നടുറോഡിലെ തർക്കം, ബസിൽ കയറിയില്ല, വാര്‍ത്തകള്‍ തെറ്റെന്ന് സച്ചിന്‍ ദേവ് എംല്‍എ

വളരെ മോശമായി പെരുമാറിയ ഒരാളോട് തിരിച്ചുണ്ടാവുന്ന സ്വാഭാവിക പ്രതികരണമാണ് അന്ന് ഉണ്ടായത്

തലസ്ഥാനത്ത് കെഎസ്ആര്‍ടിസി ഡ്രൈവര്‍ യദുവുമായി ഉണ്ടായ പ്രശ്‌നത്തെ തുടര്‍ന്ന് താന്‍ ബസില്‍ കയറി യാത്രക്കാരോട് മോശമായി പെരുമാറി എന്നരീതിയില്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ തെറ്റെന്ന് സച്ചിന്‍ ദേവ് എംല്‍എ. വളരെ മോശമായി പെരുമാറിയ ഒരാളോട് തിരിച്ചുണ്ടാവുന്ന സ്വാഭാവിക പ്രതികരണമാണ് അന്ന് ഉണ്ടായത്. അതിന്റെ പേരില്‍ വലിയ രീതിയിലുള്ള സൈബര്‍ ആക്രമണങ്ങളും താനും ആര്യയും ഇപ്പോള്‍ നേരിടുന്നുണ്ട്.

പ്രതികരിക്കുന്നവരെ സമൂഹ മാധ്യമങ്ങളിലൂടെ അപകീര്‍ത്തിപ്പെടുത്തുന്നത് തെറ്റായ പ്രവണതയാണ് ഇതിനെതിരെ നിയമനടപടികളുമായി മുന്നോട്ട് പോകുമെന്നും സച്ചിന്‍ദേവ് പറഞ്ഞു. അന്ന് സംഭവിച്ച കാര്യങ്ങളെക്കുറിച്ചും നേരിടുന്ന സൈബര്‍ ആക്രമണങ്ങളെ കുറിച്ചും സച്ചിന്‍ദേവ് മാതൃഭൂമി ഡോട്ട് കോമുമായി സംസാരിക്കുന്നു.

പ്ലാമൂട് നിന്നും വീട്ടിലേക്കുളള യാത്രയിലാണ് ആ സംഭവം ഉണ്ടാവുന്നത്. ഞാനും ആര്യയും ഉള്‍പ്പടെ അഞ്ച് പേരാണ് കാറില്‍ ഉണ്ടായിരുന്നത്. പ്ലാമൂട് ജംഗഷനില്‍ വെച്ച് കാറിന്റെ പിറക് ഭാഗത്ത് ഇടത് വശത്തായി അതിവേഗതയില്‍ വന്ന ബസ്‌ ഇടിക്കാന്‍ വരികയാണ്. പെട്ടന്ന് കെഎസ്ആര്‍ടിസി ബസ്‌ ബ്രേക്ക് ഇടുന്നു. ഞങ്ങള്‍ സഞ്ചരിച്ച കാറിനോട് അത്രയും അടുത്ത് ബസ്‌ വന്നതോട് കൂടിയാണ് ആര്യയും ആര്യയുടെ സഹോദരന്റെ ഭാര്യയും കൂടി പിറകോട്ട് നോക്കുന്നത്. ആ സമയത്താണ് ഡ്രൈവര്‍ മോശമായ രീതിയില്‍ ലൈംഗിക ചേഷ്ട കാണിക്കുന്നത്. ഉടനെ തന്നെ ആ ബസ്സ് അതിവേഗതയില്‍ പാസ് ചെയ്ത് പോയി.

