പാലക്കാട്: കെ.എസ്.ഇ.ബി.യുടെ മേഖല തിരിച്ചുള്ള വൈദ്യുതി നിയന്ത്രണം പാലക്കാട് തുടങ്ങി. രാത്രി ഏഴിനും അർധരാത്രി ഒന്നിനും ഇടയിലാണ് നിയന്ത്രണം. പാലക്കാട് ട്രാൻസ്മിഷൻ സർക്കിളിന് കീഴിലുള്ള 15 സബ്സ്റ്റേഷനുകളിലാണ് നിയന്ത്രണം. പരീക്ഷണാടിസ്ഥാനത്തിലുള്ള നിയന്ത്രണമാണ് ഇത്.
മണ്ണാർക്കാട്, അലനല്ലൂർ, കൊപ്പം, ഷൊർണൂർ, ഒറ്റപ്പാലം, ആറങ്ങോട്ടുകര, പട്ടാമ്പി, കൂറ്റനാട്, പത്തിരിപ്പാല, കൊല്ലങ്ങോട് തുടങ്ങിയ പതിനഞ്ചോളം സബ് സ്റ്റേഷനുകളിലാണ് നിയന്ത്രണം. പരമാവധി പത്ത് മിനിറ്റ് വരെ ഉണ്ടാകൂ എന്നാണ് എ.എസ്.ഇ.ബി അറിയിക്കുന്നത്. ഡെപ്യൂട്ടി ചീഫ് എഞ്ചിനീയർ ഇത് സംബന്ധിച്ച സർക്കുലർ പുറത്തിറക്കി.
നേരത്തെ വൈദ്യുതി ഉപഭോഗം നിയന്ത്രിക്കാൻ കെ.എസ്.ഇ.ബി മാർഗനിർദ്ദേശം പുറത്തിറക്കിയിരുന്നു. രാത്രി പത്ത് മുതൽ പുലർച്ചെ രണ്ട് വരെ വൻകിട വ്യവസായ സ്ഥാപനങ്ങളുടെ പ്രവർത്തനം പുനഃക്രമീകരിക്കണം. രാത്രി ഒൻപതിന് ശേഷം അലങ്കാര ദീപങ്ങളും പരസ്യബോർഡുകളും പ്രവർത്തിപ്പിക്കരുത്. വീടുകളിൽ എ.സിയുടെ ഊഷ്മാവ് 26 ഡിഗ്രിക്ക് മുകളിൽ ക്രമീകരിക്കണം. രണ്ട് ദിവസത്തെ സ്ഥിതി വിലയിരുത്തി വീണ്ടും കെ.എസ്.ഇ.ബി സർക്കാരിന് റിപ്പോർട്ട് നൽകും. ജലവിതരണത്തെ ബാധിക്കാതെ വാട്ടർ അതോറിറ്റിയുടെ പ്ലംബിംഗ് ഒഴിവാക്കണം ലിഫ്റ്റ് ഇറിഗേഷന്റെയും ജല അതോറിറ്റിയുടെയും പമ്പിംഗ് രാത്രി ഒഴിവാക്കണമെന്നും കെ.എസ്.ഇ.ബി നിർദ്ദേശിച്ചു.
സംസ്ഥാനത്ത് ലോഡ് ഷെഡിങ് ഏര്‍പ്പെടുത്തേണ്ടതില്ലെന്ന് മന്ത്രി കെ കൃഷ്ണന്‍കുട്ടി വിളിച്ച യോഗത്തില്‍ നേരത്തെ തീരുമാനിച്ചിരുന്നു. ചില ഇടങ്ങളില്‍ ക്രമീകരണം ഏര്‍പ്പെടുത്തു. വൈദ്യുതി ഉപഭോഗം എങ്ങനെ കുറയ്ക്കാമെന്നത് സംബന്ധിച്ച നിര്‍ദേശങ്ങള്‍ അറിയിക്കാനും കെഎസ്ഇബിയോട് സര്‍ക്കാര്‍ ആവശ്യപ്പെട്ടിരുന്നു. ജനങ്ങള്‍ക്ക് ഇത് സംബന്ധിച്ച ബോധവത്കരണം നടത്തി അതിലൂടെ വൈദ്യുതി ഉപഭോഗത്തിന്റെ അളവ് കുറയ്ക്കാന്‍ കഴിയുമോ എന്നതടക്കമാണ് പരിഗണനയിലുള്ളത്.