ലഡുവെന്ന് കേള്‍ക്കുമ്പോഴേ വായില്‍ വെള്ളമൂറുന്നവരാണ് മധുരപ്രിയർ. നല്ല മഞ്ഞ നിറത്തില്‍ നെയ്യും പഞ്ചസാരയും ചേര്‍ന്ന രുചിയില്‍ എത്രകഴിച്ചാലും മതിവരാത്ത പലഹാരമാണ് ലഡു. ലഡുവില്‍ത്തന്നെ പലതരത്തിലും നിറത്തിലുമുള്ളവ ലഭ്യമാണ്. ഏറെ രുചികരമായ ഒന്നാണ് ബേസന്‍ ലഡു അഥവാ കടലപ്പൊടികൊണ്ടുള്ള ലെഡു. ഇതിന്റെ റെസിപ്പി ഒന്ന് നോക്കിയാലോ?
ആവശ്യമായ ചേരുവകൾ
- കടലപ്പൊടി 2 കപ്പ്
- പഞ്ചസാര(പൊടിച്ചത്) ഒന്നരക്കപ്പ്
- നെയ് ഒരു കപ്പ്
- ബദാം പരിപ്പ് (ചെറുതായി അരിഞ്ഞത്) 4 എണ്ണം
- അണ്ടിപ്പരിപ്പ്(ചെറുതായി അരിഞ്ഞത്) 10എണ്ണം
തയ്യാറാക്കുന്ന വിധം
ചുവടു കട്ടിയുള്ള പാത്രത്തില്‍ നെയ് ഒഴിച്ച് അതിലേയ്ക്ക് കടപ്പൊടിയിട്ട് നന്നായി വറുക്കുക. കടലപ്പൊടിയുടെ പച്ചമണം മാറി, ഇളം ബ്രൗണ്‍ നിറത്തിലാകുമ്പോള്‍ അടുപ്പില്‍ നിന്നും മാറ്റി തണുക്കാന്‍ വെയ്ക്കുക. തണുത്തുകഴിഞ്ഞ പൊടിയിലേയ്ക്ക് ബദാം പരിപ്പ്, അണ്ടിപ്പരിപ്പ് എന്നിവയും പൊടിച്ചുവച്ച പഞ്ചസാരയും ചേര്‍ക്കുക. ഇവ നന്നായി കുഴച്ച് ചെറിയ ഉരുളകളായി ഉരുട്ടിയെടുക്കുക.
നെയ്യിന്റെ അളവ് കൂടിപ്പോകാതെ നോക്കണം, കടലപ്പൊടിയുടെ വേവും കൃത്യമായിരിക്കണം, ഇല്ലെങ്കില്‍ കഴിയ്ക്കുന്നതിനിടെ അതിന്റെ പച്ചച്ചുവ അരുചിയുണ്ടാക്കും. ആവശ്യമുള്ളവര്‍ക്ക് ഉണക്കമുന്തിരി നെയ്യില്‍ വറുത്തതും ഇതില്‍ ചേര്‍ക്കാം.