കോഴിക്കോട്: ഐസിയു പീഡന കേസിലെ അതിജീവിതയ്ക്ക് റിപ്പോർട്ട് നൽകി. ഗൈനക്കോളജിസ്റ്റ് കെ വി പ്രീതിക്കെതിരായ അന്വേഷണ റിപ്പോർട്ടാണ് ഉത്തര മേഖലാ ഐജി കൈമാറിയത്. റിപ്പോർട്ട് ആവശ്യപ്പെട്ട് അതിജീവിത കമ്മീഷണർ ഓഫീസിന് മുന്നിൽ നടത്തിയ സമരം ഐജി യുടെ ഉത്തരവിൽ വിശ്വസിച്ച് അവസാനിപ്പിക്കുകയാണെന്ന് മാധ്യമങ്ങളോട് പറഞ്ഞതിന് മണിക്കൂറുകൾക്ക് ശേഷമാണ് റിപ്പോർട്ട് നൽകിയത്.
എത്രയും പെട്ടെന്ന് റിപ്പോർട്ടിന്റെ പകർപ്പ് കൈമാറാൻ ഉത്തരമേഖല ഐജി കെ സേതുരാമൻ, കോഴിക്കോട് സിറ്റി പൊലീസ് കമ്മീഷണർക്ക് നിർദ്ദേശം നൽകിയിരുന്നു. റിപ്പോർട്ടിന്റെ പകർപ്പ് കൈമാറുന്നതിൽ തെറ്റില്ലെന്ന നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലായിരുന്നു ഐ ജിയുടെ നടപടി.
സമരം അവസാനിപ്പിച്ചതിന് പിന്നാലെ ഡോക്ടർ പ്രീതിക്കെതിരെ മെഡിക്കൽ കോളേജ് എസിപി നടത്തിയ അന്വേഷണ റിപ്പോർട്ടിന്റെ പകർപ്പ് അതിജീവിതയ്ക്ക് കൈമാറി. അന്വേഷണ റിപ്പോർട്ടിന്റെ പകർപ്പ് പരിശോധിച്ച ശേഷം ആവശ്യമെങ്കിൽ നിയമ പോരാട്ടം തുടരുമെന്ന് അതിജീവിത പറഞ്ഞു.
വൈദ്യപരിശോധന നടത്തിയ കെ വി പ്രീതി ശാസ്ത്രീയ പരിശോധന നടത്തിയില്ലെന്നും പരാതി മുഴുവൻ രേഖപ്പടുത്തിയില്ലെന്നുമായിരുന്ന അതിജീവിതയുടെ പരാതി. കൂടാതെ ശരീരത്തിൽ കണ്ട മുറിവുകൾ രേഖപ്പെടുത്താൻ നേഴ്സുമാർ പറഞ്ഞപ്പോൾ ഡോക്ടർ അതിജീവിതയെ അപമാനിക്കുന്ന തരത്തിൽ സംസാരിച്ചെന്നും പരാതിയിൽ പറയുന്നു.