എറണാകുളം: പനമ്പിള്ളി നഗറിൽ നടുറോഡിയിൽ നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ അമ്മയ്‌ക്കെതിരെ കൊലക്കുറ്റം ചുമത്തി പോലീസ്. യുവതിയെ ഉടൻ കസ്റ്റഡിയിൽ എടുക്കും. പ്രാഥമിക അന്വേഷണത്തിന് ശേഷം ആയിരുന്നു യുവതിയ്‌ക്കെതിരെ കൊലക്കുറ്റം ചുമത്തിയത്.
ആരോഗ്യപ്രശ്‌നങ്ങളെ തുടർന്ന് നിലവിൽ യുവതി ആശുപത്രിയിൽ ചികിത്സയിലാണ്. ആരോഗ്യനില തൃപ്തികരമായാൽ യുവതിയെ കസ്റ്റഡിയിൽ വാങ്ങാൻ ആണ് അന്വേഷണ സംഘത്തിന്റെ തീരുമാനം. യുവതിയുടെ മൊഴി എതിരായാൽ സുഹൃത്തായിരുന്ന ആൾക്കെതിരെ അന്വേഷണം നടത്തുമെന്ന് പോലീസ് അറിയിച്ചു.
യുവതി ലൈംഗിക പീഡനത്തിനിരയായതായി വെളിപ്പെട്ട സാഹചര്യത്തിൽ പൊലീസ് ഈ കേസിലും അന്വേഷണം ഊർജിതമാക്കി. യുവതിയെ പീഡിപ്പിച്ചെന്നു കരുതുന്ന ആളിനെ തിരിച്ചറിഞ്ഞെന്നും ഇയാൾ നിരീക്ഷണത്തിലാണെന്നും പൊലീസ് വൃത്തങ്ങൾ വ്യക്തമാക്കി. ഇന്നു രാവിലെ പ്രസവിച്ച യുവതിയെ എറണാകുളം ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. കുഞ്ഞ് ചാപിള്ളയായാണോ ജനിച്ചത്, അതോ ജനിച്ച ശേഷം കൊലപ്പെടുത്തിയതാണോ തുടങ്ങിയ കാര്യങ്ങൾ പോസ്റ്റ്മോർട്ടത്തിനു ശേഷമേ വ്യക്തമാകൂ.
ഇന്ന് രാവിലെ എട്ട് മണിയോടെയായിരുന്നു കുഞ്ഞിന്റെ മൃതദേഹം നടുറോഡിൽ വലിച്ചെറിഞ്ഞ നിലയിൽ കണ്ടത്. കൊറിയർ കവറിൽ പൊതിഞ്ഞ നിലയിൽ ആയിരുന്നു മൃതദേഹം. ശുചീകരണ തൊഴിലാളികൾ ആയിരുന്നു സംഭവം ആദ്യം കണ്ടത്. ഉടനെ വിവരം പോലീസിനെ അറിയിക്കുകയായിരുന്നു.
കുട്ടിയെ പൊതിഞ്ഞ കവറിൽ നിന്നും വിലാസം പോലീസിന് ലഭിച്ചിരുന്നു. ഇതോടെ വീട്ടു വിലാസം കിട്ടിയ പൊലീസ് അവിടെ എത്തി. തുടർന്ന് നടന്ന ചോദ്യം ചെയ്യലിൽ അതിജീവിത കുറ്റം സമ്മതിക്കുകയായിരുന്നു. ഒരുമിച്ചിരുത്തിയുള്ള സംസാരത്തിലാണ് മാതാപിതാക്കളും ഇക്കാര്യം അറിഞ്ഞത് എന്ന് പൊലീസ് പറയുന്നു. അങ്ങേയറ്റം പരിഭ്രാന്തിയിലും പേടിയിലുമാണ് കുഞ്ഞിനെ പുറത്തേക്ക് എറിഞ്ഞത് എന്നും പൊലീസ് പറയുന്നു.