Jesna Maria
കൊച്ചി: ജെസ്ന തിരോധാനക്കേസിൽ കേസ് ഡയറി ഹാജരാക്കണമെന്ന് അന്വേഷണ ഉദ്യോഗസ്ഥനോട് ഉത്തരവിട്ട് കോടതി. തിരുവനന്തപുരം സി.ജെ.എം കോടതിയുടേതാണ് ഉത്തരവ്. നാളെ കേസ് വീണ്ടും പരിഗണിക്കുമ്പോൾ കേസ് ഡയറി സമർപ്പിക്കണമെന്നാണ് കോടതിയുടെ നിർദേശം.
ഇതിനിടെ ജെസ്നയുടെ പിതാവ് ജെയിംസ് കോടതിയിൽ തെളിവുകൾ സമർപ്പിച്ചു. മുദ്രവെച്ച കവറിലാണ് ഇവ സമർപ്പിച്ചത്. ജസ്ന ജീവിച്ചിരിപ്പില്ലെന്നും അജ്ഞാത സുഹൃത്തിനെകുറിച്ചുള്ള വിവരങ്ങൾ രഹസ്യമായി കൈമാറാമെന്നും പിതാവ് കോടതിയെ അറിയിച്ചിരുന്നു. പിന്നാലെ കോടതി നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിലാണ് തെളിവുകൾ മുദ്രവെച്ച കവറിൽ കൈമാറിയത്. ഇവ സിജെഎം കോടതി പരിശോധിച്ചു.
കേസ് ഡയറി ഹാജരാക്കാൻ സിബിഐയോട് കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. പിതാവ് ഹാജരാക്കിയ തെളിവുകൾ സിബിഐ നേരത്തെ പരിഗണിച്ചിട്ടില്ലെങ്കിൽ, തുടരന്വേഷണത്തിന് ഉത്തരവിടുമെന്നാണ് കോടതി നിലപാട്. കേസ് നാളെ വീണ്ടും പരിഗണിക്കും.
ജെസ്ന മരിച്ചെന്നോ ജീവിച്ചിരിക്കുന്നെന്നോ സ്ഥിരീകരിക്കുന്ന തെളിവുകൾ ഒന്നും തന്നെ ലഭിച്ചിട്ടില്ലെന്നും അതിനാൽ കേസന്വേഷണം അവസാനിപ്പിക്കണമെന്നും കാണിച്ച് നേരത്തെ സി.ബി.ഐ കോടതിയിൽ ക്ലോഷർ റിപ്പോർട്ട് സമർപ്പിച്ചിരുന്നു.