തിരുവനന്തപുരം മേയര്‍ ആര്യ രാജേന്ദ്രനും കെ.എസ്.ആര്‍.ടി.സി. ഡ്രൈവര്‍ യദുവും തമ്മിലുണ്ടായ തര്‍ക്കം ചര്‍ച്ചയാകുന്നതിനിടെ ഡ്രൈവര്‍ക്കെതിരേ പുതിയ വെളിപ്പെടുത്തലുമായി നടി റോഷ്ന ആര്‍ റോയ്. മേയര്‍ ആര്യ രാജേന്ദ്രന്‍ നേരിട്ടതിന് സമാനമായ അനുഭവം മാസങ്ങള്‍ക്ക് മുമ്പേ ഇതേ ഡ്രൈവറില്‍നിന്ന് തനിക്കും നേരിടേണ്ടി വന്നിട്ടുണ്ടെന്ന് റോഷ്ന മാതൃഭൂമിയോട് പറഞ്ഞു. പ്രവൃത്തി പുരോഗമിക്കുന്ന ദേശീയപാതയില്‍ വച്ച് അപകടകരമാം വിധം തന്റെ വാഹനത്തെ മറികടന്ന ഇയാള്‍ പിന്നീട് ബസ് റോഡില്‍ നിര്‍ത്തി ഇറങ്ങിവന്ന് കേട്ടാല്‍ അറയ്ക്കുന്ന അശ്ലീലഭാഷയില്‍ ഭീഷണിപ്പെടുത്തുകയും തെറിപറയുകയും ചെയ്തെന്നും റോഷ്ന പറയുന്നു.
കുറച്ച് മാസങ്ങള്‍ക്ക് മുമ്പാണ് സംഭവം നടന്നത്. വയനാടാണ് എന്റെ സ്വദേശം. എന്റെ ഒരുസ്ഥാപനത്തിന്റെ ഉദ്ഘാടനവുമായി ബന്ധപ്പെട്ട ആവശ്യങ്ങള്‍ക്ക് ഞാന്‍ കാറില്‍ ഡ്രൈവ് ചെയ്ത് സഹോദരന്‍ ജോസഫിനൊപ്പം എറണാകുളത്തേക്ക് വരികയായിരുന്നു. ദേശീയപാതയില്‍ നിര്‍മാണ പ്രവൃത്തികള്‍ നടക്കുന്നതിനാല്‍ പലയിടങ്ങള്‍ വാഹനം വേഗത കുറച്ച് മാത്രമേ പോകുവാന്‍ സാധിക്കുമായിരുന്നുള്ളൂ. കുന്നംകുളത്തിനടുത്തെത്തിയപ്പോഴാണ് ഒരു കെ.എസ്.ആര്‍.ടി.സി. ബസ് പിന്നാലെ വന്ന് തുടരെ ഹോണ്‍ അടിക്കാന്‍ ആരംഭിച്ചത്. റോഡില്‍ നിയന്ത്രണങ്ങളുണ്ടായതിനാല്‍ കാര്‍ ഒതുക്കി ബസിനെ കടത്തിവിടാനുള്ള സാഹചര്യം ഉണ്ടായില്ല.
തുടരെ ഹോണ്‍ അടിക്കുകയും അപകടകരമാം വിധം മറികടക്കാനും കെ.എസ്.ആര്‍.ടി.സി. ഡ്രൈവര്‍ ശ്രമിച്ചു. ബസ് കാറില്‍ തട്ടുമോ എന്ന് എനിക്ക് സത്യത്തില്‍ ഭയമായി. കാര്‍ ഒതുക്കാനുള്ള കുറച്ച് സ്ഥലം കിട്ടിയപ്പോള്‍ ഞാന്‍ മെല്ലെ റോഡരികിലേക്ക് ചേര്‍ത്തുനിര്‍ത്തു. കാറിനെ തൊട്ടു, തൊട്ടില്ല എന്ന രീതിയില്‍ ബസ് കടന്നുപോയി. ബസിലുണ്ടായിരുന്ന യാത്രക്കാര്‍ പോലും കാറിന് തട്ടിയോ എന്ന് തലവെളിയിലേക്കിട്ട് നോക്കി. ഞാന്‍ യാത്ര തുടര്‍ന്ന് കുറച്ച് ദൂരം പിന്നിട്ടപ്പോള്‍ സമാന ബസ് വീണ്ടും എന്റെ മുന്നില്‍ തന്നെ എത്തി. ഒന്നുരണ്ടുവട്ടം ഞാന്‍ അയാള്‍ ചെയ്തതുപോലെ പിറകില്‍നിന്ന് ഹോണ്‍ മുഴക്കി. പെട്ടെന്ന് നടുറോഡില്‍ ബസ് നിര്‍ത്തിവച്ച് ഡ്രൈവര്‍ യദു എന്റെ അരികിലേക്ക് ഇറങ്ങി വന്നു. കാറിനടുത്ത് വന്ന് അശ്ലീലവും ലൈംഗികച്ചുവയും കലര്‍ന്ന ഭാഷയില്‍ അയാളെന്നെ ഭീഷണിപ്പെടുത്തുകയും തെറിവിളിക്കുകയും ചെയ്തു. അത്രമാത്രം ഭീകരമായ ഒരുപ്രതികരണം ഞാനയാളില്‍ നിന്ന് പ്രതീക്ഷിച്ചില്ല. അതിനാല്‍ മറുത്തൊന്നും പറയാന്‍ എനിക്ക് സാധിച്ചില്ല. ഞാനും സഹോദരനും ശരിക്കും ഭയന്നുപോയി. കുറച്ച് നേരെ തെറിവിളിച്ച് ഒരുഗ്യാങ് സ്റ്റാര്‍ നായകനെ പോലെ അയാള്‍ വീണ്ടും ഡ്രൈവിങ് സീറ്റിലേക്ക് പോയി. ഞാന്‍ അപ്പോള്‍ തന്നെ ആ ബസിന്റെ ഫോട്ടോ എടുത്തു. ഈ സംഭവം എനിക്ക് മാനസികമായി വലിയ ആഘാതമുണ്ടാക്കി. അല്‍പ ദൂരം മുന്നോട്ട് ചെന്നപ്പോള്‍ മോട്ടോര്‍ വെഹിക്കിള്‍ ഉദ്യോഗസ്ഥരെ ഞാന്‍ റോഡരികില്‍ കണ്ടു. അവരോട് ഞാന്‍ സംഭവം വിശദീകരിച്ചു. സമാന സമയത്ത് ബസ് അതുവഴികടന്നുവന്നു. ഞാന്‍ ഉദ്യോഗസ്ഥരോട് സംസാരിക്കുന്നത് കണ്ട ഡ്രൈവര്‍ വീണ്ടും ബസ് നിര്‍ത്തി അവിടേക്ക് ഇറങ്ങി വന്ന് വെല്ലുവിളി നടത്തി. പരാതി ഉണ്ടെങ്കില്‍ പൊലീസ് സ്റ്റേഷനില്‍ ചെന്ന് എഴുതികൊടുക്കണം എന്ന് അവര്‍ ആവശ്യപ്പെട്ടു. എന്നാല്‍ അത്യാവശ്യമായി എറണാകുളത്ത് എത്തേണ്ടതിനാല്‍ പരാതിപ്പെടുന്നില്ലെന്നും ഡ്രൈവര്‍ യദുവിന് ഒരുതാക്കീത് നല്‍കിയാല്‍ മതി എന്നും പറഞ്ഞാണ് അന്ന് ഞാനവിടെ നിന്ന് തിരിച്ചത്.