ഓട്ടവ: ഖലിസ്ഥാൻ ഭീകരൻ ഹർദീപ് സിങ് നിജ്ജാറിനെ വെടിവച്ചു കൊന്ന സംഭവത്തിൽ 3 ഇന്ത്യക്കാരെ കാനഡ അറസ്റ്റ് ചെയ്തത്. നിജ്ജാറിനെ വെടിവച്ചയാൾ, ഡ്രൈവർ, നിജ്ജാറിന്റെ നീക്കങ്ങൾ നിരീക്ഷിച്ചയാൾ എന്നിവരാണ് അറസ്റ്റിലായതെന്നു കാനഡയിലെ സിടിവി ചാനൽ റിപ്പോർട്ട് ചെയ്തു. കാനഡയിൽ നടന്ന മറ്റു 3 കൊലപാതകങ്ങൾക്കു പ്രതികളുമായി ബന്ധമുണ്ടോ എന്നും പരിശോധിക്കുന്നുണ്ട്.
കഴിഞ്ഞ ജൂൺ 18നാണു കാനഡയിൽ വച്ച് നിജ്ജാറിനെ വെടിവച്ച് കൊന്നത്. കാനഡ– യുഎസ് അതിർത്തിയിലെ സറെയിൽ സിഖ് ഗുരുദ്വാരയ്ക്കു പുറത്തു നിർത്തിയിട്ടിരുന്ന വാഹനത്തിലാണു ഖലിസ്ഥാൻ ടൈഗർ ഫോഴ്സിന്റെ (കെടിഎഫ്) കാനഡയിലെ തലവനായ നിജ്ജാറിന്റെ മൃതദേഹം കണ്ടെത്തിയത്. തലയ്ക്കു വെടിയേറ്റിരുന്നു. ഇന്ത്യ 10 ലക്ഷം രൂപ വിലയിടുകയും പിടികിട്ടാപ്പുള്ളികളുടെ പട്ടികയിൽ ഉൾപ്പെടുത്തുകയും ചെയ്ത ഭീകരനാണു നിജ്ജാർ. കൊലപാതകത്തിൽ ഇന്ത്യയ്ക്ക് പങ്കുണ്ടെന്നു സെപ്റ്റംബർ 18ന് കനേഡിയൻ പാർലമെന്റിൽ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ ആരോപിച്ചിരുന്നു. ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം ഇതിനെ തുടർന്നു വഷളായിരുന്നു.