കനത്ത ചൂടായതിനാൽ തന്നെ വിയർത്തൊട്ടി വീട്ടിൽ വന്ന് കയറിയാൽ നേരെ പോകുന്നത് ഫ്രിഡ്ജിനടുത്തേക്കായിരിക്കും. തണുത്ത വെള്ളം കുടിക്കുമ്പോൾ വല്ലാത്തൊരു ആശ്വാസം നമുക്ക് ലഭിക്കും. എന്നാൽ ഇത് വെറുമൊരു താത്കാലിക ആശ്വാസം മാത്രമാണെന്നും ഇതിനുള്ളിൽ പതിയിരിക്കുന്ന അപകടങ്ങൾ അറിഞ്ഞിരിക്കണമെന്നും വിദഗ്ധർ പറയുന്നു.
ചൂടുകാലത്ത് തണുത്ത വെള്ളം കുടിക്കുന്നത് ശരീരത്തിന് നല്ലതല്ലെന്നാണ് വിദഗ്ധരുടെ അഭിപ്രായം. ഫ്രിഡ്ജിൽ വച്ച തണുത്ത വെള്ളം കുടിക്കുമ്പോൾ പുറത്ത് എത്രത്തോളം ചൂട് കൂടുന്നുവോ അത്രത്തോളം ശരീരത്തിന്റെ താപനിലയും കൂടുന്നു. അമിതമായി തണുത്ത വെള്ളം കുടിക്കുന്നത് കുടലിന്റെ പ്രവർത്തനങ്ങളെ ദോഷകരമായി ബാധിക്കുകയും ഇത് ദഹനപ്രശ്‌നങ്ങൾ ഉണ്ടാക്കുന്നതിന് കാരണമാകുകയും ചെയ്യുന്നു. കൂടാതെ തൊണ്ടവേദന, മൂക്കപ്പടപ്പ്, ശ്വാസതടസം എന്നിവയിലേക്കും ഇത് വഴി വച്ചേക്കാം..
അങ്ങനെയെങ്കിൽ ചൂടിനെ പ്രതിരോധിക്കാൻ മാർഗങ്ങളില്ലേ എന്നായിരിക്കും നിങ്ങൾ ഇപ്പോൾ ചിന്തിക്കുന്നത്. അതിനായി ശുദ്ധജലം ധാരാളം കുടിക്കാം. ഇനി തണുത്ത വെള്ളം തന്നെ നിങ്ങൾക്ക് കുടിക്കണമെന്നുണ്ടെങ്കിൽ മൺപാനിയിൽ നിറച്ച വെള്ളം കുടിക്കാം. ഇത് വെള്ളത്തിന് സ്വാഭാവികമായ തണുപ്പ് നൽകുന്നു.