തിരുവനന്തപുരം: സംസ്ഥാനത്ത് ലോഡ് ഷെഡിങ് ഒഴിവാക്കാൻ വിവിധ മാർഗനിർദേശങ്ങൾ പുറത്തിറക്കി കെഎസ്ഇബി. ചൂട് വർധിച്ചു വരുന്ന സാഹചര്യത്തിൽ വൈദ്യുതി മേഖലയുടെ പ്രവർത്തനത്തിൽ ചില ബുദ്ധിമുട്ടുകളുണ്ടെങ്കിലും പൊതുജനങ്ങളുടെ സഹകരണത്തോടെ ഊർജ്ജ സംരക്ഷണ പ്രവർത്തനങ്ങൾ ഉറപ്പാക്കിക്കൊണ്ട് വൈദ്യുതി വിതരണം കൂടുതൽ കാര്യക്ഷമതയോടെ നടത്താനാണ് തീരുമാനം. കെ.എസ്.ഇ.ബി സർക്കാരിന് നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം.
ഉപഭോക്താക്കളുടെ സഹകരണം ഉറപ്പുവരുത്താനുള്ള ചില നിർദേശങ്ങൾ സർക്കാർ മുന്നോട്ടുവെച്ചിട്ടുണ്ട്. ഗാർഹിക ഉപഭോക്താക്കളും വൻകിടവ്യവസായ സ്ഥാപനങ്ങളും ഉൾപ്പെടെ എല്ലാ ഉപഭോക്താക്കൾക്കും ഊർജ്ജ പ്രതിസന്ധി തരണം ചെയ്യുന്നതിൽ പങ്കുണ്ടെന്ന് തിരിച്ചറിഞ്ഞുകൊണ്ടുള്ള നിർദേശങ്ങളാണ് ഇവ.
രാത്രി 9 ന് ശേഷം വാണിജ്യ സ്ഥാപനങ്ങളുടെ അലങ്കാര ദീപങ്ങൾ, പരസ്യ ബോർഡുകൾ തുടങ്ങിയവ അണക്കണം. രാത്രി 10 മുതൽ പുലർച്ചെ 2 വരെയാണ് ക്രമീകരണം നടപ്പിലാക്കുക. 2 ദിവസം ഇത് വിലയിരുത്തി സർക്കാരിന് റിപ്പോർട്ട് നൽകും. വീടുകളിലും മറ്റും എസിയുടെ താപനില 26 ഡിഗ്രിയിൽ നിജപെടുത്തണമെന്നും നിർദേശമുണ്ട്.
അതേസമയം കഴിഞ്ഞദിവസത്തെ സംസ്ഥാനത്തെ വൈദ്യുതി ഉപഭോഗം പുതിയ റെക്കോർഡിട്ടു. പരമാവധി ഡിമാൻഡ് 5,854 മെഗാവാട്ടായി ഉയർന്നു. ഉപഭോഗം 114.1852 ദശലക്ഷം യൂണിറ്റായി. ഉപഭോഗം വർധിച്ചെങ്കിലും ഉപഭോക്താക്കൾ സഹകരിച്ചാൽ ബുദ്ധിമുട്ടൊഴിവാക്കി മുന്നോട്ടു പോകാമെന്ന് കെ.എസ്.ഇ.ബി വ്യക്തമാക്കി.