യൂറോപ്യൻ മലയാളി പെന്തക്കോസ്തൽ കമ്മ്യൂണിറ്റി രൂപീകരിച്ചു

ലണ്ടൻ∙ യുകെയിലും യൂറോപ്പിലുമായി വ്യാപിച്ചുകിടക്കുന്ന മലയാളി പെന്തകോസ്ത് സമൂഹത്തിന് ഒന്നിച്ച് ചേരാൻ “യൂറോപ്യൻ മലയാളി പെന്തക്കോസ്തൽ കമ്മ്യൂണിറ്റി (EMPC)” എന്ന പേരിൽ ഒരു പുതിയ ആത്മീയ കൂട്ടായ്മ ബ്രിട്ടനിൽ രൂപീകരിച്ചു. സങ്കീർത്തനം 133-ൽ നിന്നുള്ള “ദൈവജനം ഒരുമിച്ചു വസിക്കുകയും ഒന്നിച്ചു സേവിക്കുകയും ചെയ്യുക” എന്ന ആശയത്തിൽ അധിഷ്ഠിതമാണ് ഈ സംഘടനയുടെ പ്രവർത്തനങ്ങൾ.

മലയാളി പെന്തക്കോസ്ത് വിശ്വാസികൾക്കിടയിൽ ഐക്യവും ആത്മീയ വളർച്ചയും പരിപോഷിപ്പിക്കുക. അംഗങ്ങളുടെ ആത്മീയ അനുഭവങ്ങളും വിശ്വാസ ജീവിതത്തിലെ പാഠങ്ങളും വിഭവങ്ങളും പങ്കുവയ്ക്കാൻ ഒരു പൊതുവേദി സൃഷ്ടിക്കുക. ഭാവി തലമുറയെ ശാക്തീകരിക്കുകയും സജ്ജരാക്കുകയും ചെയ്യുക. കുടുംബങ്ങളെയും യുവജനങ്ങളെയും കുട്ടികളെയും ഉൾപ്പെടുത്തി വിവിധ കാര്യപരിപാടികൾ സംഘടിപ്പിക്കുക. മലയാളി പെന്തക്കോസ്ത് സമൂഹത്തിന്‍റെ വിശ്വാസ പൈതൃകം സംരക്ഷിക്കുകയും ആരാധന, ഉപദേശം, പ്രബോധനം എന്നിവയിലൂടെ അത് മുന്നോട്ട് കൊണ്ടുപോകുകയും ചെയ്യുക എന്നിവയാണ് ഇ.എം.പിസയുടെ ലക്ഷ്യങ്ങൾ.

ഇ.എം.പിസയുടെ ആദ്യത്തെ ദേശീയ സമ്മേളനം 2024 നവംബർ 2-ന് യുകെയിലെ നോർത്താംപ്ടണിൽ വച്ച് നടത്താൻ തീരുമാനിച്ചു. പ്രസ്തുത മീറ്റിങ്ങിൽ കുടുംബങ്ങൾക്കും കൗമാരക്കാർക്കും യുവതിയുവാക്കന്മാർക്കും പ്രത്യേക പരിപാടികളും വിവിധ വിഷയങ്ങളെ അടിസ്ഥാനമാക്കിയുള്ള പഠന ക്ലാസുകളും ഉണ്ടായിരിക്കും. വിവിധ പെന്തക്കോസ്ത് സഭകളുടെ സീനിയർ പാസ്റ്റർമാർ,

പെന്തക്കോസ്ത് സമൂഹത്തിലെ മുതിർന്ന നേതാക്കൾ, ലീഡേഴ്സ് എന്നിവർ കൂട്ടായ്മയ്ക്ക് നേതൃത്വം നൽകും. ഒരു എക്സിക്യൂട്ടീവ് ബോർഡ്, കോർ ടീം, ഫാമിലി ഗ്രൂപ്പ് എന്നിവ ഇ.എം.പി.സിയുടെ സുഗമമായ പ്രവർത്തനങ്ങൾക്കായി രൂപീകരിച്ചു. ജൂൺ 22ന്ഡെർബി പെന്തക്കോസ്തൽ ചർച്ചിൽ നടക്കുന്ന പ്രമോഷനൽ മീറ്റിംഗോടുകൂടി കൂട്ടായ്മയുടെ പ്രവർത്തനങ്ങൾ ആരംഭിക്കും. കൂടുതൽ വിവരങ്ങൾക്കായി താഴെകാണുന്ന നമ്പറുകളിൽ ബന്ധപ്പെടുക : 07878104772 , 07940444507, 07916571478, 07411539877, 07812165330

Latest News