കൊച്ചി : നവജാത ശിശുവിന്റെ മൃതദേഹം നടുറോഡിൽ കണ്ടെത്തിയ സംഭവത്തിൽ കുറ്റം സമ്മതിച്ച് 23-കാരി. യുവതി ബലാത്സംഗത്തിനിരയായതായി സംശയമുണ്ടെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ അറിയിച്ചു. അതിനാൽ തന്നെ പ്രതിയുടെ പേരുവിവരങ്ങൾ വെളിപ്പെടുത്താൻ സാധിക്കില്ലെന്നും അതിജീവിതയെന്ന അഭിസംബോധന ചെയ്യണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
യുവതി ഗർഭിണിയാണെന്ന വിവരം മാതാപിതാക്കൾക്ക് അറിവില്ലായിരുന്നുവെന്നും പൊലീസ് വ്യക്തമാക്കി. കുട്ടി ചാപിള്ളയായിരുന്നോ ജീവനുണ്ടായിരുന്നോ എന്നറിയില്ല. പോസ്റ്റുമോർട്ടത്തിന് ശേഷം മാത്രമാണ് മരണ കാരണം വ്യക്തമാകൂവെന്ന് പൊലീസ് അറിയിച്ചു. പുലർച്ചെയാണ് പ്രസവം നടന്നത്. മൂന്ന് മണിക്കൂറിന് ശേഷമാണ് എറിഞ്ഞ് കൊലപ്പെടുത്തിയത്. പരിഭ്രാന്തിയിലാകും എറിഞ്ഞതെന്നും പൊലീസ് സംശയിക്കുന്നു.
കഴിഞ്ഞ കുറച്ച് വർഷങ്ങളായി ഫ്ലാറ്റിലെ സ്ഥിര താമസക്കാരാണ് യുവതിയും മാതാപിതാക്കളും. ഇതിനിടെയിലാണ് യുവതി ഗർഭിണിയാകുന്നത്. ഗർഭിണിയായ വിവരം വീട്ടുകാർക്ക് അറിയില്ലായിരുന്നുവെന്ന് യുവതി പൊലീസിന് മൊഴി നൽകിയിട്ടുണ്ട്. ഇന്ന് പുലർച്ചെ അഞ്ച് മണിയോടെ ആയിരുന്നു പ്രസവം. പിന്നാലെ മുറിയുടെ വാതിലടച്ച് ബാത്ത്റൂമിൽ തന്നെ തുടർന്നു. മൂന്ന് മണിക്കൂറോളം മുറിയിൽ കഴിച്ചുകൂട്ടി. എട്ട് മണിയോടെ പെട്ടെന്നുണ്ടായ പരിഭ്രമത്തിൽ കുഞ്ഞിനെ താഴെയ്ക്ക് എറിയുകയായിരുന്നുവെന്നും യുവതി പൊലീസിന് മൊഴി നൽകി.
ആമസോൺ പാഴ്സൽ കവറിലെ വിവരങ്ങളാണ് അന്വേഷണത്തിൽ നിർണായകമായത്. കവറിലെ ബാർ കോഡ് സ്കാൻ ചെയ്തപ്പോഴാണ് 5 C1 ഫ്ലാറ്റിലെ താമസക്കാരിലേക്ക് അന്വേഷണം നീങ്ങിയത്. പിന്നാലെ ഫ്ലാറ്റിലെ ശുചിമുറിയിൽ രക്തക്കറ കണ്ടെത്തി. തുടർന്ന് യുവതിയെയും മാതാപിതാക്കളെയും ചോദ്യം ചെയ്തതോടെയാണ് ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുവന്നത്. യുവതിയെ വൈദ്യ പരിശോധനയ്ക്കായി എറണാകുളം ജനറൽ ആശുപത്രിയിലേക്ക് മാറ്റി. കൂടുതൽ നടപടികൾ ഉടനെന്ന് പൊലീസ് വൃത്തങ്ങൾ അറിയിച്ചു.