പുളിയും എരിവുമുള്ള സ്വാദേറും തക്കാളിക്കുറുമ

ആരോഗ്യത്തിനും ചര്‍മത്തിനും ഒരുപോലെ ഗുണകരമായ ഒന്നാണ് തക്കാളി. പല ഭക്ഷണസാധനങ്ങളുടേയും അടിസ്ഥാന ചേരുവകളിലൊന്നാണ് തക്കാളി. തക്കാളി കൊണ്ട് പലതരം കറികളും ഉണ്ടാക്കാം. ഇന്ന് തക്കാളി കുറുമ ഒന്നു പരീക്ഷിച്ചു നോക്കിയാലോ? പുളിയും എരിവുമുള്ള ഇത് ഉണ്ടാക്കാനും എളുപ്പം.

ആവശ്യമായ ചേരുവകൾ

  • തക്കാളി-4
  • സവാള-1
  • പച്ചമുളക്-2
  • ഇഞ്ചി- 1 കഷ്ണം
  • വെളുത്തുള്ളി-5
  • മഞ്ഞള്‍പ്പൊടി-അര ടീ സ്പൂണ്‍
  • മുളകുപൊടി-1 ടീസ്പൂണ്‍
  • മല്ലിപ്പൊടി-1 ടീസ്പൂണ്‍
  • കടുക്-1 ടീസ്പൂണ്‍
  • പെരുഞ്ചീരകം-1 ടീ സ്പൂണ്‍
  • ജീരകം-1 ടീസ്പൂണ്‍
  • നാളികേരം-2 ടേബിള്‍ സ്പൂണ്‍ (ചിരകിയത്)
  • കശുവണ്ടിപ്പരിപ്പ്-8
  • കറിവേപ്പില
  • ഉപ്പ്
  • എണ്ണ

തയ്യറാക്കുന്ന വിധം

നാളികേരം, കശുവണ്ടിപ്പരിപ്പ്, ജീരകം, പെരുഞ്ചീരകം എ്ന്നിവ ചേര്‍ത്തരച്ച് പേസ്റ്റാക്കുക. ഒരു പാത്രത്തില്‍ എണ്ണ ചൂടാക്കി ഇതില്‍ കടുകു പൊട്ടിക്കുക. ഇതിലേക്ക് കറിവേപ്പില, പച്ചമുളക് എന്നിവ ചേര്‍ക്കണം.

ഈ കൂട്ടിലേക്ക് സവാള ചേര്‍ത്തിളക്കുക. ഇതിലേക്ക് വെളുത്തുള്ളി, ഇഞ്ചി എന്നിവ ചെറുതായി അരിഞ്ഞു ചേര്‍ക്കണം. ഇതിലേക്ക് അല്‍പം കഴിയുമ്പോള്‍ തക്കാളിയും മസാലപ്പൊടികളും ചേര്‍ക്കുക. ഇത് നല്ലപോലെ ഇളക്കി വേവിക്കണം.

തക്കാളി നല്ലപോലെ ഉടഞ്ഞു കഴിയുമ്പോള്‍ ഇതിലേക്ക് രണ്ടു കപ്പു വെള്ളവും ചേര്‍ക്കുക. ഇത് നല്ലപോലെ ഇളക്കിയ ശേഷം അല്‍പനേരം കൂടി വേവിയക്കുക. ഇതിലേയ്ക്ക് അരച്ചു വച്ചിരിക്കുന്ന മസാലക്കൂട്ട് ചേർത്ത് ഇളക്കണം. അല്‍പം കഴിഞ്ഞ് വാങ്ങി വയ്ക്കാം. ചോറിനൊപ്പം കഴിയ്ക്കാന്‍ പറ്റിയ കറിയാണിത്.

നല്ലപോലെ പഴുത്ത തക്കാളിയാണ് ഇതിന് ഉപയോഗിക്കേണ്ടത്. എരിവു കൂടുതല്‍ വേണമെന്നുള്ളവര്‍ക്ക് പച്ചമുളകോ മുളകുപൊടിയോ കൂടുതല്‍ ചേര്‍ക്കാം.