ഹൈദരാബാദ്: ഹൈദരാബാദ് സർവകലാശാലയിൽ 2016ൽ ആത്മഹത്യ ചെയ്ത ഗവേഷക വിദ്യാർഥി രോഹിത് വേമുല മരണം പുനരന്വേഷിക്കാൻ തെലങ്കാന സർക്കാരിന്റെ ഉത്തരവ്. രോഹിത് വേമുല ദലിതനല്ലെന്നു ചൂണ്ടിക്കാട്ടി പൊലീസ് സമർപ്പിച്ച അന്തിമ അന്വേഷണ റിപ്പോർട്ട് തള്ളിക്കൊണ്ടാണ് ഉത്തരവ്. തെലങ്കാന ഡിജിപി രവി ഗുപ്തയാണ് പുനരന്വേഷണത്തിന് ഉത്തരവിട്ടത്. റിപ്പോർട്ട് തള്ളുന്നതിന് കോടതിയിൽ ഡിജിപി അപേക്ഷ നൽകും. അന്വേഷണത്തിൽ രോഹിത്തിന്റെ അമ്മ അതൃപ്തി അറിയിച്ചതോടെയാണ് പുതിയ ഉത്തരവ്. കേസ് അവസാനിപ്പിക്കുന്നതിനെതിരെ ഹൈദരാബാദ് സർകലാശാല ക്യാംപസിലും പ്രതിഷേധം ഉയർന്നിരുന്നു.
രോഹിത് വേമുല ദലിതനല്ലെന്നാണ് കോടതിയിൽ പൊലീസ് അന്തിമ അന്വേഷണ റിപ്പോർട്ടിൽ പറയുന്നത്. ദലിത് സർട്ടിഫിക്കറ്റ് ഉപയോഗിച്ചു നേടിയ അക്കാദമിക് നേട്ടങ്ങൾ നഷ്ടപ്പെടുമെന്നും നിയമനടപടി നേരിടേണ്ടിവരുമെന്നുമുള്ള ഭയം രോഹിതിനെ ആത്മഹത്യയിലേക്കു നയിച്ചെന്നും റിപ്പോർട്ടിൽ പറയുന്നു. രാജ്യമൊട്ടാകെ കോളിളക്കമുണ്ടാക്കിയ വിഷയത്തിൽ അന്വേഷണം നടത്തിയ സൈബരാബാദ് പൊലീസാണ് കേസവസാനിപ്പിച്ചു റിപ്പോർട്ട് നൽകിയത്.