103 വയസ്സുകാരൻ ആരാധകന് ധോണിയുടെ സർപ്രൈസ് സമ്മാനം ; ഹൃദയം കവർന്ന് ഇതിഹാസ താരം

ചെന്നൈ: ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ 103 വയസ്സുള്ള ആരാധകന് സമ്മാനം നല്‍കി ഇതിഹാസ താരം എം എസ് ധോണി. ബ്രിട്ടീഷ് സൈനികനായിരുന്ന എസ് രാംദാസിനാണ് ധോണി ഒപ്പിട്ട ജഴ്‌സി സമ്മാനമായി നല്‍കിയത്. ചെന്നൈ സൂപ്പര്‍ കിങ്‌സ് തന്നെയാണ് വൈകാരികമായ ഈ വീഡിയോ പങ്കുവെച്ചത്.

രാംദാസ് എന്നെഴുതിയ 103-ാം നമ്പര്‍ ജഴ്‌സിയിലാണ് ടീമിനെ പിന്തുണയ്ക്കുന്നതിന് നന്ദി പറഞ്ഞുകൊണ്ട് ധോണി ഒപ്പിട്ടത്. ഈ ജഴ്‌സി രാംദാസ് അതിശയത്തോടെ സ്വീകരിക്കുന്നതും വീഡിയോയില്‍ കാണാം. ധോണിയുടെ സമ്മാനം ലഭിച്ചതില്‍ സന്തോഷമുണ്ടെന്നും രാംദാസ് പറയുന്നുണ്ട്.

ചെന്നൈയുടെ സൂപ്പര്‍ ഫാനാണ് രാംദാസിന്റെ വീഡിയോ നേരത്തെയും ടീം പുറത്തുവിട്ടിരുന്നു. സ്‌കൂളില്‍ പഠിക്കുന്ന കാലം മുതല്‍ തനിക്ക് ക്രിക്കറ്റില്‍ വളരെ താല്‍പര്യമുണ്ടായിരുന്നു. എന്നാല്‍ ക്രിക്കറ്റ് കളിക്കാന്‍ തനിക്ക് ഭയമായിരുന്നുവെന്നും അതിനാല്‍ ബാറ്റ് ചെയ്യാതെ ബൗള്‍ മാത്രമാണ് ചെയ്തിരുന്നതെന്നും അദ്ദേഹം പറഞ്ഞിരുന്നു. ട്വന്റി20 ക്രിക്കറ്റ് ഫോര്‍മാറ്റ് വേഗം കഴിയുന്നതാണെന്നും അതുകൊണ്ട് തന്നെ തനിക്ക് അത് ഇഷ്ടമാണെന്നും രാംദാസ് വ്യക്തമാക്കി.