രസകരമായ സിനിമാ ടീസറുകൾ പോലെയാണ് നെൽസൺ സിനിമകളുടെ പ്രഖ്യാപനങ്ങൾ. ഡോക്ടർ, ബീസ്റ്റ് തുടങ്ങിയ സിനിമകളിൽ ഇതു കണ്ടതുമാണ്. ഇപ്പോഴിതാ മറ്റൊരു സിനിമാ അനൗൺസ്മെന്റുമായി എത്തുകയാണ് നെൽസണും കൂട്ടരും. ഇത്തവണ സംവിധായകനായല്ല നിർമാതാവായാണ് നെൽസൺ എത്തുന്നത്.

നെൽസന്റെ അടുത്ത സുഹൃത്തും നടനുമായ റെഡ്ഡിൻ കിങ്സ്‌ലി, കവിൻ, ശിവബാലൻ എന്നിവർക്കൊപ്പമായിരുന്നു നെൽസന്റെ പുതിയ സിനിമയുടെ പ്രഖ്യാപനം. ബ്ലഡി ബെഗ്ഗര്‍ എന്നാണ് ചിത്രത്തിന്‍റെ പേര്. യുവതാരം കവിൻ ആണ് സിനിമയിലെ നായകൻ. അക്ഷയ ഹരിഹരനും അനാർക്കലിയുമാണ് ചിത്രത്തിൽ നായികമാരായി എത്തുന്നത്. ജെൻ മാർട്ടിൻ ആയിരിക്കും ചിത്രത്തിന്റെ സംഗീതസംവിധാനം.
സംവിധായകൻ ലോകേഷ് കനകരാജും കുറച്ച് മാസങ്ങൾക്ക് മുമ്പ് സ്വന്തം പ്രൊഡക്‌ഷൻ ഹൗസുമായി എത്തിയിരുന്നു. ‘ഫൈറ്റ് ക്ലബ്’ എന്ന ചിത്രമായിരുന്നു ലോകേഷിന്റെ ആദ്യ നിർമാണ സംരംഭം.
















