വികസനനേട്ടങ്ങള്‍ എണ്ണിപ്പറഞ്ഞ് ഭരണത്തുടര്‍ച്ചയ്ക്കായി സര്‍വ്വസന്നാഹങ്ങളും ഒരുക്കി കാത്തിരിക്കുന്ന മുഖ്യമന്ത്രി ജഗന്‍ മോഹന്‍ റെഡ്ഡി. അഞ്ചുവര്‍ഷക്കാലം മുഖമന്ത്രി കസേരയില്‍ ഇരുന്ന ജഗനെ താഴെയിറക്കാന്‍ സഹോദരി ശര്‍മ്മിളയ്ക്കും അമ്മ വിജയമ്മയ്ക്കും അവര്‍ നേതൃത്വം നല്‍കുന്ന കോണ്‍ഗ്രസിനും സാധിക്കുമോ. അതോ ബിജെപിയെ കൂട്ടുപടിച്ച മുന്‍ മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിന് ഒരു വട്ടംക്കൂടി ആന്ധ്രാ ജനത അവസരം നല്‍കുമോ. അങ്ങനെ ചോദ്യങ്ങളും കണക്ക്ക്കൂട്ടലുമായി നിയമസഭ തെരഞ്ഞെടുപ്പിനെ നേരിടാന്‍ സകല അടവുകളും പയറ്റുന്ന ഒരു കൂട്ടം സ്ഥാനാര്‍ത്ഥികളുടെ രാഷ്ട്രീയ കളമാണ് ഇന്ന് ആന്ധ്രപ്രദേശ്.
2019 ല്‍ 49.5 ശതമാനം വോട്ടു ഷെയറുമായി 175 അംഗ ആന്ധ്രപ്രദേശ് നിയമസഭയില്‍ 151 സീറ്റ് നേടി ജഗന്‍ മോഹന്‍ റെഡ്ഡിയുടെ വൈ.എസ്.ആര്‍ കോണ്‍ഗ്രസ് അജയ്യ ഭൂരിപക്ഷത്തോടെയാണ് അധികാരത്തില്‍ വന്നത്. ആന്ധ്ര വിഭജനത്തിനുശേഷം 2014 മുതല്‍ 2019 വരെ അഞ്ചു വര്‍ഷക്കാലം മുഖ്യന്ത്രിയായിരുന്ന ടി.ഡി.പി. നേതാവ് ചന്ദ്രബാബു നായിഡുവിനെ ജനം അധികാര കസേരയില്‍ നിന്നും വലിച്ചു താഴെയിട്ട കാഴ്ചയാണ് 2019ല്‍ ആന്ധ്ര സാക്ഷ്യം വഹിച്ചത്. അമരാവതിയിലെ പുതിയ തലസ്ഥാന രൂപീകരണവുമായി ബന്ധപ്പെട്ട അഴിമതിയുള്‍പ്പടെ ചന്ദ്രബാബു നായിഡുവിന് വിനയായി മാറി.
ജഗന്‍ മോഹന്‍ റെഡ്ഡിയുടെ പിതാവ് വൈ.എസ്. രാജശേഖര റെഡ്ഡിയോട് ആന്ധ്രാ ജനതയ്ക്കുള്ള സ്‌നേഹബന്ധവും കടപ്പാടുമാണ് 2019 ല്‍ നിയമസഭയില്‍ വോട്ടുകളായി മാറിയത്. ആന്ധ്രാ വിഭജനത്തിനു മുന്‍പ് വൈ.എസ്.രാജശേഖര റെഡ്ഡി നടത്തിയ പദയാത്രകള്‍ ആന്ധ്രാ ജനതയുടെ ഹദൃയത്തിലേക്കായിരുന്നു. ആ യാത്രകൊണ്ട് വലിയൊരു പേരും മൈലേജുമാണ് കോണ്‍ഗ്രസിന് വൈ.എസ്.ആര്‍ നല്‍കിയത്. പിതാവിന്റെ മരണശേഷം കോണ്‍ഗ്രസുമായി തെറ്റിപ്പിരിഞ്ഞു വൈ.എസ്.ആര്‍ കോണ്‍ഗ്രസ് രൂപീകരിച്ച ജഗന്‍ തുടക്കം മുതല്‍ തന്റെ അച്ഛന്‍ വെട്ടിതെളിയിച്ച പാതയും ശൈലിയും തന്നെയാണ് സ്വീകരിച്ചത്. യുവജനങ്ങള്‍ക്കൊപ്പവും കര്‍ഷകരുടെക്കൂടെയും തൊഴിലാളള്‍ക്കിടയിലും പ്രവര്‍ത്തിച്ചു.
2014ല്‍ വൈ.എസ്.ആര്‍ കോണ്‍ഗ്രസിന് മന്ത്രിസഭാ രൂപീകരിക്കാനായില്ലെങ്കിലും 67 സീറ്റുകള്‍ നേടി കന്നി വരവറിയിച്ചു. മികച്ച പ്രതിപക്ഷമായി നിലകൊണ്ട് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിന്റെതടക്കം മന്ത്രിസഭയിലെ അഴിമതിക്കഥകളും ഭരണത്തിലെ കെടുകാര്യസ്ഥതയും ചൂണ്ടിക്കാട്ടി നിരന്തരം പോരാടി. 2019ല്‍ പിതാവിനെ പോലെ ആന്ധ്രയില്‍ പദയാത്ര നടത്തി നിയമസഭ തെരഞ്ഞെടുപ്പില്‍ വമ്പന്‍ ഭൂരിരപക്ഷത്തില്‍ അധികാരത്തലേറി. കോണ്‍ഗ്രസിനെ മൊത്തത്തില്‍ വിഴുങ്ങിയ വൈ.എസ്.ആര്‍ കോണ്‍ഗ്രസ് സഖ്യ പാര്‍ട്ടികളില്ലാതെ 175 സീറ്റിലും മത്സരിക്കുന്നു.
