മുട്ട ശരീരത്തിന്റെ പ്രോട്ടീന്‍ ആവശ്യങ്ങള്‍ ഒരു പരിധി വരെ പൂര്‍ത്തീകരിയ്ക്കുന്ന ഒരു ഭക്ഷണമാണ്. ഇതുകൊണ്ട് പല വിഭവങ്ങളും തയ്യറാക്കാം. വൈകുന്നേരത്തെ ചായക്ക് കഴിയ്ക്കാനായി മുട്ട കൊണ്ട് എഗ് റോള്‍ ഉണ്ടാക്കി നോക്കിയാലോ?
ആവശ്യമായ ചേരുവകൾ
- മുട്ട-4
- സവാള-2
- വെളുത്തുള്ളി പേസ്റ്റ്-1 ടീസ്പൂണ്‍
- ഇഞ്ചി പേസ്റ്റ്-1 ടീസ്പൂണ്‍
- തക്കാളി-1
- മൈദമാവ്-2 കപ്പ്
- ജീരകപ്പൊടി-1 ടീസ്പൂണ്‍
- കുരുമുളകുപൊടി-1 ടീസ്പൂണ്‍
- പച്ചമുളക്-3
- കുരുമുളക്-6
- ഗ്രാമ്പൂ-2
- കറുവാപ്പട്ട-ഒരു കഷ്ണം
- ഏലയ്ക്ക-4
- മല്ലിയില
- എണ്ണ
- ബട്ടര്‍
- ഉപ്പ്
- വെള്ളം
തയ്യറാക്കുന്ന വിധം
മാവില്‍ ഉപ്പും വെള്ളവും അല്‍പം എണ്ണയും ചേര്‍ത്ത് കുഴച്ച് ചപ്പാത്തി പരുവത്തിലാക്കുക. ഇത് നോണ്‍ സ്റ്റിക് പാനില്‍ അല്‍പം എണ്ണയോ ബട്ടറോ ചേര്‍ത്ത് ഇരുവശവും വേവിച്ചെടുക്കുക. മുട്ട പൊട്ടിച്ച് ഒരു പാത്രത്തിലൊഴിയ്ക്കുക. ഇത് നല്ലപോലെ ഉടയ്ക്കണം. ഇതിലേക്ക് അല്‍പം കുരുമുളകുപൊടി, ഉപ്പ്, അരിഞ്ഞു വച്ചിരിയ്ക്കുന്ന പകുതി പച്ചമുളക് എ്ന്നിവ ചേര്‍ത്തിളക്കുക.
ഒരു പാനില്‍ അല്‍പം എണ്ണയൊഴിച്ച് ഇതിലേക്ക് മസാലകള്‍, ജീരകപ്പൊടി, ഏലയ്ക്ക, കുരുമുളക് എന്നിവ ചേര്‍ത്തിളക്കുക. പിന്നീട് ഇതിലേക്ക് അരിഞ്ഞു വച്ചിരിയ്ക്കുന്ന സവാള ചേര്‍ത്തിളക്കണം. ഇഞ്ചി, വെളുത്തുള്ളി പേസ്റ്റുകളും ചേര്‍ത്തിളക്കണം. ഇത് നല്ലപോലെ വഴറ്റി തക്കാളി ചേര്‍ക്കുക. തക്കാളി പൂര്‍ണമായും ഉടയുന്നതു വരെ ഇളക്കി പേസ്റ്റാക്കുക. ബാക്കി പച്ചമുളകും ചേര്‍ക്കാം
മുകളിലെ മിശ്രിതത്തിലേക്ക് മുട്ട മിശ്രിതം ചേര്‍ത്ത് ഇളക്കണം. ഇത് നല്ലപോലെ വെന്തു കഴിഞ്ഞാല്‍ വാങ്ങി വയ്ക്കാം. ഈ കൂട്ടില്‍ നിന്നും അല്‍പം വീതം എടുത്ത് തയ്യാറാക്കി വച്ചിരിയ്ക്കുന്ന മൈദ പൊറോട്ടയുടെ ഉള്ളില്‍ വ്ച്ച് ചുരുട്ടി എഗ് റോള്‍ തയ്യാറാക്കാം.