പക്ഷെ ആ സംഭവം വാഹനത്തില്‍ ഉണ്ടായിരുന്ന ആര്യയ്ക്കും സഹോദരന്റെ ഭാര്യയ്ക്കും മാനസിക പ്രയാസം ഉണ്ടാക്കി. ആ സമയത്ത് തന്നെ ഈ ബസ്സിന്റെ നമ്പര്‍ നോട്ട് ചെയ്യുകയും ചെയ്തിട്ടുണ്ട്. അതിനെ നിയമത്തിന്റെ വഴിക്ക് നേരിടാനാണ് ഞങ്ങള്‍ തീരുമാനിച്ചത്. അതല്ലാതെ ഞങ്ങളുടെ കാറ് ഉപയോഗിച്ച് ആ ബസ്‌ ചേസ് ചെയ്യാനൊന്നും ഞങ്ങള്‍ ശ്രമിച്ചിട്ടില്ല. പിന്നീട് യാത്ര തുടരുമ്പോഴാണ് യൂണിവേഴ്‌സിറ്റിക്ക് സമീപം ഉള്ള സിഗ്‌നലില്‍ ആ ബസ്‌ നിര്‍ത്തിയതും ആ സമയത്ത് ഞങ്ങളുടെ വണ്ടി സൈഡിലൂടെ മുന്നിലേക്ക് എടുത്തതും.

ആ വഴി ഞങ്ങള്‍ക്ക് വീട്ടിലേക്ക് പോകാം എന്നുള്ളത് കൊണ്ടാണ് വണ്ടി മുന്നോട്ട് എടുത്തത്. ആ സമയത്താണ് ബസ്‌ ഡ്രൈവറുമായി തര്‍ക്കം ഉണ്ടാവുന്നത്. വീണ്ടും സിഗ്‌നലില്‍ വെച്ച് ആ ബസ് കണ്ടപ്പോള്‍ മനുഷ്യസഹജമായ ഒരു പ്രതികരണം ഉണ്ടായി എന്നത് യാഥാര്‍ഥ്യമാണ്. ആ ഡ്രൈവറുടെ രാഷ്ട്രീയം നോക്കിയോ ആ വ്യക്തിയോട് എന്തെങ്കിലും മുന്‍ വൈരാഗ്യം വെച്ചോ ഒന്നുമല്ല ആ സംഭവത്തിന്റെ അടിസ്ഥാനത്തില്‍ ആയിരുന്നു പ്രതികരണം. ആര്യയുടെ സഹോദരന്റെ ഭാര്യയും വളരെ ശക്തമായി പ്രതികരിച്ചിട്ടുണ്ട്. അവര്‍ക്ക് പ്രത്യേകിച്ച് എന്തെങ്കിലും രാഷ്ട്രീയം ഉണ്ടായിട്ടല്ല അവരുടെ പ്രതികരണം.

എന്ത് ആക്ഷനാണ് കാണിച്ചത് എന്നാണ് ആദ്യം തന്നെ ആര്യ ഡ്രൈവറോട് ചോദിച്ചത് അതാണ് പരസ്പരം വാക്കുതര്‍ക്കം ഉണ്ടാവുന്നതിലേക്ക് എത്തുന്നത്. ആ ഡ്രൈവര്‍ പെരുമാറിയ രീതി ശരിയല്ലായിരുന്നു.ഞങ്ങളോട് എന്നല്ല ഒരാളോടും മോശമായി പെരുമാറാന്‍ പാടില്ല. തുടര്‍ന്ന് ആവര്‍ത്തിക്കപ്പെടാന്‍ പാടില്ലാത്ത തെറ്റായ ഒരു കാര്യമാണ് ഡ്രൈവറുടെ ഭാഗത്ത് നിന്നും ഉണ്ടായത് എന്ന് എനിക്ക് നല്ല ബോധ്യം ഉണ്ട്. ആത്മാഭിമാനം പണയപ്പെടുത്തിക്കൊണ്ട് അധികാരത്തിന്റെ പ്രത്യേകമായ ഇമേജ് സംരക്ഷിക്കുന്ന രാഷ്ട്രീയ പ്രവര്‍ത്തന ശൈലി അല്ല എന്റേതെന്നും അദ്ദേഹം പറഞ്ഞു.