ഇത്തവണ കാര്യങ്ങള്‍ മാറിമറിയുന്ന കാഴ്ചയാണ് ആന്ധ്രാ രാഷ്ട്രീയത്തില്‍ ദൃശ്യമാകുന്നത്. അതിശക്തനായി അധകാരത്തില്‍ കയറിയ ജഗന്‍ മോഹന്‍ റെഡ്ഡിക്ക് വെല്ലുവിളി ഉയര്‍ത്തി മുന്നില്‍ നില്‍ക്കുന്നത് സ്വന്തം സഹോദരി വൈ.എസ്. ശര്‍മ്മിളയാണ്, അതും കോണ്‍ഗ്രസ് ടിക്കറ്റില്‍ പിസിസി പ്രസിഡന്റിന്റെ റോള്‍ നിര്‍വഹിച്ചുകൊണ്ട്. തങ്ങളെ വിട്ടെറിഞ്ഞു പോയ ജഗന്‍ മോഹനെ ഒതുക്കാന്‍ കോണ്‍ഗ്രസ് ഉപയോഗിച്ച അസ്ത്രം സ്വന്തം സഹോദരിയാണ്. കുടുംബ സ്വത്ത് തര്‍ക്കം ഉള്‍പ്പടെയുള്ള കാര്യങ്ങളിലാണ് ശര്‍മ്മിളയെയും അമ്മ വൈ.എസ്. വിജയമ്മയെയും ജഗനുമായി ഉടക്കി പിരിയാന്‍ കാരണം. കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ ഇന്ത്യമുന്നിയില്‍ കോണ്‍ഗ്രസ് 159 സീറ്റിലും ഇടതുപാര്‍ട്ടികളായ സി.പി.എമ്മും സി.പി.ഐയും എട്ടു വീതം സീറ്റുകളിലുമാണ് ഇത്തവണ മത്സരിക്കുന്നത്.
ഇവര്‍ക്കൊപ്പം മുഖ്യശത്രു ചന്ദ്രബാബു നായിഡുവിന്റെ ടിഡിപിയും, നായിഡുവിനൊപ്പം ചേര്‍ന്ന് ബിജെപിയും തെലുങ്ക് സ്റ്റാര്‍ പവന്‍ കല്യാണിന്റെ ജനസേന പാര്‍ട്ടിയും ജഗന്റെ വൈ.എസ്.ആര്‍ കോണ്‍ഗ്രസിന് എതിരായി മത്സരിക്കുന്നു. തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചശേഷം ആന്ധ്രയിലാണ് പ്രധാനമന്ത്രി നരേന്ദ്രമോദി ആദ്യ സമ്മേളനം നടത്തിയത്. ആന്ധ്ര പ്രദേശിലെ പാല്‍നാഡു ജില്ലയില്‍ ബോപ്പുഡി ഗ്രാമത്തില്‍ നടന്ന യോഗത്തില്‍ 2014ല്‍ ബിജെപിയുമായി പിണങ്ങിയശേഷം ചന്ദ്രബാബു നായിഡുവും പവന്‍ കല്യാണും മോദിക്കൊപ്പം വേദി പങ്കിടുന്നത് ആദ്യമായാണ്. ആന്ധ്രയില്‍ ബിജെപി 10 നിയമസഭാ സീറ്റിലും, ടി.ഡി.പി. 144 നിയമസഭാ സീറ്റിലും, പവന്‍ കല്യാണിന്റെ ജനസേന പാര്‍ട്ടിക്ക് 21 നിയമസഭാ സീറ്റുമാണ് മത്സരിക്കുന്നത്.
ഇതോടൊപ്പം ലോക്‌സഭാ സീറ്റിലും പോരാട്ടം നക്കുന്ന ആന്ധ്രയുടെ മണ്ണില്‍ 25 സീറ്റുകളിലും വൈ.എസ്.ആര്‍. കോണ്‍ഗ്രസ് മത്സരിക്കുമ്പോള്‍ ടി.ഡി.പി 17 മണ്ഡലങ്ങളിലും, ബി.ജെ.പി ആറിലും ജനസേന പാര്‍ട്ടി രണ്ടു സീറ്റിലും മത്സരിക്കുന്നു. ഇന്ത്യാ മുന്നണയില്‍ കോണ്‍ഗ്രസ് 23 സീറ്റിലും ഇടതുപാര്‍ട്ടികള്‍ ഒരോ സീറ്റിലും മത്സരിക്കന്നു.
2024 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിനൊപ്പം നാല് സംസ്ഥാനങ്ങളിലെ നിയമസഭ തെരഞ്ഞെടുപ്പും നടക്കുന്നുണ്ട്. ഏപ്രില്‍ 19 ന് ഒന്നാം ഘട്ടത്തോടൊപ്പം അരുണാചല്‍ പ്രദേശ്, സിക്കിം സംസ്ഥാനങ്ങളുടെ പോളിങാണ് ആദ്യം കഴിഞ്ഞത്. ഇനി നടക്കാന്‍ പോകുന്നത് മേയ് 13ന് ആന്ധ്രാപ്രദേശിലും 13 ാം തീയതിയടക്കം നാലു ഘട്ടങ്ങളായുള്ള ഒഡീഷ തെരഞ്ഞെടുപ്പുമാണ്. ഇതില്‍ ആന്ധ്രയുടെയും ഒഡിഷയുടെയും നിയമസഭ തെരഞ്ഞടുപ്പുകള്‍ സവിശേഷകള്‍ നിറഞ്ഞതാണ്.