ബ്രെഡ് മിക്കവാറും പേരുടെ ദൈനംദിന ഭക്ഷണത്തില്‍ പെട്ടു കഴിഞ്ഞു. ഏതു നേരത്തു വേണമെങ്കിലും, പ്രാതലായാലും സനാക്‌സായാലും ഇതു കഴിയ്ക്കാം. ബ്രെഡിന് രൂപഭേദം നല്‍കി മിക്‌സ്ഡ് വെജിറ്റബിള്‍ സാന്റ്‌വിച്ച് തയ്യറാക്കിയാലോ?
ആവശ്യമായ ചേരുവകൾ
- ബ്രെഡ്-8 കഷ്ണം
- സവാള-1
- ക്യാപ്‌സിക്കം-1
- ക്യാരറ്റ്-1
- ചോളം-അര കപ്പ്
- മുളകുപൊടി-അര ടീ സ്പൂണ്‍
- കുരുമുളകു പൊടി-അര ടീ സ്പൂണ്‍
- ബട്ടര്‍-1 ടീസ്പൂണ്‍
- ഉപ്പ്
- മല്ലിയില
തയ്യറാക്കുന്ന വിധം
സവാള, ക്യാപ്‌സിക്കം എന്നിവ ചെറുതായി അരിയുക. ക്യാരറ്റ് ഗ്രേറ്റ് ചെയ്യണം. ചോളമണികള്‍ വേവിച്ചു വയ്ക്കുക. ഒരു നോണ്‍ സ്റ്റിക് പാനില്‍ ബട്ടര്‍ ചൂടാക്കണം. ഇതിലേക്ക് സവാളയിട്ട് നല്ലപോലെ വഴറ്റുക. ഇളം ബ്രൗണ്‍ നിറമാകുന്നതു വരെ വഴറ്റണം. ഇതിലേക്ക് അരിഞ്ഞ ക്യാപ്‌സിക്കം, ക്യാരറ്റ്, വേവിച്ച ചോളം എന്നിവ ഇടണം.
മുളകുപൊടി, കുരുമുളകുപൊടി, ഉപ്പ് എന്നിവ മുകളിലെ പച്ചക്കറിക്കൂട്ടില്‍ ചേര്‍ത്തിളക്കണം. ഇത് 3 മിനിറ്റ് വേവിച്ച ശേഷം വാങ്ങി വയ്ക്കുക. ഒരു കഷ്ണം ബ്രെഡിന്റെ ഒരു ഭാഗത്ത് അല്‍പം ബട്ടര്‍ പുരട്ടി ഈ പച്ചക്കറിക്കൂട്ട് നിരത്തുക. മറ്റൊരു കഷ്ണം ബ്രഡ് ഇതിനു മുകളില്‍ വയ്ക്കണം. ഇത് ടോസ്റ്റ് ചെയ്‌തെടുക്കാം.
സ്വീറ്റ് കോണ്‍ ഉപയോഗിക്കുന്നതായിരിക്കും കൂടുതല്‍ സ്വാദു നല്‍കുക. ടോസ്റ്ററില്ലെങ്കില്‍ ദോഷക്കല്ലില്‍ വച്ച് ഇരുഭാഗങ്ങളും മൊരിച്ചെടുത്താല്‍ മതിയാകും.