തിരുവനന്തപുരം : തിരുവനന്തപുരം ജില്ലയിലെ രണ്ടു ഗ്രാമങ്ങളിൽ നിന്നുള്ള 11 വയസും ആറര വയസും പ്രായമുള്ള രണ്ട് കുട്ടികൾക്ക് മെച്ചപ്പെട്ട ജീവിത സാഹചര്യങ്ങൾ ഒരുക്കിയിരിക്കുകയാണ് പ്രമുഖ ഡിജിറ്റൽ ട്രാൻസ്‌ഫോർമേഷൻ സൊല്യൂഷൻസ് കമ്പനിയായ യു എസ് ടി. കമ്പനിയുടെ കോർപറേറ്റ് സോഷ്യൽ റെസ്‌പോൺസിബിലിറ്റി സംരംഭമായ ‘കരുതലോടെ’യുടെ ആഭിമുഖ്യത്തിലാണ് വെള്ളനാട് ബ്ലോക്കിലെ പതിനൊന്നുകാരനായ സാരംഗിനും, പെരുങ്കടവിള ബ്ലോക്കിലെ ആറര വയസ്സുള്ള അർജുനിനും (ശരിയായ പേരുകൾ അല്ല*) പുതിയ വീടുകൾ നിർമ്മിച്ചു നൽകിയത്.
യു എസ് ടി യുടെ ചീഫ് വാല്യൂസ് ഓഫീസറും ഗ്ലോബൽ ഓപ്പറേഷൻസ് സെന്റർ ഹെഡുമായ സുനിൽ ബാലകൃഷ്ണൻ, സിഎസ്ആർ അംബാസഡർ സോഫി ജാനറ്റ്, മറ്റു സി എസ് ആർ അംഗങ്ങളായ വിനീത് മോഹനൻ, ലക്ഷ്മി സരളകുമാരി, സുശീർ രാമചന്ദ്രൻ എന്നിവരുടെ നേതൃത്വത്തിൽ സാരംഗിനും മുത്തശ്ശിക്കും അന്താരാഷ്ട്ര സന്തോഷ ദിനമായ മാർച്ച് 20ന് പുതിയ വീട് കൈമാറി. അർജുൻ തന്റെ പുതിയ വീടിൻ്റെ താക്കോൽ വിഷുദിനമായ ഏപ്രിൽ 14 ന് ഏറ്റുവാങ്ങി.
സർക്കാരിൻ്റെ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിലൂടെയുള്ള വരുമാനം മാത്രമുള്ള മുത്തശ്ശിക്കൊപ്പമാണ് സാരംഗ് താമസിക്കുന്നത്. യു എസ് ടി യുടെ സി എസ് ആർ ടീമിൻ്റെ ‘കരുതലോടെ’ പദ്ധതി, അതിന്റെ നടപ്പാക്കൽ പങ്കാളിയായ ദ ഡെയ്ൽ വ്യൂവുമായി സഹകരിച്ചാണ് വീട് നിർമ്മിച്ച് കൈമാറിയത്. തനിക്ക് 28 ദിവസം മാത്രം പ്രായമുള്ളപ്പോൾ അർബുദം ബാധിച്ച് അമ്മ മരിച്ചതിനെ തുടർന്ന് ഷെൽട്ടർ ഹോമിൽ കഴിഞ്ഞിരുന്ന അർജുനാകട്ടെ ഇപ്പോൾ മുത്തശ്ശിയുടെ സംരക്ഷണത്തിലാണ്. അർജുനിനും പുതിയ വീട് ലഭിച്ചത് യു എസ് ടി യുടെ കരുതലോടെ പദ്ധതിയിലൂടെയാണ്. മികച്ച വിദ്യാഭ്യാസവും, പരിചരണവും, സംരക്ഷണവും ആവശ്യമുള്ള കുട്ടികളുടെ ജീവിത സാഹചര്യങ്ങൾ മെച്ചപ്പെടുത്താൻ ഉതകുന്ന വിധത്തിൽ പ്രവർത്തിക്കുന്ന കരുതലോടെ എന്ന സി എസ് ആർ സംരംഭം സമൂഹത്തിൽ ജീവിതപരിവർത്തനം സാധ്യമാക്കുക എന്ന യു എസ് ടി യുടെ കാഴ്ചപ്പാടിന് അനുസൃതമായി പ്രവർത്തിക്കുന്ന സി എസ് ആർ ഉദ്യമം ആണ്.
“സമൂഹത്തിലെ പാർശ്വവൽക്കരിക്കപ്പെട്ടവരുടെ ജീവിതപരിവർത്തനം സാധ്യമാക്കാനായി യുഎസ് ടിയുടെ സിഎസ്ആർ വിഭാഗം ഫലപ്രദമായി ഇടപെടുന്നുണ്ട്. പരിചരണവും സംരക്ഷണവും ആവശ്യമുള്ള കുട്ടികൾക്ക് മെച്ചപ്പെട്ട വിദ്യാഭ്യാസ സൗകര്യങ്ങളും സുഖപ്രദമായ ജീവിത സാഹചര്യങ്ങളും ഒരുക്കുകയെന്ന ലക്ഷ്യത്തോടെയുള്ള കരുതലോടെ പദ്ധതിയിലൂടെ, 11 വയസും ആറര വയസും പ്രായമുള്ള രണ്ടു കുട്ടികൾക്ക് പുതിയ വീടുകൾ നിർമ്മിച്ചു നൽകുവാൻ കഴിഞ്ഞു എന്നതിൽ ചാരിതാർഥ്യമുണ്ട്. ശരിയായ വാസസ്ഥലങ്ങളുടെ അഭാവം മൂലം പ്രശ്നങ്ങൾ നേരിട്ടിരുന്ന രണ്ട് ചെറിയ കുട്ടികൾക്കും അവരെ പരിപാലിക്കുന്ന അവരുടെ മുത്തശ്ശിമാർക്കും ഇതൊരു കൈത്താങ്ങായിരിക്കുകയാണ്, ”യു എസ് ടി തിരുവനന്തപുരം കേന്ദ്രത്തിലെ സി എസ് ആർ അംബാസഡർ സോഫി ജാനറ്റ് പറഞ്ഞു.
ഇവ കൂടാതെ യു എസ് ടി യുടെ സി എസ് ആർ പ്രവർത്തനങ്ങളുടെ ഭാഗമായി തിരുവനന്തപുരം ജില്ലയിലെ സ്നേഹയുടെ വീട്ടിൽ ശുചിമുറി പണിതു കൊടുക്കാൻ കഴിഞ്ഞിട്ടുണ്ട്. യു എസ് ടി യുടെ മേക്ക്-എ-വിഷ് പരിപാടിയുടെ ഭാഗമായി തിരുവനന്തപുരത്തിന് ചുറ്റുമുള്ള ഗ്രാമപ്രദേശങ്ങളിലെ 28 കുട്ടികൾക്ക് പഠനോപകരണങ്ങളും കൈമാറിയിട്ടുണ്ട്.