ടത്തില്‍ കപ്പലുകളിലും പിന്നീട് റോഡ് റെയില്‍ മാര്‍ഗം എത്തിക്കുന്ന ചരക്കുകളും കണ്ടെയ്‌നറുകളും വിഴിഞ്ഞത്തു വച്ച് വലിയ മദര്‍ഷിപ്പുകളിലേക്ക് മാറ്റി മറ്റു വിദേശ തുറമുഖങ്ങളിലേക്ക് കൊണ്ടുപോകാനാകും. വിദേശത്ത് നിന്നുള്ള ചരക്കുകളും വിഴിഞ്ഞത്ത് എത്തിച്ചത് മറ്റ് സ്ഥലങ്ങളിലേക്ക് മാറ്റാനുമാകും. അതിനായി ഓട്ടോമേറ്റഡ് ക്രെയിന്‍ ഉള്‍പ്പടെ ആധുനിക സംവിധാനങ്ങളാണ് വിഴിഞ്ഞത്ത് ഒരുങ്ങുന്നത്.

നിലവില്‍ രാജ്യത്തേക്കുള്ള പ്രധാന ചരക്കുനീക്കം കൈക്കാര്യം ചെയ്യുന്നത് കൊളംബോ, സിംഗപ്പൂര്‍, മലേഷ്യ, യുഎഇ എന്നിവിടങ്ങളിലെ തുറമുഖങ്ങള്‍ വഴിയാണ്. വിഴിഞ്ഞത്തിന്റെ മൂന്ന് ഘട്ടങ്ങളും പൂര്‍ത്തിയാകുന്നതോടെ മറ്റു രാജ്യങ്ങളിലെ തുറമുഖങ്ങളില്‍ എത്തിക്കുന്ന 80 ശതമാനം ചരക്കും വിഴിഞ്ഞത്തു നിന്നും ഒപ്പറേറ്റ് ചെയ്യാന്‍ സാധിക്കും.