റിയാദ്: ഈ വർഷത്തെ മെഡിക്കൽ പ്രവേശന പരീക്ഷയായ നീറ്റ് മെയ് അഞ്ചിന് ഞായറാഴ്ച റിയാദിൽ വെച്ച് നടക്കും. ദേശീയ പരീക്ഷ ഏജൻസിയായ എൻ.ടി.എയാണ് നീറ്റ് പരീക്ഷക്ക് മേൽനോട്ടം വഹിക്കുന്നത്. സൗദിയിലെ ഏക പരീക്ഷ കേന്ദ്രമായ റിയാദിലെ ഇന്റർനാഷനൽ ഇന്ത്യൻ സ്കൂൾ ബോയ്സിൽ (എക്സിറ്റ് 24) വെച്ചാണ് പരീക്ഷ. സൗദി സമയം 11.30 മുതൽ 2.50 വരെ പരീക്ഷ നടക്കും.
രാവിലെ 8.30ന് സ്കൂളിന്റെ പ്രവേശന കവാടം തുറക്കുമെങ്കിലും 11.00 മണിക്കാണ് റിപ്പോർട്ട് ചെയ്യേണ്ടത്. എന്നാൽ പരീക്ഷ കേന്ദ്രത്തിൽ നിശ്ചിത സമയത്ത് മാത്രമേ പ്രവേശനം അനുവദിക്കുകയുള്ളൂ. അഡ്മിറ്റ് കാർഡ്, ആവശ്യമായ ഐ.ഡി പ്രൂഫ് എന്നിവയുമായാണ് വിദ്യാർഥികൾ ഹാജരാവേണ്ടണ്ടത്. നിരോധിത വസ്തുക്കളില്ലാതെയും എൻ.ടി.എ നിർദ്ദേശിച്ച ഡ്രസ് കോഡ് പാലിച്ചുമാണ് കുട്ടികൾ പരീക്ഷ ഹാളിൽ പ്രവേശിക്കേണ്ടത്.
സൗദിയിലെ വിവിധ പ്രവിശ്യകളിൽ നിന്നായി ഈ വർഷം 566 വിദ്യാർഥികളാണ് പരീക്ഷക്ക് രജിസ്റ്റർ ചെയ്തിട്ടുള്ളത്. കഴിഞ്ഞ വർഷം 498 കുട്ടികൾ ഇതേ കേന്ദ്രത്തിൽ നീറ്റ് പരീക്ഷയിൽ പങ്കെടുത്തിരുന്നു. ഇന്ത്യൻ സ്കൂൾ പ്രിൻസിപ്പൽ മീര റഹ്മാൻ പരീക്ഷ സൂപ്രണ്ടും, ഇന്ത്യൻ എംബസി വിദ്യാഭ്യാസ ചുമതലയുള്ള മുഹമ്മദ് ഷബീർ കേന്ദ്ര നിരീക്ഷകനുമാണ്. ഇന്ത്യൻ സ്‌കൂളുകളിലെ തെരഞ്ഞെടുക്കപ്പെട്ട അധ്യാപകരാണ് പരീക്ഷക്ക് മേൽനോട്ടം വഹിക്കുക. നീറ്റ് പരീക്ഷ നടക്കുന്നതിനാൽ ഞായർ, തിങ്കൾ ദിവസങ്ങളിൽ സ്കൂളിൽ പഠനം ഉണ്ടായിരിക്കില്ലെന്നും ഒമ്പത് മുതൽ 12 വരെ ക്ലാസ്സുകളിലെ വിദ്യാർത്ഥികൾക്ക് രാവിലെ എഴ് മുതൽ ഒരു മണി വരെ ഓൺലൈനിൽ ക്ലാസ്സുകൾ നടക്കുമെന്നും സ്കൂൾ അധികൃതർ അറിയിച്ചു.