ശക്തമായ പ്രതിഷേധങ്ങൾക്കൊടുവിൽ ഡ്രൈവിങ് ടെസ്റ്റുകള്‍ക്കായി ഏര്‍പ്പെടുത്തിയ പുതിയ പരിഷ്‌കാരങ്ങളില്‍ നേരിയ ഇളവുകള്‍ നല്‍കി സര്‍ക്കാര്‍. ഇവ സംബന്ധിച്ച സര്‍ക്കുലര്‍ ഗതാഗതവകുപ്പ് ശനിയാഴ്ച പുറത്തിറക്കും. ഇളവുകളിന്മേലുള്ള നിലപാട് ഡ്രൈവിങ് സ്‌കൂളുകള്‍ നാളെ അറിയിക്കും.
നേരത്തേ പ്രതിദിനം 30 ടെസ്റ്റുകള്‍ എന്ന് നിജപ്പെടുത്തിയത് 40 ആക്കി ഉയര്‍ത്തിയിട്ടുണ്ട്. പുതിയ 25 പേര്‍, പഴയ 10 പേര്‍, വിദേശത്ത് പോകുന്ന അഞ്ചുപേര്‍ എന്നിങ്ങനെയാണ് പുതിയ ക്രമീകരണം. വിദേശത്ത് പോകുന്ന അഞ്ചുപേര്‍ ഹാജരാകുന്നില്ലെങ്കില്‍ ലേണേഴ്‌സ് കാലാവധി കഴിഞ്ഞ അഞ്ച് പേരെ പരിഗണിക്കാം. ആദ്യം റോഡ് ടെസ്റ്റ്, പിന്നീട് H എടുക്കല്‍ എന്ന ക്രമത്തിലാകും ടെസ്റ്റുകള്‍ നടക്കുക.
ഇതിനുപുറമെ നിലവിലെ പല നിബന്ധനകളും നടപ്പാക്കുന്നതിന് കൂടുതല്‍ സമയം അനുവദിക്കുകയും ചെയ്തിട്ടുണ്ട്. 15 വര്‍ഷം കാലാവധി പൂര്‍ത്തിയായ വാഹനം മാറ്റുന്നതിന് ആറ് മാസത്തെ സമയമാണ് അനുവദിച്ചത്. ഡാഷ് ബോര്‍ഡ് ക്യാമറ സ്ഥാപിക്കാന്‍ മൂന്ന് മാസത്തെ സാവകാശവും അനുവദിച്ചിട്ടുണ്ട്.
ഡ്രൈവിങ് ടെസ്റ്റുമായി ബന്ധപ്പെട്ട പുതിയ പരിഷ്‌കാരങ്ങള്‍ക്കെതിരെ ഡ്രൈവിങ് സ്‌കൂളുകളുടെ ഭാഗത്തുനിന്ന് വ്യാപകമായ പ്രതിഷേധമാണ് ഉയര്‍ന്നത്. കൂടിയാലോചനകളില്ലാതെ മന്ത്രി ഏകപക്ഷീയമായി എടുത്ത തീരുമാനമാണ് ഇപ്പോള്‍ നടപ്പാക്കുന്നതെന്ന് ഉടമകള്‍ ആരോപിച്ചു. സ്‌കൂള്‍ ഉടമകളുടെ പ്രതിഷേധത്തെ തുടര്‍ന്ന് പരിഷ്‌കാരങ്ങള്‍ നടപ്പാക്കിയ ആദ്യ ദിനം മുതല്‍ തന്നെ സംസ്ഥാനത്തെ ഡ്രൈവിങ് ടെസ്റ്റുകള്‍ മുടങ്ങിയിരുന്നു.