കൊച്ചി: പനമ്പിള്ളി നഗറിലെ നവജാത ശിശുവിന്റെ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിലെ വിവരങ്ങള്‍ പുറത്ത്. തലയോട്ടി പൊട്ടിയതാണ് മരണത്തിന് മുഖ്യ കാരണം. കീഴ്താടിക്കും പൊട്ടലുണ്ട്. കുഞ്ഞിനെ വലിച്ചെറിഞ്ഞപ്പോഴാകാം പൊട്ടലുണ്ടായത്. ഒരു വാഹനം കുഞ്ഞിന് മേല്‍ കയറിയിറങ്ങിയിരുന്നു. വാഹനം കയറിയാണോ പൊട്ടലുണ്ടായതെന്നും സംശയമുണ്ട്. ശ്വാസം മുട്ടിയതിന്റെ ലക്ഷണമുണ്ടെന്നും പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു.
അതിനിടെ കൊലപാതക കേസില്‍ കുട്ടിയുടെ മാതാവിന്റെ അറസ്റ്റ് പോലീസ് രേഖപ്പെടുത്തി. സമൂഹമാധ്യമം വഴി പരിചയപ്പെട്ട യുവാവ് പീഡിപ്പിച്ചു എന്നാണ് യുവതിയുടെ മൊഴി. യുവതിയുടെ ആണ്‍ സുഹൃത്തിനെയും കണ്ടെത്തിയിട്ടുണ്ട്.
ഇന്ന് പുലര്‍ച്ചെ പ്രസവിച്ച് ഇവര്‍ കുഞ്ഞിനെ രാവിലെ എട്ട് മണിയോടെ ഫ്‌ളാറ്റില്‍ നിന്ന് പുറത്തേക്ക് വലിച്ചെറിയുകയായിരുന്നു. കൃത്യം നടത്തിയത് യുവതി ഒറ്റയ്ക്കാണ്. മാതാപിതാക്കള്‍ക്ക് യുവതി ഗര്‍ഭിണിയാണെന്ന് അറിയില്ലായിരുന്നു. യുവതി പീഡിപ്പിക്കപ്പെട്ടിട്ടുണ്ടെന്നുമാണ് പൊലീസ് സംശയിക്കുന്നത്. യുവതി എറണാകുളം ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. കേസില്‍ കുട്ടിയുടെ മാതാവിനെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇവര്‍ക്കെതിരെ കൊലപാതക കുറ്റമാണ് ചുമത്തിയിരിക്കുന്നത്.
ഫ്‌ളാറ്റിലെ ശുചിമുറിയില്‍ വച്ച് കുഞ്ഞിനെ കൊലപ്പെടുത്തിയതാണോയെന്ന് സംശയമുണ്ട്. കവറിലാക്കിയാണ് സമീപത്തെ മാലിന്യക്കൂമ്പാരത്തിലേക്ക് എറിഞ്ഞത്. എന്നാല്‍ ഉന്നം തെറ്റി നടുറോഡിലേക്ക് വീഴുകയായിരുന്നു. പൊലീസ് പരിശോധനയില്‍ ശുചിമുറിയില്‍ രക്തക്കറ കണ്ടെത്തിയിരുന്നു.
സംഭവത്തില്‍ പ്രതികളിലേക്കെത്താന്‍ പൊലീസിനെ സഹായിച്ചത് കൊറിയര്‍ കവറിലെ മേല്‍വിലാസമാണ്. കുഞ്ഞിന്റെ മൃതദേഹം പൊതിഞ്ഞിരുന്നത് ആമസോണ്‍ സൈറ്റില്‍ നിന്ന് വന്ന കൊറിയര്‍ കവറിലായിരുന്നു. ഇതിലുണ്ടായിരുന്ന ഫ്‌ളാറ്റ് മേല്‍വിലാസം കൃത്യമായി പൊലീസിനെ പ്രതികളിലേക്കെത്തിക്കുകയായിരുന്നു.
നിലവില്‍ ആരോഗ്യ പ്രശ്‌നങ്ങളെ തുടര്‍ന്ന് ആശുപത്രിയില്‍ കഴിയുന്ന യുവതിയെ ഡിസ്ചാര്‍ജ് ചെയ്ത ശേഷം ആയിരിക്കും കൂടുതല്‍ ചോദ്യംചെയ്യലുകള്‍ക്ക് പൊലീസ് മുതിരുക. താന്‍ പീഡനത്തിന് ഇരയായതായും ഇന്‍സ്റ്റഗ്രാം വഴി പരിചയപ്പെട്ട യുവാവാണ് തന്നെ നിര്‍ബന്ധിച്ചു ലൈംഗിക പീഡനം നടത്തിയതെന്നും യുവതി പോലീസിന് മൊഴി നല്‍കിയിട്ടുണ്ട്. ആരോപണ വിധേയനായ യുവാവിനെ പോലീസ് ഉടന്‍ കസ്റ്റഡിയില്‍ എടുക്കുമെന്ന സൂചനയും പുറത്തു വരുന്നുണ്ട്.
കേസുമായി ബന്ധപ്പെട്ട് കൂടുതല്‍ വകുപ്പുകള്‍ ചേര്‍ത്ത് അറസ്റ്റ് അടക്കമുള്ള നടപടികളിലേക്ക് പോലീസ് കടന്നേക്കും. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ തുടര്‍നടപടികളിലേക്ക് കടക്കാനാണ് പോലീസ് ഒരുങ്ങുന്നത്.